സി.പി ജലീലിന്റെ തോക്കില്‍ നിന്ന് വെടിയുതിര്‍ന്നിട്ടില്ലെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്
കല്‍പ്പറ്റ: വയനാട് വൈത്തിരിയിലെ റിസോര്‍ട്ടില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടെന്നു പറയപ്പെടുന്ന മാവോയിസ്റ്റ് സി.പി ജലീലിന്റെ (26) തോക്കില്‍ നിന്ന് വെടിയുതിര്‍ന്നിട്ടില്ലെന്ന് തോക്കിന്റെ ശാസ്ത്രീയ പരിശോധനാഫലം. ജലീലിന്റെ വലതു കൈയില്‍ വെടിമരുന്നിന്റെ സാന്നിധ്യമുണ്ടായിരുന്നില്ലെന്നും കല്‍പ്പറ്റ സി.ജെ.എം കോടതിയില്‍ സമര്‍പ്പിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമായിരുന്നെന്ന കുടുംബത്തിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും ആരോപണം ശരിവയ്ക്കുന്നതാണ് ഈ റിപ്പോര്‍ട്ട്.
ജലീലിന്റെ മൃതദേഹത്തിനു സമീപം കണ്ടെത്തിയ കൈത്തോക്കില്‍ നിന്ന് വെടിവച്ചിട്ടില്ല. കൂടാതെ വലതു കൈയില്‍ നിന്ന് ശേഖരിച്ച സാംപിളില്‍ വെടിമരുന്നിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനുമായിട്ടില്ല. ഇടതു കൈയില്‍ വെടിമരുന്നിന്റെ സാംപിളുണ്ട്. ജലീല്‍ ആദ്യം വെടിവച്ചിട്ടാണ് തങ്ങള്‍ തിരിച്ചു വെടിവച്ചതെന്ന പൊലിസ് വാദം പൊളിക്കുന്നതാണ് റിപ്പോര്‍ട്ട്. പുനരന്വേഷണമാവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിട്ടുമുണ്ട്. കോടതിയില്‍ നല്‍കിയ തോക്കുകള്‍ തിരിച്ചു ലഭിക്കാന്‍ പൊലിസ് നല്‍കിയ അപേക്ഷയ്‌ക്കെതിരേ ജലീലിന്റെ കുടുംബം ഹരജി നല്‍കിയതിനെ തുടര്‍ന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചത്.
വെടിവച്ച തോക്കുകളാണെന്നു കാണിച്ച് പൊലിസ് പരിശോധനയ്ക്കയച്ച തോക്കില്‍ നിന്നല്ല വെടി ഉതിര്‍ത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. 2019 മാര്‍ച്ച് ഏഴിനാണ് ജലീല്‍ വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടില്‍ കൊല്ലപ്പെട്ടത്. പിന്നില്‍ നിന്നാണ് ജലീലിനു വെടിയേറ്റിരുന്നത്. ഇക്കാരണത്താല്‍ തന്നെ ഇതൊരു വ്യാജ ഏറ്റുമുട്ടലാണെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. പൊലിസ് ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നും സംഭവത്തില്‍ മജിസ്‌ട്രേറ്റ്തല അന്വേഷണം വേണമെന്നും ജലീലിന്റെ സഹോദരനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സി.പി റഷീദ് അന്നുതന്നെ ആവശ്യപ്പെട്ടിരുന്നു. മനുഷ്യാവകാശ സംഘടനകളുടെ അഭ്യര്‍ഥനയെ തുടര്‍ന്ന് അഡ്വ. പി.എ പൗരന്റെ നേതൃത്വത്തില്‍ വസ്തുതാന്വേഷണത്തിനെത്തിയവരെ പൊലിസ് ഇടപെട്ട് റിസോര്‍ട്ടിനുള്ളിലേക്കു പ്രവേശിപ്പിക്കാതിരുന്നതും വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."