സ്ത്രീകളെ അപമാനിക്കുന്ന വിഡിയോ: രജിസ്റ്റര്‍ചെയ്തത് നാലു കേസുകള്‍
തിരുവനന്തപുരം: നവമാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച സംഭവം സര്‍ക്കാര്‍ ഗൗരവമായി കാണുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
വിവാദ വിഡിയോ നീക്കാന്‍ യൂട്യൂബ് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ യൂട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് തമ്പാനൂര്‍, മ്യൂസിയം പൊലിസ് സ്റ്റേഷനുകളിലായി നാലു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യൂട്യൂബില്‍ വിഡിയോ പോസ്റ്റ് ചെയ്ത ആള്‍ക്കെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 364 എ 1,509 കേരള പൊലിസ് ആക്ട് 120 ഒ എന്നീ വകുപ്പുകളാണ് ചുമത്തിയത്. ഐ.ടി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകള്‍ കൂടി കേസുകളില്‍ ഉള്‍പ്പെടുത്താന്‍ കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. അനുവാദം ലഭിച്ചാല്‍ ഉടന്‍തന്നെ ആ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയ ശേഷം കേസിന്റെ അന്വേഷണം തിരുവനന്തപുരം സിറ്റി സൈബര്‍ പൊലിസ് സ്റ്റേഷനു കൈമാറും. മറ്റൊരാള്‍ക്കെതിരേ ഭാഗ്യലക്ഷ്മി നല്കിയ പരാതിയിലും എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ദേഹോപദ്രവം ഏല്‍പ്പിച്ചെന്നും ആക്രമിച്ചെന്നും കാണിച്ച് ഭാഗ്യലക്ഷ്മിയും വിജയ് പി. നായരും പ്രത്യേകം പ്രത്യേകം നല്കിയ പരാതികളില്‍ തമ്പാനൂര്‍ പൊലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."