അക്ഷരശ്രീ സര്‍വേ ഫലം: തിരുവനന്തപുരം നഗരസഭയിലെ നിരക്ഷരരുടെ എണ്ണം 11,764
തിരുവനന്തപുരം: അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തി സാക്ഷരരാക്കുക, തുടര്‍വിദ്യാഭ്യാസം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ സംസ്ഥാന സാക്ഷരതാമിഷന്‍ നഗരസഭയുമായി സഹകരിച്ച് നടപ്പിലാക്കുന്ന 'അക്ഷരശ്രീ'പദ്ധതിയുടെ ഭാഗമായി നടത്തിയ സര്‍വേ ഫലം പുറത്തുവന്നപ്പോള്‍ നഗരത്തിലെ നിരക്ഷരരുടെ എണ്ണം 11,764. ഭൂരിഭാഗവും സ്ത്രീകളാണ്. 7256 പേര്‍. 1175 പേര്‍ പട്ടികജാതി വിഭാഗത്തിലുള്ളവരാണ്. 147 പേര്‍ പട്ടികവര്‍ഗവിഭാഗവും. ബീമാപ്പള്ളി വാര്‍ഡിലാണ് ഏറ്റവും കൂടുതല്‍ നിരക്ഷരരെ കണ്ടെത്തിയത്. 755 പേര്‍. ഇതില്‍ 426 പേര്‍ സ്ത്രീകളും 339 പേര്‍ പുരുഷന്‍മാരുമാണ്.
തീരദേശ വാര്‍ഡുകളിലാണ് നിരക്ഷരത ഏറ്റവും കൂടുതലെന്ന് സര്‍വേ വ്യക്തമാക്കുന്നു. തീരദേശ വാര്‍ഡുകളായ കോട്ടപ്പുറം- 696, മാണിക്യവിളാകം- 666, ഹാര്‍ബര്‍- 517, വലിയതുറ - 488, വെള്ളാര്‍- 440, പൂന്തുറ- 315, വെട്ടുകാട്- 303 എന്നിങ്ങനെയാണ് നിരക്ഷരരുടെ എണ്ണം. ഏറ്റവും കുറവ് നിരക്ഷരരെ കണ്ടെത്തിയത് കുറവന്‍കോണം, നന്തന്‍കോട് വാര്‍ഡുകളിലാണ്. ഇവിടെ അഞ്ചുവീതമാണ് നിരക്ഷരരുടെ എണ്ണം.
നവസാക്ഷരര്‍ മുതല്‍ നാലാംതരം വിജയിക്കാത്ത 12,979 പേരെ സര്‍വേയില്‍ കണ്ടെത്തി. ഇതില്‍ ഒരാള്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗമാണ്. നാലാംതരം വിജയിച്ചവരും ഏഴാംതരം വിജയിക്കാത്തവരുമായ 22,999 പേരെയും ഏഴാംതരം വിജയിക്കുകയും പത്താംതരം വിജയിക്കാത്തവരുമായ 45208 പേരെയും സര്‍വേയില്‍ കണ്ടെത്തി. പത്താംതരം വിജയിക്കുകയും ഹയര്‍ സെക്കന്‍ഡറി പാസാകാത്തവരുമായി കണ്ടെത്തിയത് 39,479 പേരാണ്. പത്താംതരം വിജയിക്കാത്തവരില്‍ മൂന്നുപേര്‍ ട്രാന്‍സ്‌ജെന്‍ഡറുകളാണ്. നാലാംതരം - 1, ഹയര്‍സെക്കന്‍ഡറി- 1 എന്നിങ്ങനെയാണ് ഈ വിഭാഗത്തില്‍ നിന്നുള്ളവരുടെ എണ്ണം.
നിരക്ഷരര്‍, നാല്, ഏഴ്,പത്ത്, ഹയര്‍ സെക്കന്‍ഡറി തലങ്ങള്‍ വിജയിക്കാത്തവര്‍ എന്നിങ്ങനെ തിരിച്ചായിരുന്നു സര്‍വേ നടത്തിയത്. നാലാംതരം വിജയിക്കാത്തവരുടെ എണ്ണം കൂടുതല്‍ വലിയതുറയിലാണ്. 494 പേര്‍. ഏഴാംതരം വിജയിക്കാത്തവരും ഏറ്റവും കൂടുതലുള്ളത് വലിയതുറ വാര്‍ഡില്‍ തന്നെ- 802. വെള്ളാര്‍ വാര്‍ഡിലാണ് പത്താംതരം വിജയിക്കാത്തവര്‍ കൂടുതല്‍- 1205. ഹയര്‍ സെക്കന്‍ഡറി വിജയിക്കാത്തവര്‍ കൂടുതലുള്ളത് മുല്ലൂര്‍ വാര്‍ഡിലാണ്. ഇവിടെ 1029 പേരെ കണ്ടെത്തി.
നഗരത്തിലെ 100 വാര്‍ഡുകളിലായി മൊത്തം 2,23818 വീടുകളിലായിരുന്നു സര്‍വേ നടത്തിയത്. നഗരപരിധിയിലെ വിദ്യാലയങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍, സാക്ഷരതാമിഷന്റെ തുല്യതാ പഠിതാക്കള്‍, ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് തുടര്‍വിദ്യാഭ്യാസ പദ്ധതിയിലെ പഠിതാക്കള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെ മൊത്തം 14,318 പേര്‍ സര്‍വേ വോളന്റിയര്‍മാരായി. സര്‍വേ റിപ്പോര്‍ട്ടിന്റെ പ്രകാശനം മന്ത്രിമാരായ പ്രൊഫ. സി. രവീന്ദ്രനാഥ്, എ.സി മൊയ്തീന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."