പനിച്ചുവിറച്ച് മഞ്ചേരി
മഞ്ചേരി: മഞ്ചേരിയുടെ വിവിധ ഭാഗങ്ങളില്‍ പകര്‍ച്ച പനി പടര്‍ന്നു പിടിക്കുന്നു. കഴിഞ്ഞ ഒരാഴ്ചയായി മഞ്ചേരി മെഡിക്കല്‍ കോളജില്‍ പനി ബാധിച്ച് എത്തുന്നത് നിരവധി രോഗികളാണ്. വൈറല്‍ പനിക്ക് പുറമെ എലിപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നതായാണ് റിപ്പോര്‍ട്ട്.
മഞ്ചേരി നഗരസഭയില്‍ ഇതിനകം എട്ടുപേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. നഗരസഭയുടെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. എടവണ്ണ, തൃക്കലങ്ങോട്, തൃപ്പനച്ചി, പൂക്കോട്ടൂര്‍ ഭാഗങ്ങളിലും പനി പടരുന്നുണ്ട്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പനി വാര്‍ഡില്‍ ദിവസം നൂറുകണക്കിന് രോഗികളാണ് എത്തുന്നത്. പനിയും പകര്‍ച്ചാവ്യാധികളും ബാധിച്ച് ആശുപത്രിയില്‍ എത്തുന്നവര്‍ വലിയ ദുരിതമാണ് സഹിക്കേണ്ടിവരുന്നത്.
രോഗ നിര്‍ണയ സംവിധാനങ്ങളുടെ കുറവ് മെഡിക്കല്‍ കോളജില്‍ വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. നിലവില്‍ ഉച്ച വരെ മാത്രമാണ് ഒ.പി പ്രവര്‍ത്തിക്കുന്നത്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ലാബിലെത്തുന്ന രോഗിക്ക് വൈകുന്നേരമാണ് ഫലം ലഭിക്കുക. പരിശോധന ഫലം ഡോക്ടറെ കാണിക്കാന്‍ വീണ്ടും ആശുപത്രിയില്‍ എത്തേണ്ട ഗതികേടിലാണ് രോഗികള്‍. വൈകുന്നേരം ഒ.പിയുടെ പ്രവര്‍ത്തനം നീട്ടണമെന്ന ആവശ്യം വ്യപകമായി ഉയര്‍ന്നിട്ടുണ്ട്. ശരാശരി അഞ്ഞൂറിന് താഴെ രോഗികള്‍ക്ക് മാത്രം സൗകര്യമുള്ള ഒ.പിയില്‍ ദിവസവും എത്തുന്നത് രണ്ടായിരത്തോളം രോഗികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."