യുവതിയുടെ ആരോഗ്യനിലയില്‍ പുരോഗതി
കോഴിക്കോട്: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ജീവന്‍ നഷ്ടമായ ഇരട്ടക്കുട്ടികളുടെ മാതാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്ന സഹലയെ ഇന്നലെ രാവിലെ വാര്‍ഡിലേക്ക് മാറ്റി. കുട്ടികളുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവാണെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടികളുടെ മാതാവിന്റെ ശരീരത്തില്‍ നിന്ന് ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് നടത്തുന്നതിന് സ്രവങ്ങള്‍ എടുത്തിട്ടുണ്ടെന്നും ചൊവ്വാഴ്ച രാവിലെ ഫലം അറിയുമെന്നും അധികൃതര്‍ പറഞ്ഞു.ഖബറടക്കം കഴിഞ്ഞ് വൈകിട്ടോടെ പിതാവ് എന്‍.സി ശരീഫ് ആശുപത്രിയില്‍ തിരിച്ചെത്തി.
യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍്‌റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ടി.വി ഇബ്രാഹിം എം.എല്‍.എ, സുപ്രഭാതം സി.ഇ.ഒ മുസ്തഫ മുണ്ടുപാറ, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി കെ.എ.റഹ്മാന്‍ ഫൈസി, യൂത്ത് ലീഗ് നേതാക്കളായ പി.കെ.ഫിറോസ്, നജീബ് കാന്തപുരം, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് തുടങ്ങിയവര്‍ ആശുപത്രിയിലെത്തി. വൈകിട്ടോടെ രാഹുല്‍ ഗാന്ധി എം.പി ഫോണില്‍ വിളിച്ച് ശരീഫിനെ ആശ്വസിപ്പിച്ചു.
പ്രസവവേദന വന്നതോടെ ശനിയാഴ്ച പുലര്‍ച്ചെ 4.30ന് ആദ്യം മഞ്ചേരി മെഡിക്കല്‍ കോളജിലേക്കാണ് യുവതിയെ എത്തിച്ചത്. എന്നാല്‍ മെഡിക്കല്‍ കോളജില്‍നിന്ന് മടക്കിയതിനാല്‍ വിവിധ സ്വകാര്യ ആശുപത്രികളിലേക്കുള്ള ഓട്ടമായി പിന്നീട്. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ അധികൃതരോടും സ്വകാര്യ ആശുപത്രികളോടും കരഞ്ഞ് അഭ്യര്‍ഥിച്ചെങ്കിലും അനുകൂലപ്രതികരണം ഉണ്ടായില്ലെന്ന് ശരീഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."