ബി.എസ്.പിക്ക് വോട്ട് ചെയ്യാന്‍ നോക്കുമ്പോള്‍ ബി.ജെ.പി ഏജന്റ് വന്ന് താമര ബട്ടണ്‍ അമര്‍ത്തി
ഫരീദാബാദ്: പോളിങ് ബൂത്തില്‍ വച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ബി.ജെ.പിയുടെ പോളിങ് ഏജന്റ് ഗിരിരാജ് സിങ് (38) അറസ്റ്റിലായ ഫരീദാബാദിലെ അസൗട്ടി പോളിങ് ബൂത്തില്‍നിന്ന് കൂടുതല്‍ ക്രമക്കേടുകള്‍ പുറത്ത്.
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം നടന്ന ഞായറാഴ്ചയായിരുന്നു ഇവിടെ വോട്ടെടുപ്പ്. അന്നേദിവസം പോളിങ് ബൂത്തില്‍ എത്തിയപ്പോള്‍ ഞങ്ങളുടെ വോട്ട് ബി.ജെ.പി ഏജന്റ് ചെയ്തുവെന്ന് വിവേചന എന്ന ദലിത് സ്ത്രീ ആരോപിച്ചു. പൊലിസിനു നല്‍കിയ മൊഴി ഇവര്‍ പിന്നീട് മാധ്യമങ്ങള്‍ക്കും മുന്‍പിലും ആവര്‍ത്തിച്ചു.
അസൗട്ടിയിലെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു പോളിങ് ബൂത്ത്. ഒരു മണിക്കൂറോംളം വരി നിന്ന ശേഷമാണ് വോട്ട് ചെയ്തത്. വോട്ടിങ് യന്ത്രംവച്ച കാബിനിലുള്ളിലെത്തി ബി.എസ്.പിയുടെ ചിഹ്നമായ ആനയുടെ നേരെ വിരല്‍ കൊണ്ടുപോവുമ്പോഴേക്കും ബി.ജെ.പിയുടെ ഏജന്റ് എത്തി താമരചിഹ്നത്തിനു നേരെയുള്ള ബട്ടണ്‍ അമര്‍ത്തുകയായിരുന്നു. ഇത് കണ്ട് ഞാന്‍ ഞെട്ടി.
നിങ്ങളെന്തിനാണ് എന്റെ വോട്ട് ചെയ്തതെന്ന് ഞാന്‍ ചോദിച്ചപ്പോള്‍, കഴിഞ്ഞത് കഴിഞ്ഞുവെന്ന മറുപടിയാണ് അയാളില്‍ നിന്നുണ്ടായതെന്ന് 23 കാരിയായ വിവേചന പറഞ്ഞു. വീട്ടിലെത്തിയ ശേഷം ഭര്‍തൃസഹോദരനോടും ഇക്കാര്യം പറഞ്ഞു.
എന്നാല്‍, പിന്നീട് ഞങ്ങള്‍ ഇക്കാര്യത്തില്‍ കൂടുതലൊന്നും ചെയ്തില്ല. കാരണം ഇതെല്ലാം ബൂത്തിലെ ഉദ്യോഗസ്ഥര്‍ കണ്ടതാണ്. അതിനര്‍ഥം ഇതില്‍ അവര്‍ക്കും പങ്കുണ്ട് എന്നതാണ്. ഇങ്ങനെയാണ് കാര്യങ്ങള്‍ എങ്കില്‍ പിന്നെ ഞങ്ങള്‍ എവിടെ പോയി പരാതി നല്‍കും- വിവേചന ചോദിച്ചു. പോളിങ് ബൂത്തില്‍ വച്ചു താമര ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ഗിരിരാജ് തന്നോട് ആവശ്യപ്പെട്ടതായി ബൂത്തിലെ ദലിത് വോട്ടര്‍ ശോഭനയും പറഞ്ഞിരുന്നു.
വോട്ട് ചെയ്യല്‍ എന്റെ മാത്രം ഇഷ്ടമാണെന്നും എനിക്ക് ഇഷ്ടമുള്ള പാര്‍ട്ടിക്ക് വോട്ട് രേഖപ്പെടുത്തുമെന്നും ഗിരിരാജിനോടു പറഞ്ഞതായും ശോഭന വെളിപ്പെടുത്തുകയുണ്ടായി. സമാന ആരോപണം മറ്റൊരു സ്ത്രീയും ഉന്നയിച്ചിരുന്നു. ഇതോടെ മൂന്നു സ്ത്രീകളാണ് ഗിരിരാജിനെതിരേ പരസ്യ ആരോപണവുമായി രംഗത്തുവന്നത്.
വോട്ട് ചെയ്യാനായി സ്ത്രീകള്‍ എത്തുമ്പോള്‍ ഗിരിരാജ് എഴുന്നേറ്റ് അവരുടെ അടുത്ത് ചെന്ന് വോട്ടിങ് യന്ത്രം വച്ചിരിക്കുന്ന കാബിനില്‍ കയറിനില്‍ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇയാള്‍ മൂന്നു തവണ ഇങ്ങനെ ചെയ്യുന്ന ദൃശ്യമാണ് പുറത്തുവന്നത്. ഈ സമയം പ്രിസൈഡിങ് ഓഫിസര്‍ ഇയാളെ തടയാന്‍ ശ്രമിച്ചെങ്കിലും വോട്ടര്‍മാരെ 'സഹായിക്കുന്ന' പ്രവര്‍ത്തനം ഗിരിരാജ് തുടരുകയായിരുന്നു.
പ്രിസൈഡിങ് ഓഫിസര്‍ അമിത് അത്രിയുടെ പരാതിയില്‍ ഞായറാഴ്ച തന്നെ കേസെടുത്ത് ഗിരിരാജിനെ അറസ്റ്റ് ചെയ്‌തെങ്കിലും വൈകാതെ ഇയാളെ ജാമ്യത്തില്‍ വിട്ടത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
ഗ്രാമത്തിലെ സ്ത്രീകളില്‍ ഭൂരിഭാഗവും പേരും നിരക്ഷരാണെന്നും എങ്ങനെയാണ് വോട്ട് രേഖപ്പെടുത്തേണ്ടതെന്നു കാണിച്ചു കൊടുക്കുകയാണ് ചെയ്തതെന്നുമാണ് ഗിരിരാജിന്റെ വാദം. ക്രമക്കേട് നടന്നുവെന്നു ബോധ്യപ്പെട്ടതോടെ അസൗട്ടി പോളിങ് ബൂത്തില്‍ 19ന് റീ പോളിങ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."