ജില്ലയിലെ ആദ്യത്തെ ഗ്രാമ ന്യായാലയം പ്രവര്‍ത്തനം തുടങ്ങി
താമരശ്ശേരി: ജില്ലയിലെ ആദ്യത്തെ ഗ്രാമ ന്യായാലയം താമരശ്ശേരിയില്‍ പ്രവര്‍ത്തനം തുടങ്ങി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് 'നീതി വീട്ടുപടിക്കല്‍' എന്ന ലക്ഷ്യത്തോടെയാണ് പാര്‍ലമെന്റ് പാസാക്കിയ 2008ലെ ഗ്രാമ ന്യായാലയ ആക്ട് അനുസരിച്ച് ഗ്രാമ കോടതി സ്ഥാപിച്ചത്. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ താമരശ്ശേരി, തിരുവമ്പാടി, കട്ടിപ്പാറ, കിഴക്കോത്ത്, കോടഞ്ചേരി, കൂടരഞ്ഞി, മടവൂര്‍, ഓമശ്ശേരി, പുതുപ്പാടി എന്നിങ്ങനെ ഒന്‍പത് ഗ്രാമപഞ്ചായത്തുകളാണ് താമരശ്ശേരി ഗ്രാമ ന്യായാലയത്തിന്റെ അധികാര പരിധിയില്‍ വരിക. മുന്‍കൂട്ടി തയാറാക്കിയ സമയക്രമപ്രകാരം ഗ്രാമതലങ്ങളില്‍ സിറ്റിങ് നടത്തുന്ന സിവില്‍, ക്രിമിനല്‍, കുടുംബ കോടതികളായാണ് ഗ്രാമ ന്യായാലയം പ്രവര്‍ത്തിക്കുക. ജില്ലയിലെ രണ്ടണ്ടാമത്തെ ഗ്രാമ കോടതി കുറ്റ്യാടിയില്‍ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.
ഗ്രാമ ന്യായാലയത്തിന്റെ ഉദ്ഘാടനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ആന്റണി ഡൊമിനിക് നിര്‍വഹിച്ചു. കോടതികളുടെയും ന്യായാധിപന്‍മാരുടെയും കുറവ് നമ്മുടെ രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നമാണെന്നും എല്ലാ പൗരന്‍മാര്‍ക്കും തുല്യനീതി ഉറപ്പാക്കുന്നതിന്റെ ഭാഗമായും കാലതാമസം വരാതിരിക്കാനുമാണ് ഗ്രാമീണ കോടതികള്‍ സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ജില്ലാ സെഷന്‍സ് ജഡ്ജ് എസ്.പി മൂസ്സത് അധ്യക്ഷനായി.
എം.കെ രാഘവന്‍ എം.പി, കാരാട്ട് റസാഖ് എം.എല്‍.എ, കോഴിക്കോട് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കെ. സോമന്‍, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൂപ്പര്‍ അഹമ്മദ് കുട്ടി ഹാജി, താമരശ്ശേരി ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ജയ്‌സണ്‍ ജോര്‍ജ്, അഡ്വക്കറ്റ് ക്ലര്‍ക്ക് അസോസിയേഷന്‍ പ്രസിഡന്റ് കെ. ഗിരീഷ് ബാബു, താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സരസ്വതി, വൈസ് പ്രസിഡന്റ് കെ.സി മാമു മാസ്റ്റര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."