തിരുവമ്പാടി പഞ്ചായത്ത് യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു
തിരുവമ്പാടി: പഞ്ചായത്തില്‍ അര്‍ഹരായ വ്യക്തികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ക്ഷേമ പെന്‍ഷനുകള്‍ ഇല്ലാത്ത കാരണം പറഞ്ഞു തടഞ്ഞുവയ്ക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെയും പഞ്ചായത്ത് എല്‍.ഡി.എഫ് ഭരണ സമിതിയുടെയും നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മെംബര്‍മാര്‍ പഞ്ചായത്ത് ബോര്‍ഡ് യോഗം ബഹിഷ്കരിച്ചു.
മെംബര്‍മാരായ ബോസ് ജേക്കബ്, ടോമി കൊന്നക്കല്‍, ടി.ജെ കുര്യാച്ചന്, റോബര്‍ട്ട് നെല്ലിക്കത്തെരുവില്‍, പൗളിന് മാത്യു, വില്‍സണ്‍ താഴത്തുപറമ്പില്‍, ഓമന വിശ്വംഭരന് എന്നിവരാണ് പഞ്ചായത്ത് ബോര്‍ഡ് യോഗം ബഹിഷ്കരിച്ചത്. ജീവിച്ചിരിക്കുന്നവരെ മരിച്ചവരുടെ ലിസ്റ്റിലും സ്വന്തമായി സൈക്കിള്‍ പോലുമില്ലാത്തവരെ സന്തമായി കാര്‍ ഉള്ള ലിസ്റ്റിലും ഉള്‍പ്പെടുത്തി പെന്ഷന് നിഷേധിക്കുന്നുവെന്നാണ് പരാതി. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ക്ഷേമപെന്ഷന് ലഭിക്കാനുള്ള നടപടികള്‍ വേണം. പ്രകൃതിക്ഷോഭങ്ങള്‍ക്ക് പ്രത്യേകം ഫണ്ട് അനുവദിക്കാതെ പഞ്ചായത്തിന്റെ പദ്ധതി രേഖയിലുള്ള പദ്ധതികള്‍ക്ക് നീക്കിവച്ചിരിക്കുന്ന പണം പ്രകൃതിക്ഷോഭങ്ങള്‍ക്ക് ഉപയോഗിക്കുന്നു. കൂടാതെ ഉത്തരവുകളിറക്കി പഞ്ചായത്തിന് അധിക ബാധ്യത ഉണ്ടാക്കിവയ്ക്കുന്നുവെന്നാണ് മെംബര്‍മാര്‍ ആരോപിക്കുന്നത്.
ലൈഫ് പദ്ധതിക്ക് തുരങ്കം വയ്ക്കുവാന്‍ യു.ഡി.എഫ് നീക്കമെന്ന്
തിരുവമ്പാടി: പഞ്ചായത്തിലെ ലൈഫ് പദ്ധതിക്ക് തുരങ്കംവയ്ക്കുവാന് യു.ഡി.എഫ് നീക്കമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന്.
പഞ്ചായത്തിലെ 240തോളം ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മിച്ചു കൊടുക്കുന്നതിന് വേണ്ടിയുള്ള പതിനാലര കോടി പലിശ രഹിത വായ്പ ലഭ്യമാക്കുന്നതിന് സര്‍ക്കാര്‍ തീരുമാനപ്രകാരം സമ്മതപത്രം കൊടുക്കാനുള്ള ഭരണസമിതി തീരുമാനത്തില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മെംബര്‍മാര്‍ നടത്തിയ വോക്കൗട്ട് അങ്ങേയറ്റം അപലപനീയവും നിരുത്തരവാദിത്യപരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരേ ശക്തമായ ജനകീയ ജാഗ്രതയുണ്ടാകണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ടി അഗസ്റ്റിന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."