കാനറാ ബാങ്ക് റീജ്യനല്‍ ഓഫിസ് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ത്തു
പ്രതിഷേധം ഭയന്ന് ബാങ്കിന്റെ മൂന്ന് ശാഖകള്‍ ഇന്നലെ പ്രവര്‍ത്തിച്ചില്ല
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ കാനറാ ബാങ്ക് നെയ്യാറ്റിന്‍കര ശാഖാ അധികൃതര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരത്തെ കാനറാ ബാങ്ക് റീജ്യനല്‍ ഓഫിസിലേക്ക് മാര്‍ച്ച് നടത്തി.
പൊലിസ് വലയം ഭേദിച്ച് ബാങ്കിനുള്ളിലേക്ക് തള്ളിക്കയറിയ പ്രവര്‍ത്തകര്‍ സാധന സാമഗ്രികള്‍ തല്ലിത്തകര്‍ത്തു. റിസപ്ഷന് കൗണ്ടറിലെ ഉപകരണങ്ങളാണ് തകര്‍ത്തത്. കൂടുതല്‍ പൊലിസ് എത്തി പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് പുറത്തെത്തിച്ചു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാങ്കിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കാനറാ ബാങ്കിന്റെ നെയ്യാറ്റിന്‍കര, കുന്നത്തുകാല്‍, കമുകിന്‍കോട് ശാഖകള്‍ ഇന്നലെ തുറന്ന് പ്രവര്‍ത്തിച്ചില്ല.
മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എസ് നുസൂര്‍ ഉദ്ഘാടനം ചെയ്തു. കെ.എസ്.യു സംസ്ഥന വൈസ് പ്രസിഡന്റ് റിങ്കു പടിപ്പുരയില്‍, ജില്ലാ പ്രസിഡന്റ് സൈദലി കായ്പാടി തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. കാനറാ ബാങ്ക് നെയ്യാറ്റിന്‍കര ശാഖയ്ക്ക് മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.
നേരത്തേയും ആത്മഹത്യാശ്രമം
തിരുവനന്തപുരം: ലേഖ നേരത്തേയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്ന് സഹോദരി ബിന്ദു.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ചന്ദ്രന് വിദേശത്തായിരിക്കുമ്പോഴായിരുന്നു അത്. കൃഷ്ണമ്മയുടെ പീഡനം സഹിക്കവയ്യാതെയാണ് അന്ന് ലേഖ ആത്മഹത്യക്ക് ശ്രമിച്ചതെന്നും ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.
കുടുംബപ്രശ്നങ്ങള്‍
ഉണ്ടായിരുന്നെന്ന്
സമ്മതിച്ച് ചന്ദ്രന്
വീട്ടില്‍ പൂജയും മന്ത്രവാദവും പതിവെന്ന് ബന്ധുക്കള്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ജപ്തി ഭീഷണിയെത്തുടര്‍ന്ന് അമ്മയും മകളും തീകൊളുത്തി മരിച്ച സംഭവത്തിന് പിന്നാലെ വീട്ടില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്ന് സമ്മതിച്ച് മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്. അമ്മയും ഭാര്യയും തമ്മില്‍ വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് ചന്ദ്രന് പറഞ്ഞു. അവര്‍ തമ്മില്‍ എപ്പോഴും വഴക്കുണ്ടാകാറുണ്ടായിരുന്നുവെന്നും ചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.
മക്കളോടാണെങ്കിലും തെറ്റ് കണ്ടാല്‍ പറയും. അത്രയും മാത്രമേ ലേഖയോടും പറഞ്ഞുള്ളൂ വെന്ന് ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ പറഞ്ഞു. താന്‍ ഒറ്റപ്പെട്ട് ഒഴിഞ്ഞ് ജീവിക്കുകയാണ്. മന്ത്രവാദമെന്നും ചെയ്യാറില്ലെന്നും കൃഷ്ണമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം വീട്ടില്‍ പൂജയും മന്ത്രവാദവും പതിവായിരുന്നുവെന്ന് ലേഖയുടെ ബന്ധുക്കള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. വസ്തു വില്ക്കാന് വേണ്ടി തിങ്കളാഴ്ചയും പൂജ നടത്തിയിരുന്നുവെന്നും ലേഖ അതിന് എതിരായിരുന്നുവെന്നും ലേഖയുടെ സഹോദരി ഭര്‍ത്താവ് ദേവരാജന്‍ വെളിപ്പെടുത്തി. വസ്തു വാങ്ങാനെത്തിയവര്‍ ചൊവ്വാഴ്ച അഞ്ചു ലക്ഷം അഡ്വാന്‍സ് തുകയായി നല്‍കാമെന്ന് ഏറ്റിരുന്നുവെന്നും പിന്നീട് അവര്‍ പിന്മാറുകയായിരുന്നുവെന്നും ദേവരാജന്‍ പറഞ്ഞു. ബാങ്കില്‍ നിന്ന് ലഭിക്കുന്ന നോട്ടിസുകള്‍ വീട്ടിലെ ആല്‍ത്തറയില്‍ കൊണ്ടുവച്ച് പണംകിട്ടാന് പൂജ നടത്തുകയായിരുന്നു ഇവരുടെ പതിവെന്നും ബന്ധുക്കള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."