കാത്തിരുന്നിട്ടും നീതു വന്നില്ല; തനിക്കെതിരായ വ്യാജ പ്രചാരണത്തിന്റെ മുനയൊടിച്ച് അനില്‍ അക്കര എം.എല്‍.എ
തൃശൂര്‍: സമൂഹമാധ്യമങ്ങളില്‍ വൈറലായ പോസ്റ്റിനുടമയായ നീതു ജോണ്‍സണ്‍ മങ്കര എന്ന പെണ്‍കുട്ടിയ മണിക്കൂറുകളോളം റോഡില്‍ കാത്തിരുന്ന് അനില്‍ അക്കര എം.എല്‍.എ. പക്ഷേ അവള്‍ എത്തിയില്ല... വീടില്ലാത്ത പ്ലസ് വിദ്യാര്‍ഥിനിയെ നേരിട്ടു കണ്ട് പരിഹാരമുണ്ടാക്കാനാണ് രാവിലെ 9 മുതല്‍ അനില്‍ അക്കര എം.എല്‍.എ മങ്കര റോഡില്‍ കാത്തിരുന്നത്. നീതു വരാതിരുന്നതോടെ തനിക്കെതിരായ വ്യാജപ്രചാരണങ്ങളുടെ മുനയൊടിച്ചിരിക്കുകയാണ് എം.എല്‍.എ
'സാറിന് കിട്ടിയ ഒരു വോട്ട് ജീവിക്കാനായി ടെക്‌സ്‌റ്റൈല്‍ ഷോപ്പില്‍ ജോലി ചെയ്യുന്ന എന്റെ അമ്മയുടെ ആയിരുന്നു. അടച്ചുറപ്പുള്ള വീടെന്നത് ഞങ്ങളെപ്പോലെ നഗരസഭ പുറമ്പോക്കില്‍ ഒറ്റമുറിയില്‍ താമസിക്കുന്നവരുടെ വലിയ സ്വപ്നമാണ്. ഞങ്ങളുടെ കൗണ്‍സിലര്‍ സൈറാബാനുത്ത ഇടപെട്ട് ലൈഫ് മിഷനില്‍ ലിസ്റ്റില്‍ ഞങ്ങളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാഷ്ട്രീയം കളിച്ച് അത് തകര്‍ക്കരുത് പ്ലീസ്' - നീതു ജോണ്‍സണ്‍, മങ്കര എന്നായിരുന്നു കുറിപ്പ്.
ഇതിന് പ്രതികരണമായാണ് എം.എല്‍.എ രംഗത്തെത്തിയത്. നീതു ജോണ്‍സണെ കണ്ടെത്താന്‍ നിരവധി ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടെന്ന് എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചു. അവസാനവട്ട ശ്രമത്തിന്റെ ഭാഗമായി താനും കൗണ്‍സിലര്‍ സൈറാബാനു ടീച്ചറും എങ്കേക്കാട് മങ്കട റോഡില്‍ രാവിലെ ഒമ്പത് മുതല്‍ 11 വരെ കാത്തിരിക്കുമെന്നും നീതുവിനും നീതുവിനെ അറിയുന്ന ആര്‍ക്കും ഈ വിഷയത്തില്‍ തന്നെ സമീപിക്കാമെന്നും അനില്‍ അക്കര വ്യക്തമാക്കുകയുണ്ടായി.
'നീതു മോളെ കാണാന്‍ ഈ ചേച്ചിയും' എന്ന് പ്രഖ്യാപിച്ച് പെണ്‍കുട്ടിയെ കാത്തിരിക്കാനായി രമ്യ ഹരിദാസ് എം.പിയും അനില്‍ അക്കരയ്‌ക്കൊപ്പം കൂടി. രണ്ടു മണിക്കൂറോളമാണ് ഇവര്‍ നീതുവിനായി റോഡരികില്‍ കാത്തിരുന്നത്. കുട്ടിയും അമ്മയും ഇനിയും ഏതുസമയത്ത് വന്നാലും സഹായിക്കാമെന്നും വീടുവെച്ചുകൊടുക്കാമെന്നും പറഞ്ഞാണ് രമ്യയും അനിലും കാത്തിരിപ്പ് അവസാനിപ്പിച്ചത്.
സി.പി.എം സൈബര്‍ ഇടങ്ങളില്‍ക്കൂടിയാണ് നീതു ജോണ്‍സണിന്റെത് എന്ന പേരില്‍ പോസ്റ്റ് പ്രചരിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."