കൊച്ചി മെട്രോ രണ്ടാം ഘട്ടം: പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം മുതല്‍ കാക്കനാട് ഇന്‍ഫോ പാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
പദ്ധതിയ്ക്കു മുന്നോടിയായുള്ള പഠനം പൂര്‍ത്തിയായി. സ്ഥലം ഏറ്റെടുക്കലിനായുള്ള രൂപരേഖ തയാറാക്കുന്ന ജോലികള്‍ നടന്നുവരികയാണെന്ന് കെ.എം.ആര്‍.എല്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു. രണ്ടാം ഘട്ടത്തിനായി 2.8630 ഹെക്ടര്‍ സ്ഥലമാണ് കെ.എം.ആര്‍.എല്‍ ഏറ്റെടുക്കുക. ഇതില്‍ 0.72 ഹെക്ടര്‍ സര്‍ക്കാര്‍ സ്ഥലമാണ്. 402 വ്യകതികളില്‍ നിന്ന് സ്ഥലം ഏറ്റെടുക്കും. സ്ഥലം ഏറ്റെടുക്കലിനുള്ള കരട് ഉത്തരവ് ഉടന്‍ തന്നെ പ്രസിദ്ധീകരിക്കും.
കാക്കനാട് കലക്ടറേറ്റ് ജങ്ഷന്‍ മുതല്‍ ഇന്‍ഫോ പാര്‍ക്ക് എക്‌സ്പ്രസ്‌വേ പ്രവേശന കവാടം വരെയുള്ള 2.5 കി.മീ സീ പോര്‍ട്ട്-എയര്‍ പോര്‍ട്ട് റോഡ് വീതി കൂട്ടി നാലുവരിപ്പാതയാക്കാനുള്ള ഭരണാനുമതി സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ അവസാന ഘട്ടത്തിലാണ്. ഇന്‍ഫോ പാര്‍ക്ക് വരെയുള്ള ഭാഗത്തിന്റെ വീതീകൂട്ടല്‍ മെട്രോയുടെ രണ്ടാം ഘട്ടത്തിലെ സുപ്രധാന നടപടിയാണ്. രണ്ടാം ഘട്ടത്തിന്റെ പുതുക്കിയ വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് നേരത്തേ സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിട്ടുണ്ട്.
1957 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്. ഇനി രണ്ടാം ഘട്ടത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി കൂടി കിട്ടേണ്ടതുണ്ടെന്നും കെ.എം.ആര്‍.എല്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."