സ്ഥിതി അതീവ ഗുരുതരം: മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നുവെന്നും സ്ഥിതി അതീവ ഗുരുതരമെന്നും മുഖ്യമന്ത്രി. രോഗവ്യാപനം തടയുന്നതിനുള്ള നിര്‍ദേശങ്ങള്‍ അതിന്റേതായ അര്‍ഥത്തില്‍ പാലിക്കപ്പെടാത്തതാണ് ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാനകാരണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കപ്പെടണം. സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിനുവേണ്ടി സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ആദ്യഘട്ടത്തില്‍ ഈ മഹാമാരിയെ ഫലപ്രദമായി നിയന്ത്രിച്ച സംസ്ഥാനമാണ് നമ്മുടേത്. മെയ് പകുതിയാകുമ്പോള്‍ പ്രതിദിന രോഗബാധിതരുടെ എണ്ണം 16 ആയി കുറഞ്ഞിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വിവിധ സര്‍ക്കാര്‍ വകുപ്പുകളും ഫലപ്രദമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കുകയും ജനങ്ങളില്‍ നിന്ന് നല്ല സഹകരണം ലഭിക്കുകയും ചെയ്തു. സ്വകാര്യ ആശുപത്രികളെക്കൂടി കൊവിഡ് പ്രതിരോധത്തില്‍ പങ്കാളിയാക്കിയാണ് സര്‍ക്കാര്‍ നീങ്ങുന്നത്.
സ്വകാര്യ മേഖലയില്‍ കൊവിഡ് ചികിത്സയ്ക്ക് നിരക്ക് നിശ്ചയിച്ച ആദ്യ സംസ്ഥാനമാണ് കേരളം. എല്ലാ അര്‍ഥത്തിലും രോഗവ്യാപനം പിടിച്ചുനിര്‍ത്താനായി എന്നത് നമ്മുടെ അഭിമാനകരമായ നേട്ടമായിരുന്നു.
എന്നാല്‍ സെപ്റ്റംബറില്‍ രോഗികളുടെ എണ്ണത്തില്‍ ഭീതിജനകമായ വര്‍ധനവാണ് ഉണ്ടായത്. പ്രതിദിന കേസുകള്‍ 7,000 ആയി വര്‍ധിച്ചിരിക്കുന്നു. സമ്പര്‍ക്കത്തിലൂടെയാണ് 96 ശതമാനം ആളുകള്‍ക്കും രോഗം ബാധിക്കുന്നതെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ഈ നില തുടര്‍ന്നാല്‍ വലിയ അപകടത്തിലേക്കാണ് ചെന്നുപതിക്കുക. അതുകൊണ്ട് എന്തുവിലകൊടുത്തും രോഗവ്യാപനം പിടിച്ചുകെട്ടാനാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."