കുന്നത്തുനാട്ടിലെ ഭൂമി കൈയേറ്റം: വിജിലന്‍സ് അന്വേഷണം വേണമെന്ന് യു.ഡി.എഫ്
കൊച്ചി: കുന്നത്തുനാട്ടിലെ 15 ഏക്കര്‍ ഭൂമി കൈയേറ്റത്തെപ്പറ്റി വിജിലന്‍സ് അന്വേഷിക്കണമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ജില്ലാ കലക്ടറുടെ ഉത്തരവിനെ മറികടന്നാണ് സര്‍ക്കാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ ഡയരക്ടറായുള്ള സ്പീക് പ്രോപ്പര്‍ട്ടി ലിമിറ്റഡ് എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്ക് ഭൂമി വിട്ടുനല്‍കിയത്.
റവന്യു മന്ത്രിയെപ്പോലും നോക്കുകുത്തിയാക്കി നടത്തിയ കൈയേറ്റത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനും നേരിട്ട് പങ്കുണ്ടെന്നും ബെന്നി ബെഹനാന്‍ ആരോപിച്ചു.
ഉത്തരവ് റദ്ദാക്കണം. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സംസ്ഥാനത്ത് നടന്ന ഇത്തരം ഭൂമിയിടപാടുകള്‍ എല്ലാം വിജിലന്‍സ് അന്വേഷിക്കണം. അനധികൃത നിലം നികത്തലിനു സര്‍ക്കാര്‍ അനുമതി നല്‍കിയ വിഷയത്തില്‍ വി.എസ് അച്യുതാനന്ദന് കത്ത് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഒരു നിയമോപദേവശവുമില്ലാതെ വിരമിക്കുന്നതിനു തലേ ദിവസം പി.എച്ച് കുര്യന്‍ ഇത്തരത്തിലുള്ള വിവാദ ഉത്തരവിറക്കിയത് എങ്ങനെയെന്നും അന്വേഷക്കണം.
വിജിലന്‍സ് അന്വേഷണം ഉണ്ടായില്ലെങ്കില്‍ യു.ഡി.എഫ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലം നികത്തലിനെതിരേ ആദ്യം സമരവുമായി എത്തിയ പ്രാദേശിക സി.പി.എം നേതൃത്വം ഇപ്പോള്‍ പിന്മാറിയതിനു പിന്നില്‍ മുഖ്യമന്ത്രിയുടെ ഓഫിസാണെന്ന് കുന്നത്തുനാട് എം.എല്‍.എ വി.പി സജീന്ദ്രന്‍ ആരോപിച്ചു.
27നു നിയമസഭാ സമ്മേളനം ആരംഭിക്കും മുന്‍പ് ഉത്തരവ് റദ്ദാക്കി വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചില്ലെങ്കില്‍ സഭയില്‍ വന്‍ പ്രതിഷേധം ഉയര്‍ത്തുമെന്ന് അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."