ബാവിക്കര സ്കൂള്‍ ഇനി മദ്റസയില്‍ പ്രവര്‍ത്തിക്കും
ബോവിക്കാനം: ബാവിക്കര ഗവ. എല്‍.പി സ്കൂള്‍ ഇനി ബാവിക്കര മുഈനുല്‍ ഇസ്ലാം മദ്റസയില്‍ പ്രവര്‍ത്തിക്കും. കെട്ടിടം അപകടാവസ്ഥയിലായതിനെ തുടര്‍ന്നാണ് മദ്റസയിലേക്കു മാറ്റിയത്.
സ്കൂള്‍ കെട്ടിടത്തിന്റെ തറയിലും ചുമരുകളിലും തൂണുകള്‍ക്കും വിള്ളല്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായതോടെ സ്കൂള്‍ അധികൃതര്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരെ വിവരമറിയിക്കുകയും വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി അപകടാവസ്ഥയിലായ കെട്ടിടത്തില്‍ ക്ലാസ് നടത്തരുതെന്ന് നിര്‍ദേശം നല്‍ക്കുകയും ചെയ്തിരുന്നു.
ഇതേതുടര്‍ന്ന് മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് ഖാലിദ് ബെള്ളിപ്പാടിയും പ്രധാനധ്യാപികയും പി.ടി.എ ഭാരവാഹികളും ബവിക്കര ജമാഅത്ത് കമ്മിറ്റി ഭാരവാഹികളുമായി ബന്ധപ്പെട്ട് മദ്റസ കെട്ടിടം താല്‍ക്കാലികമായി സ്കൂള്‍ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയുണ്ടായി. തുടര്‍ന്ന് ക്ലാസ് നടത്താന്‍ ജമാഅത്ത് കമ്മിറ്റി മദ്റസ കെട്ടിടം വിട്ടു നല്‍കുകയായിരുന്നു.
കഴിഞ്ഞ ദിവസം വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ മദ്റസ കെട്ടിടം പരിശോധിക്കുകയും ക്ലാസ് നടത്താന്‍ അനുവാദം നല്‍കുകയും ചെയ്തതോടെയാണ് ഇന്നലെയാണ് മദ്റസയിലേക്കു സ്കൂള്‍ മാറ്റിയത്.
നേരത്തെ തന്നെ സ്കൂളിന്റെ ചുമരുകളിലും മറ്റും ചെറിയ തോതില്‍ വിള്ളലുണ്ടായിരുന്നു. അവധി കഴിഞ്ഞു വീണ്ടും സ്കൂള്‍ തുറന്നപ്പോഴാണ് കൂടുതല്‍ ഭാഗത്ത് ചുമരുകള്‍ പൊട്ടിയ നിലയില്‍ കണ്ടത്.
കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ സ്കൂളിന്റെ മേലെ ഭാഗത്തുനിന്നു മഴവെള്ളം കുത്തിയൊലിച്ചുവന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ ഭാഗത്ത് വിള്ളല്‍ വീഴുകയും കെട്ടിടം അപകടാവസ്ഥയിലാവുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."