കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പ് മേധാവി നൗഹീര ശൈഖ് ഹൈദരാബാദില്‍ അറസ്റ്റില്‍
ഹൈദരാബാദ്: കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ്പ് മേധാവി നൗഹീര ശൈഖ് ഹൈദരാബാദില്‍ അറസ്റ്റില്‍. എന്‍ഫോഴ്‌സ്‌മെന്റാണ് ഹൈദരാബാദില്‍ നിന്ന് അവരെ അറസ്റ്റ് ചെയ്തത്. ഇവര്‍ക്കൊപ്പം കള്ളപ്പണ്ണം വെളുപ്പിച്ചെന്ന കേസില്‍ നൗഹീര ശൈഖിനൊപ്പം പ്രൈവറ്റ് സെക്രട്ടറി മോളി തോമസ്, ഭര്‍ത്താവ് ബിജു തോമസ് എന്നിവരെയും എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കേരളത്തിലും ഇവര്‍ പലിശ രഹിത നിക്ഷേപത്തിന് ലാഭം വാഗ്ദാനം ചെയ്ത് നൂറുക്കണക്കിന് ആളുകളില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്. ഹലാലായ ലാഭവിഹിതം വാഗ്ദാനം ചെയ്തായിരുന്നു നിക്ഷേപം സ്വീകരിച്ചിരുന്നത്. എന്നാല്‍ പലര്‍ക്കും പിന്നീട് ലാഭമോ മുതല്‍ തന്നെയോ തിരിച്ചുകിട്ടാതായതോടെയാണ് തങ്ങള്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് മനസിലായത്. തുടര്‍ന്ന് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നിക്ഷേപകര്‍ ഒത്തുകൂടി ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ച് സമരരംഗത്താണ്.
കേഴിക്കോട് കേന്ദ്രമായും ഇവര്‍ കമ്പനിക്ക് ഓഫിസ് തുറന്നിരുന്നു. ഇവിടെവെച്ചാണ് നിക്ഷേപം സ്വീകരിച്ചിരുന്നത്. പിന്നീട് ഈ ഓഫിസ് പൊലിസ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു. ഇവരെ കേരളത്തിലേക്ക് വിട്ടുകിട്ടണമെന്നതാണ് ഇവരുടെ ആവശ്യം.
കൂടെ അറസ്റ്റിലായ മോളി തോമസും ബിജു തോമസും എറണാകുളം സ്വദേശികളാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹീരാ ഗ്രൂപ്പ് നടത്തിയ നിക്ഷേപ തട്ടിപ്പുകളെ തുടര്‍ന്നാണ് ഇപ്പോഴത്തെ അറസ്റ്റ്. പ്രതികള്‍ക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഹൈദരാബാദ് മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങി.
ഹീരാ ഗ്രൂപ്പിന്റെ തട്ടിപ്പുകളെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു. കമ്പനി മേധാവിയായ നൗഹീര ശൈഖ് തട്ടിപ്പ് കേസില്‍ മുംബൈയിലും തെലങ്കാനയിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തില്‍ ഹീരാ ഗ്രൂപ്പ് 25 കോടിയിലധികം രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയെന്നാണ് കണക്കാക്കുന്നത്. ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് അടുത്തിടെ ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. ഹൈദരാബാദില്‍ നിന്ന് പ്രതികളെ കേരളത്തിലെത്തിച്ച് അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ക്രൈംബ്രാഞ്ച് തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."