പ്രളയ ദുരിതത്തില്‍ നിന്നും കരകയറാനാകാതെ തട്ടേക്കാട് പക്ഷിസങ്കേതം
കോതമംഗലം: പ്രളയ ദുരിതത്തില്‍ നിന്നും കരകയറാനാകാതെ ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതം. മഹാപ്രളയം തട്ടേക്കാട് പക്ഷിസങ്കേതത്തിനുണ്ടാക്കിയ നാശനഷ്ടങ്ങള്‍ കണക്കുകള്‍ക്ക് അതീതമെന്ന് പ്രമുഖ പക്ഷി ശാസ്ത്രജ്ഞന്‍ ഡോ. ആര്‍ സുഗതന്‍. മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാം വെള്ളത്തില്‍ മുങ്ങുകയായിരുന്നു. പെരിയാര്‍ കരകവിഞ്ഞൊഴുകുന്ന ഇത്ര ഭീതിജനകമായ അവസ്ഥ ഇതിന് മുമ്പ് കണ്ടിട്ടിട്ടില്ല. രാത്രി തന്നെ പെരുമ്പാമ്പ് രാജവെമ്പാല, മുള്ളന്‍ പന്നി, ആമകള്‍, മയില്‍ തുടങ്ങിയവയെ കൂട്ടില്‍ നിന്നും തുറന്നുവിട്ടു. ചിലതിനെല്ലാം ജീവന്‍ നഷ്ടപ്പെട്ടു. കേരള ജനത പ്രളയത്തെ അതിജീവിക്കാന്‍ നടത്തിവരുന്ന നീക്കത്തിനൊപ്പം തന്നെ പക്ഷി സങ്കേതത്തെ പൂര്‍വസ്ഥിതിയിലാക്കാന്‍ തങ്ങളും കടുത്ത പ്രയത്‌നത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
ബേര്‍ഡ് മോണിറ്ററിങ് സെല്ലിന്റെ ഓഫിസ് വെള്ളത്തില്‍ മുങ്ങിയതിനെത്തുടര്‍ന്ന് 1992 മുതലുള്ള പരിക്ഷണ ഗവേഷണ ഫലങ്ങളും ഇതിനായി ശേഖരിച്ചിരുന്ന സാമ്പിളുകളും നശിച്ചു. കംപ്യൂട്ടറുകളും മൈക്രോ സ്‌കോപ്പും എന്നുവേണ്ട ഉപയോഗത്തിലിരുന്ന മിഷീനുകളും കാമറ ലെന്‍സുകളും എല്ലാം വെള്ളം കയറി നശിച്ചു. നഷ്ടപ്പെട്ട രേഖകളുടെ മൂല്യം നിശ്ചയിക്കുക അസാധ്യമാണ്. വര്‍ഷങ്ങളോളം നീണ്ട വനയാത്രകളും കാത്തിരിപ്പുമെല്ലാം ഇതിനാവശ്യമായി വന്നു. ഇനി ഇവ വീണ്ടെടുക്കുക പ്രയാസകരമാണെന്നും സുഗതന്‍ പറഞ്ഞു.
തട്ടേക്കാട് പക്ഷിസങ്കേതം അടുത്തകാലത്ത് വിദേശിയരടക്കമുള്ള വിനോദസഞ്ചാരികളുടെയും പക്ഷി നിരീക്ഷകരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിരുന്നു. 1983ലാണ് കോതമംഗലത്തുനിന്നും 12 കിലോമീറ്ററുകളോളം അകലെ പെരിയാറിനക്കരെ പക്ഷിസങ്കതം രൂപപ്പെടുത്തിയത്. ഇന്ത്യന്‍ പക്ഷി ശാസ്ത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡോ. സലീം അലിയുടെ ശുപാര്‍ശ പ്രകാരമാണ് സംസ്ഥാന ഗവണ്‍മെന്റ് ഇവിടം പക്ഷി സങ്കേതമായി പ്രഖ്യപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."