കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ സബാഹ് അന്തരിച്ചു
കുവൈത്ത് സിറ്റി: കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചു. 91 വയസായിരുന്നു. അമേരിക്കയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കേയാണ് മരണം.
മുന്‍ അമീര്‍ ശൈഖ് ജാബിര്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ വിയോഗത്തെ തുടര്‍ന്ന് 2006 ജനുവരി 29നാണ് ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ജാബിര്‍ അസ്സബാഹ് കുവൈത്തിന്റെ 15-ാമത് അമീറായി സ്ഥാനമേറ്റത്.
ആധുനിക കുവൈത്ത് വിദേശ നയം രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചയാളാണ് ശൈഖ് സബാഹ്. 1963 മുതല്‍ 2003 വരെയുള്ള നാല്‍പതു വര്‍ഷ കാലയളവില്‍ അദ്ദേഹം കുവൈത്തിന്റെ വിദേശമന്ത്രിയായിരുന്നു.
1929 ജൂണ്‍ 26ന് ശൈഖ് അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിന്റെ നാലാമത്തെ മകനായി ജനിച്ച ശൈഖ് സബാഹ് യൂറോപ്പിലെ വിദ്യാഭ്യാസ കാലത്തിനുശേഷം തിരിച്ചെത്തിയപ്പോള്‍ 1954ല്‍ 25-ാം വയസ്സില്‍ തൊഴില്‍, സാമൂഹിക മന്ത്രാലയത്തിന് കീഴിലെ സമിതിയുടെ മേധാവിയായി ചുമതലയേറ്റു. മൂന്നുവര്‍ഷത്തിനുശേഷം സര്‍ക്കാര്‍ പ്രസിദ്ധീകരണ വിഭാഗത്തിന്റെ മേധാവിയായി. ഈ കാലത്താണ് രാജ്യത്തെ പ്രഥമ സാംസ്‌കാരിക പ്രസിദ്ധീകരണമായ 'അല്‍ അറബി' തുടങ്ങിയത്.
1962ല്‍ വാര്‍ത്താവിനിമയ മന്ത്രിയായി. 1963ല്‍ വിദേശകാര്യ മന്ത്രിയും. ഇത്രയേറെ കാലം വിദേശ മന്ത്രിയായ മറ്റൊരാള്‍ ലോകത്തില്ല. 2003ല്‍ പ്രധാനമന്ത്രി പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. 2006ല്‍ അമീറായി അവരോധിക്കപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."