സംരക്ഷണ ഭിത്തിയില്ല; പുഴയോരത്തെ വീടുകള്‍ ഭീഷണിയില്‍
വടകര: മണിയൂരില്‍ പുഴക്ക് സംരക്ഷണ ഭിത്തിയില്ലാത്തത് സമീപവാസികളെ ഭീതിയിലാഴ്ത്തുന്നു. മങ്കര, ചെരണ്ടത്തൂര്‍ പ്രദേശങ്ങളില്‍ വന്‍തോതിലാണ് പുഴയോരം ഇടിയുന്നത്.
സമീപത്തെ വീടുകള്‍ ഭീഷണിയിലായതോടെ കുടുംബങ്ങള്‍ ഭീതിയിലാണ് കഴിയുന്നത്. പ്രതികൂല സാഹചര്യം കാരണം ഈ പ്രളയകാലത്ത് ഒട്ടേറെ പേര് വീടുകളില്‍ നിന്ന് മാറി താമസിക്കുകയുണ്ടായി. മഴക്കാലം തുടങ്ങിയതോടെയാണ് തീരം വ്യാപകമായി ഇടിയാന്‍ തുടങ്ങിയത്. മണ്ണ് ഇടിഞ്ഞതിനൊപ്പം നിരവധി മരങ്ങള്‍ നിലംപൊത്തി. ഇതോടെ പുഴക്ക് സമീപത്തെ ഒട്ടേറെ വീട്ടുകാര്‍ ആശങ്കയോടെയാണ് കഴിയുന്നത്.
പുഴയോരം ഇടിഞ്ഞുതാഴുന്നത് തടയാനായി സംരക്ഷണഭിത്തികള്‍ നിര്‍മിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈ എടുക്കണമെന്ന് നാട്ടുകാര്‍ അഭ്യര്‍ഥിച്ചു. തീരം കെട്ടി സംരക്ഷിക്കുന്നതോടൊപ്പം മരങ്ങള്‍ വച്ചുപിടിപ്പിക്കുന്നതിനുള്ള നടപടികളും ആവശ്യമാണ്. അടുത്ത മഴക്ക് മുന്‍പെങ്കിലും നടപടി കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇക്കാര്യത്തില്‍ ജനപ്രതിനിധികളുടെ ഇടപെടല്‍ അനിവാര്യമാണെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."