അപകടത്തില്‍ വിറങ്ങലിച്ച് കാഞ്ഞങ്ങാട്.
കാഞ്ഞങ്ങാട്: ദേശീയ പാതയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വിറങ്ങലിച്ച് പ്രദേശവാസികളും യാത്രക്കാരും സ്തബ്ദരായി. കാസര്‍കോട് ഭാഗത്ത് നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കാറില്‍ എതിര്‍ദിശയില്‍ നിന്നും അമിതവേഗതയില്‍ വരുകയായിരുന്ന ലോറി നേരിട്ട് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.
കൂട്ടിയിടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം ലോറിക്കടിയില്‍ കുടുങ്ങിയതോടെ കാറിന്റെ മുന്‍സീറ്റിലുണ്ടായിരുന്ന സജീവനെയും മറ്റൊരാളെയും പുറത്തെടുക്കാന്‍ അഗ്നിരക്ഷാശമന സേനയും പൊലിസും,ഓടിക്കൂടിയ നാട്ടുകാരും അരമണിക്കൂറോളം കഠിനപ്രയത്നം തന്നെ നടത്തേണ്ടി വന്നു. അപകടത്തില്‍ കാര്‍ പാടെ തകരുകയും ചെയ്തതോടെ കാര്‍ വെട്ടിപ്പൊളിച്ചാണ് മുന്‍സീറ്റിലുണ്ടായിരുന്ന ആളുകളെ പുറത്തെടുത്തത്.
കാറോടിച്ചിരുന്ന സജീവന് കാഞ്ഞങ്ങാട് വച്ച് തന്നെ മരിച്ചു. ഇയാളുടെ ഭാര്യ റീന മംഗളൂരുവിലെ ആശുപത്രിയിലും വച്ച് മരിച്ചു. മകന് സാരംഗ് ഗുരുതര നിലയില്‍ മംഗളൂരുവിലെ ആശുപത്രിയില്‍ കഴിയുകയാണ്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്നുപേര്‍ മരിച്ചെന്നാണ് ആദ്യമുണ്ടായ പ്രചാരണം.പിന്നീട് കാറോടിച്ചയാള്‍ മാത്രമാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ സജീവന്റെ ഭാര്യ റീന മരിച്ചെങ്കിലും ഇത് അപകടത്തില്‍ ഗുരുതര നിലയില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന കാറിലുണ്ടായിരുന്ന കെ.കെ വനജയാണെന്ന രീതിയിലാണ് വാര്‍ത്ത പരന്നത്. മരിച്ചവരെയും പരുക്കേറ്റവരേയും തിരിച്ചറിയാന്‍ മണിക്കൂറുകളോളം നാടെങ്ങും ഫോണ്‍ വിളിയുടെ പ്രവാഹമായിരുന്നു. എന്നാല്‍, പൊലിസ് ഉള്‍പ്പെടെ ആര്‍ക്കും തന്നെ സന്ധ്യവരെ വ്യക്തമായ മറുപടി നല്കാന് സാധിക്കാതെ വരുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."