അഞ്ചടിയില്‍ സിറ്റി മൂന്നാം സ്ഥാനത്ത്
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി മൂന്നാം സ്ഥാനത്തേക്ക് കയറി. ലിവര്‍പൂളിനെ പിന്തള്ളിയാണ് സിറ്റി സ്ഥാനം കയറിയത്. ക്രിസ്റ്റല്‍ പാലസിനെ സ്വന്തം തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തില്‍ മറുപടിയില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് പെപ് ഗെര്‍ഡിയോളയുടെ ടീം വിജയം പിടിച്ചത്. അതേസമയം മറ്റൊരു മത്സരത്തില്‍ രണ്ടാം സ്ഥാനത്തുള്ള ടോട്ടനം ഹോട്‌സ്പറിനെ വെസ്റ്റ് ഹാം യുനൈറ്റഡ് മറുപടിയില്ലാത്ത ഒറ്റ ഗോളിന് അട്ടിമറിച്ചു. ഒന്നാം സ്ഥാനത്തുള്ള ചെല്‍സിയെ പിന്തള്ളി ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള അവസരത്തിനായി കുതിച്ച ടോട്ടനത്തിന് തോല്‍വി തിരിച്ചടിയായി. മറ്റു മത്സരങ്ങളില്‍ സണ്ടര്‍ലാന്‍ഡ് 2-0ത്തിന് ഹള്‍ സിറ്റിയെ കീഴടക്കിയപ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ലെയ്സ്റ്റര്‍ സിറ്റി വാട്‌ഫോര്‍ഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വീഴ്ത്തി. ബേണ്‍മൗത്ത്- സ്റ്റോക് സിറ്റി, ബേണ്‍ലി- വെസ്റ്റ് ബ്രോംവിച് പോരാട്ടങ്ങള്‍ 2-2ന് സമനില.
ആദ്യ പകുതിയില്‍ ഒറ്റ ഗോളിന് മുന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയിലാണ് സിറ്റി ശേഷിച്ച നാല് ഗോളുകള്‍ ക്രിസ്റ്റല്‍ പാലസിന്റെ വലയില്‍ അടിച്ചു കയറ്റിയത്. ഡേവിഡ് സില്‍വ, വിന്‍സന്റ് കോംപനി, ഡി ബ്രുയ്ന്‍, റഹിം സ്റ്റെര്‍ലിങ്, ഒടാമെന്‍ഡി എന്നിവരാണ് സിറ്റിക്കായി വല ചലിപ്പിച്ചത്. കളി തുടങ്ങി രണ്ടാം മിനുട്ടില്‍ തന്നെ ഡേവിഡ് സില്‍വ സിറ്റിക്ക് ലീഡ് സമ്മാനിച്ചു. പിന്നീട് 49ാം മിനുട്ടില്‍ കോംപനി, 59ല്‍ ഡി ബ്രുയ്ന്‍, 82ാം മിനുട്ടില്‍ സ്റ്റെര്‍ലിങ് കളിയുടെ അവസാന നിമിഷത്തില്‍ ഒടാമെന്‍ഡി എന്നിവര്‍ പട്ടിക പൂര്‍ത്തിയാക്കി.
വിജയം തുടര്‍ന്ന് ബയേണ്‍
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ കിരീടം ഉറപ്പാക്കിയ ബയേണ്‍ മ്യൂണിക്ക് വിജയം തുടരുന്നു. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ ഡാംസ്റ്റഡിനെ പരാജയപ്പെടുത്തി.
പ്രമുഖര്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ആന്‍സലോട്ടി ടീമിനെ കളത്തിലെത്തിച്ചത്. യുവാന്‍ ബെര്‍ണാടാണ് ബയേണിന്റെ ഏക ഗോള്‍ നേടിയത്.
മറ്റു മത്സരങ്ങളില്‍ ബൊറൂസിയ ഡോര്‍ട്മുണ്ട് 2-1ന് ഹോഫെന്‍ഹെയിമിനേയും വോള്‍വ്‌സ്ബര്‍ഗ് 2-0ത്തിന് ഫ്രാങ്ക്ഫര്‍ടിനേയും കൊളോണ്‍ 4-3ന് വെര്‍ഡര്‍ബ്രമനേയും പരാജയപ്പെടുത്തി. ഇംഗോള്‍സ്റ്റഡ്- ബയര്‍ ലെവര്‍കൂസന്‍, ബൊറൂസിയ മോണ്‍ചെന്‍ഗ്ലാഡ്ബാച്- ഓഗ്‌സ്ബര്‍ഗ് പോരാട്ടങ്ങള്‍ 1-1ന് സമനില.
അത്‌ലറ്റിക്കോയ്ക്ക് ജയം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന് വിജയം. മറുപടിയില്ലാത്ത ഒറ്റ ഗോളിന് അവര്‍ എയ്ബറിനെ വീഴ്ത്തി. മറ്റൊരു മത്സരത്തില്‍ കരുത്തരായ സെവിയ്യയെ റയല്‍ സോസിഡാഡ് 1-1ന് സമനിലയില്‍ കുരുക്കി. സ്‌പോര്‍ടിങ് ഗിജോണ്‍ 1-0ത്തിന് ലാസ് പല്‍മാസിനെ കീഴടക്കി.
അഞ്ചടിച്ച് പി.എസ്.ജി
പാരിസ്: ഫ്രഞ്ച് ലീഗ് വണില്‍ പാരിസ് സെന്റ് ജെര്‍മെയ്‌ന് തകര്‍പ്പന്‍ ജയം. അഞ്ച് ഗോളുകള്‍ അടിച്ച് അവര്‍ ബാസ്റ്റിയയെ തകര്‍ത്തു. എഡിന്‍സന്‍ കവാനി ഇരട്ട ഗോളുകള്‍ നേടി. സെയ്ന്റ് എറ്റീന്‍- ബോര്‍ഡെക്‌സ് പോരാട്ടം 2-2ന് സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."