മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരം: നാറ്റ്പാക് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
മഞ്ചേരി: മഞ്ചേരിയിലെ ഗതാഗത പരിഷ്‌കാരവുമായി ബന്ധപ്പെട്ട് നാറ്റ്പാക് സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ദിരാഗാന്ധി ബസ് ടെര്‍മിനല്‍ സജീവമാക്കുന്ന തരത്തില്‍ നഗരത്തില്‍ നടപ്പാക്കേണ്ട ഗതാഗത പരിഷ്‌കാരം സംബന്ധിച്ചാണ് നാറ്റ്പാക് പഠന റിപ്പോര്‍ട്ട്. ട്രാഫിക് റഗുലേറ്ററി കമ്മിറ്റി ചെയര്‍മാന്‍, നഗരസഭാധ്യക്ഷ, കണ്‍വീനര്‍, സി.ഐ എന്നിവര്‍ക്കാണ് ശുപാര്‍ശ കൈമാറിയത്.
തിരൂര്‍, പെരിന്തല്‍മണ്ണ ഭാഗത്തുനിന്നു മഞ്ചേരിയിലേക്കു വരുന്ന ബസുകള്‍ ഐ.ജി.ബി.ടിയില്‍ കേന്ദ്രീകരിക്കാനും നിലമ്പൂര്‍ ഭാഗത്തുനിന്നു കോഴിക്കോട് ഭാഗത്തേക്കുള്ള ബസുകള്‍ സി.എച്ച് ബൈപാസ്, സീതിഹാജി ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, കച്ചേരിപ്പടി, ഐ.ജി.ബി.ടി തുറക്കല്‍ വഴി കോഴിക്കോട്ടേക്ക് സര്‍വീസ് നടത്തുന്ന തരത്തിലുമാണ് പഠന റിപ്പോര്‍ട്ട്.
ശുപാര്‍ശകള്‍ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി, നഗരസഭ തുടങ്ങിയവ ചര്‍ച്ച ചെയ്തതിന് ശേഷം കലക്ടറുടെ അംഗീകാരത്തിനായി സമര്‍പ്പിക്കാനാണ് നീക്കം. ശാസ്ത്രീയ പഠനം നടത്തി തയാറാക്കിയ റിപ്പോര്‍ട്ടില്‍ മാറ്റം വരുത്തുന്നത് സംബന്ധിച്ച കലക്ടറായിരിക്കും അന്തിമ തീരുമാനമെടുക്കുക. നഗരത്തിലെ ട്രാഫിക് സംവിധാനത്തിനെതിരേ ഒട്ടേറെ പ്രതിഷേധവും കോടതി നടപടികളുമുണ്ടായിരുന്നു. ഇതിനു ശാശ്വത പരിഹാരമെന്ന നിലയിലാണ് 1.75 ലക്ഷം രൂപ മുടക്കി നഗരസഭ നാറ്റ്പാകിനെ ചുമതലപ്പെടുത്തിയത്.
റിപ്പോര്‍ട്ടില്‍ അവ്യക്തതയില്ലെന്നും ബന്ധപ്പെട്ടവര്‍ വിശദീകരണമാവശ്യപ്പെട്ടാല്‍ നല്‍കുമെന്നും നാറ്റ്പാക് അധികൃതര്‍ പറഞ്ഞു. വിവിധ ഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുകള്‍ ഉയരാന്‍ സാധ്യതയുള്ളതിനാല്‍ പഠന റിപ്പോര്‍ട്ട് അപ്പടി അംഗീകരിക്കാന്‍ ഇടയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."