'ഇനി സ്വര്‍ഗത്തില്‍ കാണാം': ലോകം കാണാന്‍ അനുവദിക്കാത്ത ആ പിഞ്ചുമക്കളെ ഖബറടക്കി
മഞ്ചേരി: കൊവിഡിന്റെ പേരില്‍ ആരോഗ്യമേഖല കയ്യൊഴിഞ്ഞപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ട രണ്ട് പിഞ്ചോമനകളുടെ മൃതദേഹങ്ങള്‍ ഖബറടക്കി. സുപ്രഭാതം മഞ്ചേരി ലേഖകന്‍ എന്‍.സി ഷരീഫ്- ഷഹ്‌ല ദമ്പതികളുടെ മക്കളാണ് ചികിത്സ വൈകിയതിനെ തുടര്‍ന്ന് മരണപ്പെട്ടത്.
തവനൂര്‍ വലിയ ജുമുഅത്ത് പള്ളി ഖബര്‍സ്ഥാനിലാണ് പിഞ്ചുമക്കള്‍ക്കായി ഖബറൊരുക്കിയത്. കൊവിഡ് ടെസ്റ്റ് നെഗറ്റീവാണെന്ന് രാവിലെ ഫലം വന്നിരുന്നു. ഇതേത്തുടര്‍ന്ന് 11.45 ഓടെയാണ് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്. തുടര്‍ന്ന് ആംബുലന്‍സില്‍ നാട്ടിലെത്തിച്ച് ഖബറടക്കുകയായിരുന്നു.
കൊവിഡിന്റെ പേരില്‍ മെഡിക്കല്‍ കോളജുകളുടേയും സ്വകാര്യ ആശുപത്രികളുടേയും അവഗണനയാണ് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കളുടെ ജീവനുകള്‍ നഷ്ടമാക്കിയത്. സുപ്രഭാതം മഞ്ചേരി ലേഖകന്‍ കിഴിശ്ശേരി എന്‍.സി ഷരീഫ്- സഹല ദമ്പതികളുടേതാണ് മനുഷ്യമനഃസാക്ഷിയെ ഞെട്ടിക്കുന്ന ഈ അനുഭവം. 36 മണിക്കൂറോളമാണ് കടുത്ത വേദനയും പേറി ഈ ദമ്പതികള്‍ ആശുപത്രി വരാന്തകള്‍ കയറിയിറങ്ങിയത്.
Read More>>> 'എനിക്ക് പേടിയാണ് അവിടേക്ക് പോവണ്ട'- മഞ്ചേരി മെഡിക്കല്‍ കോളജ് പേടിസ്വപ്‌നമാവുകയോ?
നേരത്തെ കൊവിഡ് പോസിറ്റിവ് ആയ സഹലയ്ക്ക് ഈ മാസം 15ന് നെഗറ്റിവ് ആയിരുന്നു. കൊവിഡ് രോഗികള്‍ക്കേ ചികിത്സയുള്ളൂവെന്ന് മെഡിക്കല്‍ കോളജും നേരത്തെ കൊവിഡ് ഉണ്ടായതിനാല്‍ പറ്റില്ലെന്ന് സ്വകാര്യ ആശുപത്രികളും നിലപാടെടുക്കുകയായിരുന്നു.
പ്രസവവേദന വന്നതോടെ ശനിയാഴ്ച്ച പുലര്‍ച്ചെ 4.30ന് ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് യുവതി പോയത്. എന്നാല്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മടക്കിയതിനാല്‍ വിവിധ സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓട്ടമായി പിന്നീട്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അധികൃതരോടും സ്വകാര്യ ആശുപത്രികളോടും കരഞ്ഞ് അഭ്യര്‍ഥിച്ചെങ്കിലും അനുകൂലപ്രതികരണം ഉണ്ടായില്ലെന്ന് ഷരീഫ് പറഞ്ഞു.
ഒടുവില്‍ മലപ്പുറം ഡി.എം.ഒ ഡോ. സക്കീന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ബന്ധപ്പെട്ടതിനെ തുടര്‍ന്നാണ് വൈകിയെങ്കിലും ഗര്‍ഭിണിയെ ചികില്‍സിക്കാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് തയാറായത്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവരെ ബന്ധപ്പെട്ട് ആരോഗ്യമന്ത്രി ചികിത്സ ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കുകയുംചെയ്തു. ഇതുപ്രകാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റാക്കി ഇന്നലെ വൈകീട്ടോടെ ശസ്ത്രക്രിയവഴി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."