കുടുംബം ജപ്തി ഭീഷണയില്‍
മാനന്തവാടി: ധനകാര്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിച്ച് ജപ്തി നടപടിയുമായി ബാങ്ക് അധികൃതര്‍. വയനാട്ടില്‍ നിരവധി പേര്‍ക്കെതിരേയാണ് ജപ്തി നടപടിയുമായി ബാങ്കുകള്‍ മുന്നോട്ട് പോകുന്നത്.
മാനന്തവാടി ചെറ്റപ്പാലത്ത് വെണ്ടേക്കുകണ്ടി വി.സി രവീന്ദ്രന്റെ വീടും സ്ഥലവും ഈമാസം 21ന് ജപ്തി ചെയ്യുമെന്ന് കാണിച്ച് ഫെഡറല്‍ ബാങ്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വീടും പുരയിടവും ജപ്തി ചെയ്യരുതെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് വയനാട്ടിലെ നടപടി. ആകെയുള്ള കിടപ്പാടം നഷ്ടപ്പെട്ടാല്‍ ആത്മഹത്യയല്ലാതെ മാര്‍ഗമില്ലെന്നാണ് രവീന്ദ്രനും കുടുംബവും പറയുന്നത്. മാനന്തവാടി ബ്രാഞ്ചില്‍ നിന്നെടുത്ത ഭവന വായ്പ കുടിശ്ശികയായതിനെ തുടര്‍ന്നാണ് സര്‍ഫാസി നിയമമനുസരിച്ച് ജപ്തിയെന്ന് നോട്ടിസില്‍ പറയുന്നു. 2004ലാണ് രവീന്ദ്രനും കുടുംബവും ചെറ്റപ്പാലത്തെ ഒന്‍പത് സെന്റ് സ്ഥലം പണയപ്പെടുത്തി നാല് ലക്ഷം രൂപ ഭവന വായ്പ എടുത്തത്. അന്ന് രവീന്ദ്രന് ചെറിയൊരു ജോലിയും ഭാര്യക്ക് ടൈലറിങ്ങില്‍ നിന്നുള്ള വരുമാനവും ഉണ്ടായിരുന്നു. പ്രതിമാസം 4000 രൂപ വീതം 36 മാസം 14,4000 രൂപ വായ്പ തുകയിലേക്ക് തിരിച്ചടച്ചു.
പിന്നീട് രവീന്ദ്രന് വരുമാനം നിലച്ചതോടെ തിരിച്ചടവില്‍ മുടക്കം വന്നു. ഇപ്പോള്‍ പലിശയും പിഴപ്പലിശയുമായി 15 ലക്ഷം രൂപ തിരിച്ചടക്കണമെന്നാണ് ബാങ്ക് പറയുന്നത്. അല്ലാത്തപക്ഷം ഈ മാസം 21ന് രവീന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള ആറാട്ടുതറ വില്ലേജില്‍പ്പെട്ട പുരയിടം സര്‍ഫാസി ആക്ട് പ്രകാരം രാവിലെ 10.30ന് വില്‍പന നടത്തുമെന്നാണ് ബാങ്ക് അധികൃതര്‍ അറിയിച്ചത്. കഴിഞ്ഞ 10 വര്‍ഷമായി രവീന്ദ്രന് പറയത്തക്ക ജോലികളില്ല. ഭാര്യ ഉഷക്ക് മറ്റൊരു ടൈലറിങ് യൂനിറ്റില്‍ നിന്ന് ലഭിക്കുന്ന കൂലി കൊണ്ടാണ് രണ്ട് മക്കളും രവീന്ദ്രനും ഉഷയും ജീവിച്ചു പോരുന്നത്.
ഇതിനിടെ വായ്പ തിരിച്ചടക്കാത്തതിനാല്‍ കോടതിയില്‍ കേസ് ആകുകയും എറണാകുളത്തെ കോടതിയില്‍ രവീന്ദ്രന്‍ ഹാജരാകാത്തതിനാല്‍ തുക ഈടാക്കാന്‍ ബാങ്കിന് അനുമതി നല്‍കി കോടതി വിധിക്കുകയുമായിരുന്നു. ഇതു പ്രകാരമാണ് ഈ മാസം 21ന് രവീന്ദ്രന്റെ 1200 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടും ഒന്‍പത് സെന്റ് സ്ഥലവും ജപ്തി ചെയ്യാന്‍ ഫെഡറല്‍ ബാങ്ക് നോട്ടിസ് അയച്ചിരിക്കുന്നത്. ജപ്തി ഭീഷണിക്കുമുന്നില്‍ പകച്ചുനില്‍ക്കാനെ തനിക്ക് കഴിയുന്നുള്ളു, തിരിച്ചടക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കാര്യമായി ഒരു വരുമാനവുമില്ലാത്ത തനിക്ക് സാധിക്കുന്നതിലും എത്രയോ മടങ്ങാണ് ബാങ്ക് ആവശ്യപ്പെടുന്നതെന്ന് രവീന്ദ്രന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."