റോഡ് വികസന പദ്ധതിക്ക് തുടക്കമായി
കരുനാഗപ്പള്ളി: ഗതാഗതപ്രശ്‌നങ്ങളാലും ഓടകളിലേക്ക് മാലിന്യ മൊഴുക്കുന്ന വിഷയത്തിലും പൊറുതിമുട്ടിയ ടൗണിലെ റോഡിന്റെയും ഓടയുടെയും സമഗ്ര വികസനം ലക്ഷ്യമിടുന്ന വികസന പദ്ധതിക്ക് തുടക്കമായി.
ദേശീയപാത പി.ഡബ്ലിയു.ഡി വിഭാഗമാണ് പദ്ധതി നടപ്പാക്കുന്നത്. പൊലിസ് സ്റ്റേഷന്‍ മുതല്‍ ലാലാജി ജങ്ഷന്‍ വരെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നിലവില്‍ ദേശീയപാതയുടെ ഇരുവശങ്ങളിലുമുള്ള ഓടകള്‍ പൂര്‍ണമായും പൊളിച്ചുപണിയും. ഓടയുടെ ഇരു ഭിത്തികളും കനത്തില്‍ കോണ്‍ക്രീറ്റ് ചെയ്താണ് ഓടകള്‍ നിര്‍മിക്കുക.
ഇതോടെ വ്യാപാര സ്ഥാപനങ്ങളും മറ്റും ഓടയിലേക്ക് മലിനജലം ഒഴുക്കുന്ന ഔട്ട്‌ലറ്റുകള്‍ പൂര്‍ണമായും ബ്ലോക്ക് ചെയ്യപ്പെടും ഓടയിലേക്ക് മാലിന്യ മൊഴുക്കുന്ന നടപടിക്ക് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായി നഗരസഭാ അധികൃതര്‍ പറഞ്ഞു.
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി ദേശീയപാതയുടെ പടിഞ്ഞാറുവശം ഒരു വരി റോഡു കൂടി നിര്‍മിക്കും.കൂടാതെ ദേശീയപാതയുടെ കിഴക്കും പടിഞ്ഞാറും ഭാഗത്ത് കാല്‍നടയാത്രക്കാര്‍ക്കായി ഫുട് പാത്തും അനധികൃത കൈയേറ്റമൊഴിവാക്കാന്‍ ഫുട് പാത്തുകള്‍ക്ക് കൈവരികളും നിര്‍മിക്കും. റോഡിന് മധ്യഭാഗത്തായി ലാലാജി ജങ്ഷന്‍ വരെ മീഡിയവും നിര്‍മിക്കും.രണ്ട് കോടി അറുപത് ലക്ഷം രൂപയുടേതാണ് പദ്ധതി.
പി.ഡബ്ലിയു.ഡി ദേശീയപാത വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എസ് ദീപയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്കായി പണം അനുവദിക്കപ്പെട്ടത്. പദ്ധതിയുടെ ഭാഗമായി പഴയ ഓടകള്‍ പൊളിച്ചുനീക്കുന്ന നടപടികള്‍ക്കാണ് ബുധനാഴ്ച തുടക്കം കുറിച്ചത്.
യുദ്ധകാല അടിസ്ഥാനത്തില്‍ പദ്ധതി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ പറഞ്ഞു. പദ്ധതി പൂര്‍ത്തിയാകുന്നതോടെ നഗരം നേരിടുന്ന ഗതാഗത കുരുക്ക് ഉള്‍പ്പടെ നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."