പ്രളയം: കെ.എസ്.ഇ.ബിക്ക് അഞ്ചു കോടിയുടെ നഷ്ടം
കൊച്ചി: പ്രളയം ഇരുട്ടിലാക്കിയ മുഴുവന്‍ വീടുകളിലും കാലതാമസമില്ലാതെ വൈദ്യുതി ബോര്‍ഡ് വെളിച്ചം എത്തിച്ചെങ്കിലും പ്രാഥമിക കണക്കില്‍ കെ.എസ്.ഇ.ബിക്ക് നഷ്ടമായത് അഞ്ചുകോടിയോളം രൂപ.
ജില്ലയില്‍ വൈദ്യുത ബോര്‍ഡിന്റെ രണ്ട് സര്‍ക്കിളുകളായ പെരുമ്പാവൂര്‍, എറണാകുളം സര്‍ക്കിളുകളിലാണ് നഷ്ടം വിലയിരുത്തിയിരിക്കുന്നത്. പെരുമ്പാവൂര്‍ സര്‍ക്കിളിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം കണക്കാക്കുന്നത്. മൂന്നരക്കോടി രൂപയോളമാണ് പെരുമ്പാവൂരില്‍ മാത്രം വൈദ്യുുതി ബോര്‍ഡിന് നഷ്ടം സംഭവിച്ചിരിക്കുന്നത്. കെ.എസ്.ഇ.ബി എറണാകുളം, പെരുമ്പാവൂര്‍ സര്‍ക്കിളിനു പരിധിയിലായി 1219 വൈദ്യുത പോസ്റ്റുകളാണ് തകരാറിലായത്. ഇതില്‍ 821 എണ്ണം പെരുമ്പാവൂരില്‍ ആണ്. വൈദ്യുത പോസ്റ്റുകള്‍ ഇനത്തില്‍ 44.6 ലക്ഷം രൂപയോളം ജില്ലയില്‍ നഷ്ടമുണ്ടായിട്ടുണ്ട്.
69 ഡിസ്ട്രിബ്യൂഷന്‍ ട്രാന്‍സ്‌ഫോമറുകള്‍ ആണ് വെള്ളപ്പൊക്കത്തെ തുടര്‍ന്ന് തകരാറിലായത്. വൈദ്യുത മീറ്റര്‍ ഇനത്തിലാണ് ഏറ്റവും കൂടുതല്‍ നഷ്ടം വിലയിരുത്തുന്നത്. രണ്ട് സര്‍ക്കിളുകളിലും ആയി ഒന്നര കോടിക്ക് മുകളിലാണ് നഷ്ടം. കൂടാതെ 146.139 കിലോമീറ്റര്‍ വൈദ്യുത ലൈനുകള്‍, സിംഗിള്‍ ഫേസ് മീറ്റര്‍, ത്രീ ഫേസ് മീറ്റര്‍, സി.ടി മീറ്റര്‍, സി.ടി.ആര്‍ മീറ്റര്‍, ബോര്‍ഡര്‍ മീറ്റര്‍ ഉള്‍പ്പെടെ നിരവധി കമ്പ്യൂട്ടറുകള്‍ക്കും ഫര്‍ണിച്ചറുകളകള്‍ക്കും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നഷ്ടം സംഭവിച്ചിട്ടുണ്ട്.
വരാപ്പുഴ, ആലങ്ങാട്, നോര്‍ത്ത് പറവൂര്‍, തൃപ്പൂണിത്തുറ, ചെറായി, കാലടി, മലയാറ്റൂര്‍, കാഞ്ഞൂര്‍, പാറക്കടവ്, അങ്കമാലി, ചൊവ്വര, ആലുവ, കുന്നുകര, എടയാര്‍, ഏലൂര്‍, ചെങ്ങമനാട്, കളമശ്ശേരി, കടുങ്ങല്ലൂര്‍, മുവാറ്റുപുഴ, പിറവം, പാമ്പാക്കുട എന്നിവിടങ്ങളിലാണ് ജില്ലയില്‍ വൈദ്യുതി ബോര്‍ഡിനെ ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചിരിക്കുന്നത്.
പ്രളയം കൂടുതല്‍ രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷയെ മുന്‍നിര്‍ത്തി വെള്ളക്കെടുണ്ടായ പല ഭാഗങ്ങളിലെയും വൈദ്യുതബന്ധം ദിവസങ്ങളോളം വിച്ഛേദിച്ചിരുന്നു. കൂടാതെ ചില ഭാഗങ്ങളില്‍ മരങ്ങള്‍ മറിഞ്ഞു വീഴാനുള്ള സാഹചര്യം കണക്കിലെടുത്ത് ട്രാന്‍സ്‌ഫോമറുകളും നിര്‍ത്തിവെച്ചു. ചില ഭാഗങ്ങളില്‍ ട്രാന്‍സ്‌ഫോമറുകള്‍ തകരാറിലാവുകയും ചെയ്തു.
പ്രളയം അടങ്ങിയ ആദ്യ ദിവസങ്ങളില്‍ തന്നെ കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം തടസപ്പെട്ട ഏകദേശം നാലു ലക്ഷം ഉപഭോക്താക്കളിലും പ്രകാശം എത്തിച്ചു.
പ്രളയജലം മൂലം പ്രവര്‍ത്തനം നിലച്ച 110 കെ.വി. സബ് സ്റ്റേഷനുകളായ കുറുമശ്ശേരി, റയോണ്‍പുരം, മലയാറ്റൂര്‍ എന്നിവിടങ്ങളിലും 33 കെ.വി. സബ് സ്റ്റേഷനുകളായ ആലങ്ങാട്, വടക്കേക്കര, കാലടി, കുറുപ്പംപടി, കൂവപ്പടി എന്നിവിടങ്ങളിലും വൈദ്യുതി പുനസ്ഥാപിച്ചു. തുടര്‍ ദിവസങ്ങളിലായി ദുരിതാശ്വാസ ക്യാംപുകളില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ വീടുകളിലും വൈദ്യുതി ബന്ധം പുനസ്ഥാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."