അഭിപ്രായവ്യത്യാസമുണ്ട്; വിഴുപ്പലക്കാനില്ല: കെ. മുരളീധരന്‍
കോഴിക്കോട്: കോണ്‍ഗ്രസ് പുനഃസംഘടന സംബന്ധിച്ച് അഭിപ്രായവ്യത്യാസമുണ്ടെന്നും എന്നാല്‍ പരസ്യമായി പ്രതികരിച്ച് വിഴുപ്പലക്കാനില്ലെന്നും കെ. മുരളീധരന്‍ എം.പി. കെ.പി.സി.സി പ്രചാരണ വിഭാഗം അധ്യക്ഷപദവി രാജിവച്ചതിനു പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിഴുപ്പലക്കു കാലമൊക്കെ കഴിഞ്ഞു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന ഒരു പ്രവര്‍ത്തനവും തന്റെ ഭാഗത്തു നിന്നുണ്ടാകില്ല. പാര്‍ട്ടിയില്‍ കൂടിയാലോചനകള്‍ നടക്കുന്നില്ല. പത്രത്തില്‍ വാര്‍ത്ത വരുന്നതുകൊണ്ട് കാര്യങ്ങളറിയുന്നു. പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട്. പാര്‍ട്ടി അഖിലേന്ത്യാതലത്തിലും സംസ്ഥാനതലത്തിലുമൊക്കെ പലവിധ വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യമാണിത്. അതിനാല്‍ തന്നെ യാതൊന്നും തുറന്നുപറയില്ല. പ്രചാരണസമിതി അധ്യക്ഷപദവി അത്ര വലിയ സ്ഥാനമൊന്നുമല്ല. ഹൈക്കമാന്‍ഡ് ഒരുകാര്യം ഏല്‍പിച്ചു. അതു ഭംഗിയായി ചെയ്തു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് അധ്യക്ഷയെ കണ്ടപ്പോള്‍ തന്നെ സ്ഥാനമൊഴിയാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടതിനാല്‍ കേരളം മുഴുവന്‍ ഓടിനടക്കാനുള്ള സമയമില്ല. തന്റെ പാര്‍ലമെന്റ് മണ്ഡലത്തിലും വട്ടിയൂര്‍ക്കാവിലും മാത്രമേ പ്രചാരണത്തിന് പോകുന്നുള്ളൂ. അങ്ങനെയൊരു സാഹചര്യത്തില്‍ സ്ഥാനം ആലങ്കാരികമായി കൊണ്ടുനടക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് രാജിക്കത്ത് കൊടുത്തതെന്നും മുരളീധരന്‍ വിശദീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."