എച്ച്1 എന്‍1: ഏപ്രിലില്‍ 12 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു; ഒരു മരണം
കോഴിക്കോട്: ഏപ്രില്‍ മാസത്തില്‍ ജില്ലയില്‍ 12 പേര്‍ക്ക് എച്ച്1 എന്‍1 രോഗം ബാധിച്ചതായും ഒരു മരണം സംഭവിച്ചതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. കുന്ദമംഗലത്താണ് മരണം സംഭവിച്ചത്. രോഗത്തിനെതിരേ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
എച്ച്1 എന്‍1 ചികിത്സയ്ക്കുള്ള മരുന്ന് പ്രാഥമികരോഗ്യ കേന്ദ്രം മുതല്‍ എല്ലാ സര്‍ക്കാര്‍ ആശുപത്രിയിലും സൗജന്യമായി ലഭിക്കും. രോഗം ബാധിച്ച വ്യക്തിയുടെ തൊണ്ടയില്‍ നിന്നെടുക്കുന്ന സ്രവങ്ങള്‍ പരിശോധിച്ചാണ് രോഗനിര്‍ണയം നടത്തുക. രോഗത്തിന് ഫലപ്രദമായ ആന്റിവൈറല്‍ മരുന്നുകള്‍ ലഭ്യമാണെന്ന് ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോള്‍ ഫ്രീ നമ്പര്‍: ദിശ- 1056.
ലക്ഷണങ്ങള്‍
പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീ ചലനം ദ്രുതഗതിയിലാകുക, രക്തസമ്മര്‍ദം ക്രമാതീതമായി കുറയുക എന്നിവ എച്ച്1 എന്‍1-ന്റെ ലക്ഷണങ്ങളാണ്. കുട്ടികള്‍, വയോജനങ്ങള്‍, രോഗപ്രതിരോധ ശക്തി കുറഞ്ഞവര്‍ എന്നിവര്‍ പ്രത്യേകം മുന്‍കരുതലെടുക്കണം.
പനി, ചുമ, ശ്വാസംമുട്ടല്‍, ശരീരവേദന, തൊണ്ടവേദന, ജലദോഷം, വിറയല്‍, ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് രോഗലക്ഷണങ്ങള്‍. രക്തം കലര്‍ന്ന കഫം ഛര്‍ദ്ദിക്കുന്നതും ലക്ഷണമാണ്. ഏറെക്കുറെ ന്യുമോണിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അത് എച്ച്1 എന്‍1 ആയേക്കാം.
എങ്ങനെ പ്രതിരോധിക്കാം
ഇന്‍ഫ്‌ളുവന്‍സ് ടൈപ്പ് എ വൈറസാണ് എച്ച്1 എന്‍1 രോഗത്തിന് കാരണം. എച്ച്1 എന്‍1 വൈറസുകള്‍ വായുവിലൂടെയാണ് പകരുന്നത്. വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം കണ്ണിലോ മൂക്കിലോ വായയിലോ തൊടുന്നത് അണുബാധയ്ക്ക് കാരണമാകും. അസുഖമുള്ള ആളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതും രോഗം പകരാന്‍ ഇടയാക്കും.
മുന്‍കരുതല്‍ വേണം
എച്ച്1 എന്‍1-ന്റെ കാര്യത്തില്‍ മുന്‍കരുതല്‍ പ്രധാനമാണ്. കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക. സോപ്പും വെള്ളവും ഉപയോഗിച്ച് ഇടയ്ക്കിടെ കഴുകുക.
യാത്രയ്ക്ക് ശേഷം ഉടന്‍ കുളിക്കുക. രോഗികകളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുക. നന്നായി വിശ്രമിക്കുക. മാനസിക സമ്മര്‍ദം അകറ്റുക. വിദേശത്തു നിന്ന് വരുന്നവര്‍ക്ക് രോഗലക്ഷണമുണ്ടെങ്കില്‍ പരിശോധന നടത്തുക. ഈര്‍പ്പം തങ്ങി നില്‍ക്കുന്ന അന്തരീക്ഷമായതിനാല്‍ നന്നായി ഉണങ്ങിയ വസ്ത്രങ്ങള്‍ മാത്രം ധരിക്കുക. പോഷകമൂല്യം ഏറെയുള്ള ഭക്ഷണം കഴിക്കുക.
രോഗബാധിതരുടെ ശ്രദ്ധക്ക്
രോഗബാധിതര്‍ ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പോകരുത്. ദൂരയാത്ര ഒഴിവാക്കണം. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും പൊത്തിപ്പിടിക്കണം. ശേഷം ഉടന്‍ തന്നെ കൈ നന്നായി കഴുകുക.
മറ്റുള്ളവരില്‍ നിന്ന് അകലം പാലിക്കുക. ഹസ്തദാനം, ആശ്ലേഷം എന്നിവ ഒഴിവാക്കുക. ടവ്വല്‍ ഉപയോഗിച്ച് കൈ തുടയ്ക്കുക, ടവ്വല്‍ കൊണ്ടുതന്നെ വാട്ടര്‍ ടാപ്പ് അടയ്ക്കണം. ആല്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് വാഷുകള്‍ ഉപയോഗിക്കുക.
ധാരാളം വെള്ളം കുടിക്കുക. നന്നായി ഉറങ്ങുകയും ശാരീരികമായ് ഊര്‍ജസ്വലരായിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. പൊതുനിരത്തിലും മറ്റും തുപ്പുന്നത് ഒഴിവാക്കുക. ഡോക്ടര്‍മാരുടെ നിര്‍ദേശത്തോടെയല്ലാതെ മരുന്നുകള്‍ കഴിക്കുന്നത് ഒഴിവാക്കുക.
രോഗം സ്ഥിരീകരിച്ചാല്‍ ചൂടുള്ള ആഹാരം മാത്രം കഴിക്കുക. ഇളം ചൂടുള്ള പാനീയങ്ങള്‍ ഇടയ്ക്കിടെ കുടിക്കുക. എത്രത്തോളം വിശ്രമിക്കുന്നുവോ രോഗം ഭേദമാകാനുള്ള സാധ്യത അത്രയും വര്‍ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."