ആദിവാസി കോളനികള്‍ വികസനത്തിന് അനുവദിച്ച പണം എങ്ങുമെത്തിയില്ല
നാദാപുരം: കോഴിക്കോട് ജില്ലയിലെ ആദിവാസി കോളനികളുടെ സമഗ്ര വികസനത്തിന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച പദ്ധതി കോടികള്‍ തുലച്ച് പാതി വഴിയില്‍ നിലച്ചു.
ഒന്‍പത് മാസത്തിലേറെയായി മുടങ്ങിക്കിടക്കുന്ന പദ്ധതിയിലെ നാല് കോടി രൂപയോളം ഒന്നര മാസത്തിനിടയില്‍ പിന്‍വലിച്ചു. നാലിലൊന്ന് പണി പോലും ചെയ്യാതെയാണ് പണം പിന്‍വലിച്ചതെന്ന് കോളനിവാസികള്‍ പറയുന്നു. ചെയ്ത പണിക്ക് കൂലി നല്‍കാതെ കരാറുകാരന്‍ സ്ഥലം വിട്ടതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗക്കാര്‍ താമസിക്കുന്ന വടകര താലുക്കിലെ വിലങ്ങാട്, താമരശേരി താലൂക്കിലെ ചെമ്പുകടവ് കോളനികളുടെ സമഗ്രവികസനം ലക്ഷ്യമിട്ടാണ് മുന്‍ സര്‍ക്കാരിന്റെ കാലത്ത് 2014-ല്‍ പത്ത് കോടി രൂപ അനുവദിച്ചത്.
ചെമ്പുകടവ് കോളനിക്ക് മൂന്ന് കോടിയും വിലങ്ങാട്ടേക്ക് ഏഴ് കോടിയുമാണ് വകയിരുത്തിയത്. എന്നാല്‍ പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് വിലങ്ങാട്ടേക്കുള്ള തുക അരക്കോടിയോളം കുറച്ചു.
വിലങ്ങാട്ടെ വായാട്, മാടാഞ്ചേരി, കുറ്റല്ലൂര്‍, പന്നിയേരി കോളനിക്കാരുടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഊരുകൂട്ടങ്ങള്‍ വിളിച്ചു ചേര്‍ത്ത് ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞായിരുന്നു പദ്ധതി രേഖ സമര്‍പ്പിച്ചത്.
ഇതിനായി മന്ത്രി പി.കെ ജയലക്ഷ്മി കോളനികളിലെത്തി ഒരു ദിവസം ചെലവഴിച്ചിരുന്നു തുടര്‍ന്നാണ് പ്രദേശത്തെറോഡ്, പാലം, കുടിവെള്ളം, വീട്, സാംസ്‌കാരിക കേന്ദ്രങ്ങള്‍, ശ്മശാനം, നടപ്പാത,കോളനികളുടെ സുരക്ഷ തുടങ്ങി വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
കേന്ദ്ര, കേരള സര്‍ക്കാരുകളുടെ ഫണ്ടുപയോഗിച്ച് നടപ്പിലാക്കുന്ന പ്രൊജക്ടിന്റെ കരാര്‍ ലഭിച്ചത് ചെന്നൈ ആസ്ഥാനമായ കമ്പനിക്കാണ്. അവര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ മറ്റൊരു ടീമിന് പണി കൈമാറി. പക്ഷെ പദ്ധതി ആരംഭിച്ച് നാല് വര്‍ഷമായിട്ടും പണികളൊന്നും എവിടെയും എത്തിയിട്ടില്ല.
മാടാഞ്ചേരി, പന്നിയേരി, കുറ്റല്ലൂര്‍ എന്നിവിടങ്ങളിലെ റോഡിന്റെ ഇരുവശവും കല്ലിട്ട് കെട്ടിയ ശേഷം ഒരു പണിയും ചെയ്തിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. റോഡിന്റെ അരികു കെട്ടാനായി കരിങ്കല്ല് ഇവിടെ നിന്നു തന്നെ ശേഖരിച്ചതിനാല്‍ ലക്ഷങ്ങളുടെ ലാഭവും കോണ്‍ട്രാക്ടര്‍ക്കുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."