അപ്പീല്‍ പ്രഖ്യാപനം റവന്യൂ മന്ത്രി വിഴുങ്ങി; മരങ്ങള്‍ മുറിക്കാനുള്ള എ.വി.ടിയുടെ നീക്കം തടഞ്ഞത് സ്വകാര്യ ഹരജി
പത്തനംതിട്ട: സര്‍ക്കാരിന് വന്‍ നഷ്ടം വരുത്തിവയ്ക്കുന്ന എ.വി.ടിയുടെ മരംമുറിക്കാനുള്ള നീക്കത്തിനെതിരേ അപ്പീല്‍ നല്‍കുമെന്ന പ്രഖ്യാപനം റവന്യൂ മന്ത്രി വിഴുങ്ങി. ഇതേത്തുടര്‍ന്ന് നേരത്തേ ലഭിച്ച ഹൈക്കോടതി അനുമതിയുടെ മറവില്‍ കമ്പനി തുടങ്ങിയ മരം മുറിക്കല്‍ ഡിവിഷന്‍ ബഞ്ച് തടഞ്ഞതോടെ കോടികളുടെ നഷ്ടമാണ് ഒഴിവായത്. ചിറ്റാര്‍ സ്വദേശി ശശി നല്‍കിയ അപ്പീലിനെ തുടര്‍ന്നാണ് ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചത്. ഇതു സംബന്ധിച്ച് പരാതിക്കാരുടെ വാദംകൂടി കേട്ടശേഷം മാത്രമേ തുടര്‍ നടപടി പാടുള്ളൂവെന്നും കോടതി നിര്‍ദേശിച്ചു.
ജില്ലയിലെ പെരുനാട് തോട്ടത്തില്‍ നിന്ന് മരം മുറിച്ചുമാറ്റാന്‍ കഴിഞ്ഞ മാസം 11നാണ് ഹൈക്കോടതി എ.വി.ടിക്ക് അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച കമ്പനി അധികൃതര്‍ പെരുനാട് എസ്റ്റേറ്റിലെ 136 ഏക്കറിലെ അഞ്ചുകോടിയോളം രൂപ വില മതിക്കുന്ന 16,236 റബര്‍ മരങ്ങള്‍ വെട്ടിമാറ്റാന്‍ തുടങ്ങി. തടികള്‍ നില്‍ക്കുന്ന സ്ഥലം അളന്ന് തിട്ടപ്പെടുത്തിയശേഷം മാത്രമേ മരം മുറിക്കാവൂ എന്ന വില്ലേജ് ഓഫിസറുടെ നിര്‍ദേശം അവഗണിച്ചുകൊണ്ടായിരുന്നു മരംവെട്ടല്‍. നാലു ലോഡ് തടികള്‍ ഉച്ചയോടെ കടത്തുകയും ചെയ്തു. എന്നാല്‍, സ്റ്റേ ഉത്തരവ് വന്നതോടെ മുറിക്കല്‍ അവസാനിപ്പിച്ച് എ.വി.ടി അധികൃതര്‍ പിന്‍വാങ്ങി. അതേസമയം അനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരേയും ആക്ഷേപമുണ്ട്. സര്‍ക്കാരില്‍ സീനിയറേജ് റേറ്റ് കെട്ടിവയ്ക്കാതെയാണത്രെ കമ്പനിക്ക് അനുമതി നല്‍കിയത്.
എ.വി.ടിയുടെ തോട്ടത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചും സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നല്‍കിയ അനുമതി ക്രമവിരുദ്ധമാണെന്നും വിലയിരുത്തലുണ്ട്. 1945 ല്‍ എ.വി.ടി ഉടമ ആലപ്പുഴ സ്വദേശി ആല്‍ബര്‍ട്ട് വേദം തോമസും കിച്ചു രാമസ്വാമി അയ്യരും ചേര്‍ന്ന് ബ്രിട്ടീഷ് സ്ഥാപനമായ റാണി ട്രാവന്‍കൂര്‍ റബര്‍ കമ്പനിയുടെ പക്കല്‍ നിന്നു വാങ്ങിയതാണ് 1,277 ഏക്കര്‍ തോട്ടം. 1974 മുതല്‍ വിവിധ കാലങ്ങളിലായി 485 ഏക്കര്‍ സ്ഥലം ഇവര്‍ വിറ്റു. ശേഷിക്കുന്നത് 792 ഏക്കറാണെങ്കിലും റവന്യൂ രേഖ പ്രകാരം കമ്പനിക്ക് 1,100 ഏക്കര്‍ സ്ഥലമുണ്ട്. എന്നാല്‍ ഇതില്‍ 455 ഏക്കറിനു മാത്രമേ കമ്പനി കരം അടയ്ക്കുന്നുള്ളൂ എന്നും രേഖകള്‍ വ്യക്തമാക്കുന്നു. ബാക്കി 785 ഏക്കര്‍ റവന്യൂ, വനം, തോട് എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
ഇതിന്റെ അടിസ്ഥാനത്തില്‍ ശശി 2015 ല്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയും പട്ടയഭൂമിയും അളന്ന് തിട്ടപ്പെടുത്തണമെന്നും അതുവരെ ഭൂമി ക്രയവിക്രയം ചെയ്യാന്‍ പാടില്ലെന്നും മരം മുറിക്കരുതെന്നും നിര്‍ദേശിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടര്‍ന്ന് തങ്ങള്‍ കരം അടയ്ക്കുന്ന ഭൂമിയിലെ റബര്‍ തടികള്‍ വെട്ടാന്‍ അനുമതി തേടി കമ്പനി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് റവന്യു വില്ലേജ് അധികൃതരുടെ സാന്നിധ്യത്തില്‍ മരം മുറിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. എന്നാല്‍, നിയമം മറികടന്ന് കമ്പനി എന്തെങ്കിലും ചെയ്താല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടപടിയെടുക്കരുതെന്നും പകരം വിവരം കോടതിയെ അറിയിക്കാനും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. അങ്ങനെയാണ് കഴിഞ്ഞ ദിവസം ഇവര്‍ മരംമുറിക്കല്‍ തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."