ഗുരുദേവ തത്വങ്ങള്‍ക്ക് വിരുദ്ധമായി പറയുന്ന എസ്.എന്‍.ഡി.പി നേതൃത്വം ആത്മപരിശോധന നടത്തണം: കോടിയേരി ബാലകൃഷ്ണന്‍
ഹരിപ്പാട്: ജാതി ചോദിക്കരുത്, പറയരുത് എന്ന ഗുരുദേവ തത്വങ്ങള്‍ക്ക് വിരുദ്ധമായി ജാതി ചോദിക്കണം, പറയണം എന്ന് പറയുന്ന എസ്.എന്‍.ഡി.പി.നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പറഞ്ഞു. സി.ബി.സി വാര്യര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നമുക്ക് ജാതിയില്ല എന്ന ഗുരുപ്രഖ്യാപനത്തിന്റെ ശതാബ്ദി വര്‍ഷ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജാതി ചിന്ത നടത്താനുള്ള യോഗത്തിന്റെ ശ്രമത്തെ പ്രവര്‍ത്തകര്‍ തിരിച്ചറിയണം.
ചാതുര്‍വര്‍ണ്യത്തിലധിഷ്ഠിതമായ ആര്‍.എസ്.എസുമായുള്ള ബാന്ധവം എസ്.എന്‍.ഡി.പി പുനപരിശോധിക്കണം. ഒരു പ്രത്യേക ജാതിയുടെ വക്താവായി ഗുരുവിനെ ചിത്രീകരിക്കുവാനുള്ള ശ്രമം അദ്ദേഹത്തെ ക്ഷുഭിതനും ദുഖിതനുമാക്കി. തുടര്‍ന്ന് അദ്ദേഹം തനിക്ക് ജാതിയില്ലെന്ന് എഴുതി തയ്യാറാക്കി. ആദ്യകാലത്ത് എസ്.എന്‍.ഡി.പി യോഗത്തില്‍ എല്ലാ സമുദായത്തില്‍പ്പെട്ടവരും ഉണ്ടായിരുന്നു. പിന്നീട് ഒരു സമുദായത്തിലെ സമ്പന്നര്‍ യോഗ നേതൃത്വം കൈയ്യടക്കി.
ദു:ഖിതനായ ഗുരു ഡോ.പല്‍പ്പുവിന് കത്തെഴുതി. അന്നത്തെ അതേ അവസ്ഥയാണ് ഇപ്പോഴും എസ്.എന്‍.ഡി.പി.യോഗത്തിന്റേത്. ആഗസ്റ്റ് 24 മുതല്‍ 28 വരെ സി.പി.എം.ന്റെ നേതൃത്വത്തില്‍ ചട്ടമ്പിസ്വാമി ജയന്തിയും, അയ്യങ്കാളി ജയന്തിയും ആഘോഷിക്കും. ഇതോടനുബന്ധിച്ച് യോഗങ്ങളും, പൊതുസമ്മേളനങ്ങളും സംഘടിപ്പിക്കും. ചാതുര്‍വര്‍ണ്യം തിരിച്ചു കൊണ്ടുവരാനുള്ള ആര്‍.എസ്.എസിന്റെ ശ്രമം തടയാനാണിതെന്നും കോടിയേരി പറഞ്ഞു.
ഗുരുദേവന്‍ എന്ന വിപ്ലവകാരി ഉഴുതുമറിച്ചിട്ട മണ്ണായതുകൊണ്ടാണ് കേരളത്തില്‍ ഇടതു വിപ്ലവ പ്രസ്ഥാനങ്ങള്‍ക്ക് വളര്‍ച്ചയുണ്ടായതെന്നും, ചരിത്രത്തിലാദ്യമായാണ് ഗുരുദേവ ദര്‍ശനങ്ങളിലൂന്നിയുള്ള ബഡ്ജറ്റ് സംസ്ഥാനത്ത് അവതരിപ്പിച്ചതെന്നും, സര്‍ക്കാര്‍ അപേക്ഷാ ഫോറങ്ങളിലെ ജാതിക്കോളം മാറ്റാന്‍ ശ്രമിക്കണമെന്നും മുഖ്യ പ്രഭാഷണം നടത്തിയ സ്വാമി ഗുരുപ്രസാദ് പറഞ്ഞു.
ടി.കെ.ദേവകുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.എം.നേതാക്കളായ സജി ചെറിയാന്‍, എം.സുരേന്ദ്രന്‍, എം.സത്യപാലന്‍, എസ്.സുരേഷ് കുമാര്‍, എ.മഹേന്ദ്രന്‍, കെ.മോഹനന്‍, പ്രൊഫ.പി.രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."