കരള്‍മാറ്റ ശസ്ത്രക്രിയക്കായി വീട്ടമ്മ സഹായം തേടുന്നു
കിളിമാനൂര്‍ : ഗുരുതര കരള്‍രോഗം ബാധിച്ച നിര്‍ധനകുടുംബത്തിലെ വീട്ടമ്മ കരള്‍മാറ്റ ശസ്ത്രക്രിയക്കായി സഹായം തേടുന്നു. നഗരൂര്‍ പഞ്ചായത്തിലെ വെള്ളല്ലൂര്‍ മാത്തയില്‍ താമരശ്ശേരി ചരുവിള പുത്തന്‍വീട്ടില്‍ അപ്പുവിന്റെ ഭാര്യ ശ്യാമള (49)യാണ് ചികിത്സാചിലവുകള്ക്കു മുന്നില്‍ മറ്റു വഴികളില്ലാതെ പ്രതിസന്ധിയിലായത്. കിളിമാനൂരിലെ ഒരു സ്വാകാര്യാശുപത്രിയില്‍ അറ്റന്റര്‍ ആയി ജോലിനോക്കവെ നാലുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ക്ക് കരള്‍രോഗം ബാധിച്ചത്. ഭര്‍ത്താവ് അപ്പു കൂലിപ്പണിക്കാരനാണ്. രണ്ട് പെണ്മക്കളുമുണ്ട്. ശ്യാമളയുടെ ചികിത്സാചിലവിന് പണം കണ്ടെത്തേണ്ടി വന്നതോടെ കുട്ടികളുടെ പഠനം പാതിവഴിക്ക് നിര്‍ത്തേണ്ടിവന്നു. നാട്ടുകാരുടെ സഹായവും, പലരില്‍ നിന്നായി കടംവാങ്ങിയുമാണ് ഇതുവരെ ചികിത്സ നടത്തിയത്.
ഇതിനിടയില്‍ നഗരൂര്‍ പഞ്ചായത്ത് അനുവദിച്ച വീടും പാതിവഴിയിലായി.
പണി പൂര്‍ത്തീകരിക്കാത്ത വീട്ടിലാണ് ഈ നിര്‍ധനകുടുംബം കഴിയുന്നത്.രണ്ട്മാസങ്ങള്‍ക്ക് മുമ്പ് ശ്യാമളയുടെ രോഗം ഗുരുതരാവസ്ഥയിലാകുകയും കരള്മാറ്റിവെക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുകയും ചെയ്തതോടെ അങ്കലാപ്പിലാണ് ശ്യാമളയും കുടുംബവും.
കരള്‍ പകുത്തുനല്‍കാന്‍ അപ്പുവും, മക്കളും ഒരുക്കമാണ് . പക്ഷെ ചികിത്സക്കും തുടര്‍ചികിത്സക്കും ആവശ്യമായ ഇരുപതുലക്ഷത്തോളം രൂപ എങ്ങനെ കണ്ടെത്തുമെന്ന് ഇവര്‍ക്ക് അറിയില്ല. ശ്യാമളയുടെ പേരില്‍ കിളിമാനൂര്‍ എസ് ബി ടി യില്‍ 67178917754 എന്ന നമ്പരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."