ഇരട്ട കുട്ടികളുടെ മരണം: മാതാപിതാക്കള്‍ക്ക് നീതി ഉറപ്പാക്കണം- സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍
കോഴിക്കോട്: ആശുപത്രികള്‍ കയ്യൊഴിഞ്ഞതിനെ തുടര്‍ന്ന് ഇരട്ട ഗര്‍ഭസ്ഥ ശിശുക്കള്‍ മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് നീതി ഉറപ്പാക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ആവശ്യപ്പെട്ടു. യുവതിക്ക് ചികിത്സ നിഷേധിച്ച ആശുപത്രി അധികൃതര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണം. പ്രസവവേദനയോടെ ഒരു പെൺകുട്ടി നീണ്ട മണിക്കൂറുകൾ ചികിൽസക്കു വേണ്ടി ആശുപത്രികൾ കയറിയിറങ്ങി അലയേണ്ടി വന്നത് പൊറുക്കാവുന്നതല്ല.
മനുഷ്യത്വം മരവിച്ച ഈ നടപടിക്കെതിരെ മനുഷ്യാവകാശ സംഘടനകൾ ഇടപെടണം. ഇത് സംബന്ധമായി സർക്കാർ പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാകരുത്. കുറ്റവാളികളെ പുറത്തുകൊണ്ടുവന്ന് മാതൃകാപരമായ ശിക്ഷ കൊടുക്കണം. പിതാവും സുപ്രഭാതം മഞ്ചേരി ലേഖകനുമായ എന്‍.സി മുഹമ്മദ് ശരീഫിനും കുടുംബത്തിനും ആവശ്യമായ എല്ലാവിധ സഹായങ്ങളും സർക്കാർ തലത്തിൽനിന്നുണ്ടാവണമെന്നും തങ്ങൾ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."