ഭിന്നത പരസ്യമാക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ്
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: അപ്രതീക്ഷിതമായി ചുമതലകളില്‍നിന്ന് രാജിവച്ച് പാര്‍ട്ടിക്കുള്ളിലെ ഭിന്നത പരസ്യമാക്കിയ കെ.മുരളീധരന്റെയും ബെന്നി ബഹനാന്റെയും നടപടിയില്‍ അതൃപ്തി പ്രകടിപ്പിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. അതൃപ്തി ഹൈക്കമാന്റിനെ അറിയിച്ചു.
ആശയ സംഘര്‍ഷങ്ങള്‍ ആകാമെങ്കിലും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്ന് ഇന്നലെ കെ.പി.സി.സി സെക്രട്ടറിമാര്‍ ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ മുല്ലപ്പള്ളി തുറന്നടിക്കുകയും ചെയ്തു. പുനഃസംഘടന വൈകിയതിലും എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിലും നിരാശയുണ്ടെന്നും ചടങ്ങില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കവേ അദ്ദേഹം വ്യക്തമാക്കി.നിയമസഭാ തെരഞ്ഞടുപ്പില്‍ എം.പി സ്ഥാനം രാജിവച്ച് മത്സരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയും കെ.പി.സി.സി പ്രസിഡന്റ് കര്‍ശന നിലപാട് എടുത്തിട്ടുണ്ട്.
ഒരു കാരണവശാലും എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കേണ്ടതില്ലെന്ന നിലപാട് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തുവെന്നാണ് വിവരം.അതേസമയം കെ. മുരളീധരന്റെയും ബെന്നി ബഹനാന്റെയും രാജിയോടെ പാര്‍ട്ടി സംവിധാനത്തിലുണ്ടായ ആശയക്കുഴപ്പം പരിഹരിക്കാന്‍ നേതൃത്വം ശ്രമം തുടങ്ങിയിട്ടുമുണ്ട്. ബെന്നി ബഹനാനു പകരം എം.എം ഹസനെ യു.ഡി.എഫ് കണ്‍വീനറാക്കാന്‍ പ്രതിപക്ഷനേതാവ് ഘടകക്ഷികളുടെ അഭിപ്രായം തേടിയിട്ടുണ്ട്.
ഇതുസംബന്ധിച്ച് ഡല്‍ഹിയില്‍ നിന്നുള്ള അനുമതി കൂടി ലഭിച്ചാല്‍ പ്രഖ്യാപനമുണ്ടായേക്കും. എം.എം ഹസനു പുറമേ കെ.വി തോമസിന് പ്രത്യേകം ചുമതല നല്‍കാനും സാധ്യതയുണ്ട്. കെ. മുരളീധരന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങുന്നുവെന്ന പ്രചാരണം ശക്തമാണെങ്കിലും കോണ്‍ഗ്രസ് നേതൃത്വം ഇതുവരെയും അംഗീകരിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."