കര്‍ഷക രോഷം
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലത്ത് മഹാരാഷ്ട്രയില്‍ നടന്ന കര്‍ഷക ആത്മഹത്യ 651, ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതല്‍ കര്‍ഷകര്‍ ആത്മഹത്യ ചെയ്തത്- 200. വര്‍ഷങ്ങളായി മഹാരാഷ്ട്രയില്‍ കര്‍ഷക ആത്മഹത്യ പതിവാണ്. 2015 മുതല്‍ 2018 വരെയുള്ള മൂന്നു വര്‍ഷക്കാലത്ത് മഹാരാഷ്ട്രയില്‍ 12,026 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ഒരു ദുരന്ത മുഖമാണ് എല്ലാ വര്‍ഷവും മഹാരാഷ്ട്രയില്‍ കാണാന്‍ കഴിയുക. അത്മഹത്യ ചെയ്യുന്ന കര്‍ഷകന്റെ മുഖം.
ഈ കൊറോണാ കാലത്ത് അത്രയധികം തകര്‍ച്ച നേരിടാത്ത മേഖലയാണ് കാര്‍ഷിക രംഗമെന്ന കാര്യവും ഓര്‍ക്കണം. ഇന്ത്യയില്‍ കോടാനുകോടി ജനങ്ങളെ ഒരു കുറവുമില്ലാതെ ഇക്കാലമത്രയും തീറ്റിപ്പോറ്റിയത് ഈ രാജ്യത്തെ കര്‍ഷകരാണെന്ന കാര്യം ഓരോ ഇന്ത്യക്കാരനും ഓര്‍ക്കേണ്ടതുതന്നെ. ബ്രിട്ടിഷ് ഭരണകാലത്തും സ്വാതന്ത്ര്യത്തിനു ശേഷവും ഇന്ത്യയില്‍ ഭക്ഷ്യക്ഷാമം പതിവായിരുന്നു. 1965, 1966 വര്‍ഷങ്ങളില്‍ രാജ്യം നേരിട്ട ഭക്ഷ്യക്ഷാമം രൂക്ഷമായിരുന്നു. തുടര്‍ച്ചയായി രണ്ടു വര്‍ഷങ്ങളിലുമുണ്ടായ വരള്‍ച്ചയായിരുന്നു കാരണം. ഭക്ഷ്യോല്‍പ്പാദനം അഞ്ചില്‍ ഒന്നായി കുറഞ്ഞപ്പോള്‍ അമേരിക്കയുടെ ഉദാരമായ സഹായമൊന്നുകൊണ്ട് മാത്രമാണ് രാജ്യം കടുത്ത പ്രതിസന്ധി തരണം ചെയ്തത്. അന്ന് ഡോളര്‍ കൊടുത്ത് ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് കഴിയുമായിരുന്നില്ല. അത്രയ്ക്ക് ദരിദ്രമായിരുന്നു ഇന്ത്യ. സര്‍ക്കാര്‍ നടപ്പിലാക്കിയ ഹരിതവിപ്ലവമാണ് ഇന്ത്യയില്‍നിന്ന് പട്ടിണിയെ ആട്ടിപ്പായിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ ധാന്യകലവറകളില്‍ ഇന്ന് കുന്നുകൂടി കിടക്കുന്നത് 800 ലക്ഷം ടണ്ണിലേറെ ഭക്ഷ്യസാധനങ്ങള്‍. ഇപ്പോള്‍ ഇന്ത്യക്ക് ഭക്ഷ്യധാന്യങ്ങള്‍ ഇറക്കുമതി ചെയ്യേണ്ടതില്ല. ഗോതമ്പും സവാളയും മറ്റും കയറ്റുമതി ചെയ്യുന്നുമുണ്ട്.
ഇന്ത്യയിലെ കര്‍ഷകരുടെ ജീവിതത്തിനു മേലെ ഇന്നു കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയിരിക്കുന്നു. ലോക്‌സഭയും രാജ്യസഭയും അധികം ചര്‍ച്ചയൊന്നും കൂടാതെ പാസാക്കിയ മൂന്നു കാര്‍ഷിക ബില്ലുകള്‍ ഇന്ത്യന്‍ കര്‍ഷകരുടെ ഉറക്കം കെടുത്തുന്നു. ആശങ്കയിലായ കര്‍ഷകര്‍ സമരവുമായി തെരുവിലിറങ്ങുന്നു. പഞ്ചാബിലും ഹരിയാനയിലും തുടങ്ങിയ കര്‍ഷക സമരം മറ്റു സംസ്ഥാനങ്ങളിലേക്കും പടരുന്നു. കാര്‍ഷിക ഭാരതം പ്രക്ഷോഭത്തിലേക്കെടുത്തു ചാടിക്കഴിഞ്ഞു. അവരുടെ മുന്നില്‍ നില്‍ക്കാന്‍ തലമൂത്ത നേതാക്കളാരുമില്ല. നേതൃത്വം കൊടുക്കാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളും മുന്നണികളുമില്ല.
ബി.ജെ.പിക്കും അവര്‍ നേതൃത്വം നല്‍കുന്ന കേന്ദ്രത്തിലെ എന്‍.ഡി.എ സര്‍ക്കാരിനുമെതിരേയാണ് കര്‍ഷക പ്രക്ഷോഭം. കാര്‍ഷിക ബില്ലുകള്‍ പാര്‍ലമെന്റില്‍ പാസാക്കുന്ന ഘട്ടത്തിലാണ് മോദി മന്ത്രിസഭയില്‍ അംഗമായിരുന്ന ഹര്‍സിമ്രത് കൗര്‍ മന്ത്രിസ്ഥാനം രാജിവച്ചത്. തുടര്‍ന്ന് അവരുടെ പാര്‍ട്ടിയായ ശിരോമണി അകാലിദള്‍ എന്‍.ഡി.എ മുന്നണി വിടുകയും ചെയ്തു.
മണ്ഡി എന്നറിയപ്പെടുന്ന സര്‍ക്കാര്‍ വിപണികളില്‍ തളച്ചിടാതെ കര്‍ഷകരെ മോചിപ്പിക്കാനുള്ള നിയമമാണിതെന്നാണ് ബി.ജെ.പി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയും പറയുന്നത്. കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ ഇനി എവിടെയും വില്‍ക്കാം. ഇഷ്ടമുള്ള വില ചോദിക്കാം. വിലപേശാം. കൂടുതല്‍ വില കിട്ടുന്നിടത്ത് വില്‍ക്കാം. മൊത്ത കച്ചവടക്കാര്‍ക്കു മാത്രമല്ല, വേണമെങ്കില്‍ ചില്ലറയായും ഉല്‍പന്നം വില്‍ക്കാം. ഒരിടത്തും ഒരു തരത്തിലുമുള്ള വില നിയന്ത്രണമോ വില്‍പന നിയന്ത്രണമോ ഉണ്ടാവില്ല.
പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ അക്ഷരാര്‍ഥത്തില്‍തന്നെ കാര്‍ഷിക സംസ്ഥാനങ്ങളാണ്. ചെറുതും വലുതുമായ കര്‍ഷകരുടെ നാടുകള്‍. പഞ്ചാബില്‍ വിസ്തൃതമായ പാടങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ധാന്യങ്ങളില്‍ ഏറിയപങ്കും ഗോതമ്പും നെല്ലുമാണ്. പഞ്ചാബില്‍ അരിയാഹാരം കഴിക്കാറില്ലെങ്കിലും അവിടുത്തെ കര്‍ഷകര്‍ക്ക് താല്‍പര്യം നെല്‍കൃഷിയാണ്. കാരണം നെല്ലിനും ഗോതമ്പിനും സര്‍ക്കാര്‍ മിനിമം സപ്പോര്‍ട്ട് പ്രൈസ് (എം.എസ്.പി) പ്രഖ്യാപിച്ചിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഇത് വലിയ ആകര്‍ഷണമാണ്.
ഇന്ത്യ കര്‍ഷകരുടെ രാജ്യമാണെങ്കിലും ഇവിടെനിന്ന് ഭക്ഷ്യസാധനങ്ങളുടെ കയറ്റുമതി വളരെ കുറവാണ്. ലോകരാജ്യങ്ങളിലെ വമ്പന്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലൊന്നും ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ കാണാന്‍പോലുമുണ്ടാവില്ല. പാലും ചീസും ബട്ടറും തുടങ്ങി പാലുല്‍പ്പന്നങ്ങളും മാംസവുമൊക്കെ ഇവിടെങ്ങളിലുണ്ടാവും. ഒക്കെയും തായ്‌ലാന്റ്, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് കൊണ്ടുവന്നവയാവും. ഇന്ത്യന്‍ കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് വിദേശ വിപണിയില്‍ വലിയ സ്ഥാനം കിട്ടുമെന്ന് സര്‍ക്കാരും പുതിയ കാര്‍ഷിക നിയമങ്ങളെ പിന്താങ്ങുന്നവരും കണക്ക് കൂട്ടുന്നു. കാര്‍ഷിക രംഗത്ത് സര്‍ക്കാര്‍ നല്‍കിപോന്ന സംരക്ഷണം പിന്‍വലിച്ച് പകരം സ്വകാര്യ മേഖലയെ കടത്തിവിടുകയാണ് ഇതിനു പറ്റിയ മാര്‍ഗമെന്നുതന്നെയാണ് ഇവരൊക്കെയും പറഞ്ഞുവെക്കുന്നത്.
പക്ഷേ, ഇതൊന്നും കേള്‍ക്കാനും മനസിലാക്കാനും ഇന്ത്യയിലെ കര്‍ഷകര്‍ക്ക് കഴിയില്ല. എം.എസ്.പി എന്ന മൂന്നക്ഷരത്തിന്റെ സംരക്ഷണവല ഭേദിക്കാന്‍ അവര്‍ക്കൊട്ടും താല്‍പര്യമില്ല. സര്‍ക്കാരിനെ വിശ്വസിച്ച് നിലവിലുള്ള വിലസംരക്ഷണം വിട്ടുകളയാന്‍ അവര്‍ ഒരുക്കമല്ല. ബി.ജെ.പിയാവട്ടെ എല്ലായിടത്തുമെന്നപോലെ കാര്‍ഷിക രംഗത്തും സ്വകാര്യവല്‍ക്കരണം കൂടിയേ തീരൂ എന്ന് നിഷ്‌കര്‍ഷിക്കുന്നു. കാര്‍ഷിക രംഗത്തെ സ്വകാര്യവല്‍ക്കരണമെന്നാല്‍ പ്രധാനമായും കോണ്‍ട്രാക്ട് ഫാമിങ്, വന്‍കിട വാണിജ്യ, വ്യവസായ ഗ്രൂപ്പുകള്‍ മികച്ച കാര്‍ഷികോല്‍പ്പന്നങ്ങള്‍ മിതമായ വിലയ്ക്ക് ലഭ്യമാക്കാന്‍ കരാര്‍ കൃഷി സംഘടിപ്പിക്കുന്ന രീതിയാണിത്. ഉരുളക്കിഴങ്ങുപോലെയുള്ള കാര്‍ഷിക വിളകളുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങള്‍ക്ക് ലോകത്തെവിടെയും വലിയ വിലയാണ്. അതുപോലൊരു ഉല്‍പന്നമാണ് പീനട്ട് ബട്ടര്‍. ഇന്ത്യയില്‍ വളരെ വ്യാപകമായി കൃഷി ചെയ്യുന്ന ഇനങ്ങളാണ് ഉരുളക്കിഴങ്ങും കപ്പലണ്ടിയും. പക്ഷേ, കര്‍ഷകര്‍ ഈ നീക്കത്തില്‍ ഒരു വലിയ കുരുക്ക് കാണുന്നുണ്ട്. ആദ്യമൊക്കെ വലിയ ലാഭം ഉറപ്പാക്കുന്ന ഇത്തരം ആഗോള കോര്‍പറേറ്റുകള്‍ ഒരു ഘട്ടം കഴിയുമ്പോള്‍ അവരുടെ തനിനിറം പുറത്തെടുക്കും. കര്‍ഷകരുടെ വരുമാനത്തിന്മേല്‍ ഇവര്‍ കൈയമര്‍ത്തും. സര്‍ക്കാര്‍ നിസഹായരായി നോക്കിനില്‍ക്കുകയേ ഉള്ളൂവെന്നാണ് കര്‍ഷകര്‍ ഭയക്കുന്നത്.
ഇതിനുദാഹരണം കേരളത്തില്‍ തന്നെയുണ്ട്. വാനിലയുടെ കാര്യം തന്നെയെടുക്കാം. സിന്തറ്റിക്ക് വാനിലയേക്കാള്‍ കൃഷിചെയ്തു വിളയിക്കുന്ന പ്രകൃതിദത്ത വാനിലയ്ക്ക് ആഗോള വിപണിയില്‍ വലിയ ഡിമാന്റുണ്ടായതിനെ തുടര്‍ന്നാണ് വാനില കൃഷി കേരളത്തിലെത്തിയത്. മധ്യ കേരളത്തിലെ ചില പ്രമുഖ കൃഷിക്കാര്‍ വലിയ തോതില്‍ വാനില കൃഷി തുടങ്ങി. തുടക്കത്തില്‍ ആകര്‍ഷകമായ വിലയും കിട്ടി. വാനില ശേഖരിക്കാന്‍ വ്യാപാരികള്‍ പ്രത്യേകം സംവിധാനങ്ങള്‍ തുടങ്ങി. നിലവിലുണ്ടായിരുന്ന വിളകളൊക്കെ മാറ്റി കര്‍ഷകര്‍ പരക്കെ വാനില കൃഷിയിലേക്ക് തിരിഞ്ഞു. റബര്‍ മരങ്ങള്‍ വെട്ടിക്കളഞ്ഞ് വാനില നട്ടവരുമുണ്ടായിരുന്നു. വാനില മോഷ്ടിക്കാന്‍ രാവിന്റെ മറവിലിറങ്ങുന്ന കള്ളന്മാരെ പിടികൂടാന്‍ കര്‍ഷകര്‍ രാത്രികളില്‍ പറമ്പുകള്‍ക്ക് കാവല്‍ നിന്നു. രണ്ടു വര്‍ഷം കഴിഞ്ഞപ്പോഴേക്ക് വാനില വില കുത്തനെ ഇടിഞ്ഞു. വിളകള്‍ പാകമായ വാനിലത്തിരികള്‍ പറമ്പുകളില്‍ ആര്‍ക്കും വേണ്ടാതെ കിടന്നു.
കരാര്‍ കൃഷിയുമായി വരുന്ന വന്‍ കോര്‍പറേറ്റുകളെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് സംസ്ഥാന ജലസേചന മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറയുന്നു. പാലക്കാടു ജില്ലയിലെ ഏറെ മികവുള്ള കര്‍ഷകന്‍ കൂടിയായ കൃഷ്ണന്‍കുട്ടിക്ക് കൃഷിയുടെ ശാസ്ത്രീയ വശങ്ങളെക്കുറിച്ചും ഉല്‍പാദനവും വരുമാനവും കൂട്ടാനുള്ള പുതിയ വഴികളെക്കുറിച്ചും നന്നായറിയാം. കരാര്‍ കൃഷിക്ക് വരുന്ന കോര്‍പറേറ്റുകളുമായി ഇടപെടാനും വിലപേശാനും സ്വന്തം താല്‍പര്യം സംരക്ഷിക്കാനും പഠിപ്പും വിജ്ഞാനവുമില്ലാത്ത കര്‍ഷകനെങ്ങനെ കഴിയുമെന്ന് കൃഷ്ണന്‍കുട്ടി ചോദിക്കുന്നു.
ഇതാണ് കര്‍ഷകരുടെയും ചോദ്യം. എം.എസ്.പിയുടെയും പൊതുവിപണിയുടെയും സംരക്ഷണയില്‍ കഴിഞ്ഞിരുന്ന കര്‍ഷകന് പുതിയ സംവിധാനങ്ങള്‍ ഒട്ടും സ്വീകാര്യമേയല്ല. മിനിമം സപ്പോര്‍ട്ട് പ്രൈസ് എടുത്തുകളയുന്ന പ്രശ്‌നമേയില്ലെന്ന് ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും പുതിയ നിയമങ്ങളില്‍ എം.എസ്.പി എന്ന പദംപോലും ഉപയോഗിച്ചിട്ടില്ലെന്ന കാര്യം കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് കര്‍ഷകരുടെ ആശങ്ക വര്‍ധിപ്പിക്കുകയും ചെയ്യുന്നു.
ഇതിലും പ്രധാനം ബി.ജെ.പിയുടെ വിശ്വാസ്യത തന്നെയാണ്. എല്ലാ മേഖലയിലും സ്വകാര്യവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് ബി.ജെ.പിയുടേത്. കാര്‍ഷിക മേഖലയില്‍ തങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങിക്കൊണ്ടിരുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുപകരം ആഗോള കോര്‍പറേറ്റുകള്‍ പിടിമുറുക്കിയാല്‍ തങ്ങളുടെ ജീവിതത്തില്‍ ഇരുട്ട് നിറയുമെന്ന് കര്‍ഷകര്‍ ഭയക്കുന്നു. അതെ, ഇന്ത്യയിലെ കര്‍ഷകര്‍ ക്ഷുഭിതരാണ്. അവര്‍ കൃഷിപ്പണി നിര്‍ത്തി പ്രക്ഷോഭവുമായി തെരുവിലിറങ്ങിയിരിക്കുന്നു. അവര്‍ റോഡുകള്‍ തടയുന്നു, ബന്ദുകള്‍ പ്രഖ്യാപിക്കുന്നു. രാജ്യത്തെ തീറ്റിപ്പോറ്റുന്ന കര്‍ഷകരാണ് പ്രക്ഷോഭത്തില്‍. സര്‍ക്കാര്‍ എന്ത് ചെയ്യും?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."