അധ്യാപകന്‍ 'തോല്‍പ്പിച്ചിട്ടും' അഖില നേടിയത് ഫുള്‍ എ പ്ലസ്
മുക്കം: സ്വന്തം അധ്യാപകന്‍ പരീക്ഷയെഴുതി 'തോല്‍പ്പിക്കാന്‍' ശ്രമിച്ചിട്ടും അഖില തോറ്റില്ല. ആകാംക്ഷകള്‍ക്കും കണ്ണീരില്‍ കുതിര്‍ന്ന കാത്തിരിപ്പുകള്‍ക്കും ഒടുവില്‍ അഖിലയെയും രക്ഷിതാക്കളെയും തേടിയെത്തിയത് ശുഭ വാര്‍ത്ത.
അധ്യാപകര്‍ ക്രമക്കേട് നടത്തിയതിനെ തുടര്‍ന്ന് ഫലം തടഞ്ഞുവെക്കപ്പെട്ട മുക്കം നഗരസഭയിലെ നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിദ്യാര്‍ഥിയായ അഖിലയുടെ ഫലം ഇന്നലെ വൈകുന്നേരം പ്രസിദ്ധീകരിച്ചപ്പോള്‍ ലഭിച്ചത് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്.
അഖിലയുടെ ഇംഗ്ലീഷ് പേപ്പറാണ് അധ്യാപകന്‍ തിരുത്തിയത്. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നടന്ന ഹിയറിങ്ങില്‍ അധ്യാപകന്‍ തിരുത്തിയ നാല് ഉത്തരങ്ങള്‍ ഒഴിവാക്കി ബാക്കി ഉത്തരങ്ങളുടെ മാര്‍ക്ക് പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകുന്നേരം ഫലം പ്രസിദ്ധീകരിച്ചപ്പോഴാണ് ഫുള്‍ എ പ്ലസ് ലഭിച്ചത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം പ്രസിദ്ധീകരിച്ചത് മുതല്‍ അഖില നേരിട്ട മാനസിക സമ്മര്‍ദവും സങ്കടവും വിവരണാതീതമാണ്.
മറ്റു കൂട്ടുകാരുടെയെല്ലാം ഫലം പ്രസിദ്ധീകരിച്ചപ്പോള്‍ അഖില അടക്കം സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം സൈറ്റില്‍ ഇല്ലായിരുന്നു. സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ ചില സാങ്കേതിക പിഴവാണെന്നും രണ്ട് ദിവസത്തിനകം ഫലം ലഭിക്കുമെന്നുമായിരുന്നു അറിയിച്ചത്.
ഇതിനിടയിലാണ് തന്റെ സ്‌കൂളിലെ അധ്യാപകര്‍ പരീക്ഷയില്‍ ആള്‍മാറാട്ടം നടത്തിയതായും അവരെ സര്‍വിസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായും മാധ്യമങ്ങളിലൂടെ അഖിലയും രക്ഷിതാക്കളും അറിയുന്നത്. ഇതിനോടനുബന്ധിച്ച് തന്റേതടക്കം മൂന്നു വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞു വച്ചതായും അറിയിപ്പ് ലഭിച്ചു.
ഇതോടെ എന്തുചെയ്യണമെന്നറിയാതെ കരയുകയായിരുന്നു ആദ്യം അഖില ചെയ്തത്. കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷ എഴുതിയിട്ടും സ്വന്തം അധ്യാപകര്‍ കാണിച്ച നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലം ഉപരിപഠന സാധ്യത മങ്ങുമോ എന്ന ആശങ്കയിലായിരുന്നു വിദ്യാര്‍ഥിനി. എന്നാല്‍ ആശങ്കയുടെ കാര്‍മേഘങ്ങള്‍ പുത്തന്‍ പ്രതീക്ഷകള്‍ക്ക് വഴിമാറിയ ആഹ്ലാദത്തിലാണിപ്പോള്‍ ഈ മിടുക്കി. കൊടിയത്തൂര്‍ പഞ്ചായത്തിലെ പന്നിക്കോട് കാരാളിപറമ്പ് മൂലയില്‍ അപ്പുകുട്ടന്‍ സുലോചന ദമ്പതികളുടെ മകളാണ് അഖില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."