ബാബരി മസ്ജിദ് തകര്‍ത്ത കേസ്: വിധി പ്രസ്താവം തുടങ്ങി, 32 പ്രതികളില്‍ 26 പേര്‍ കോടതിയിലെത്തി
ന്യൂഡല്‍ഹി: ഇന്ത്യന്‍ മതേതരത്വത്തിന് തീരാ കളങ്കമേല്‍പിച്ച ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി ന്യായം വായിച്ചു തുടങ്ങി. വിധിന്യായം വായിച്ചു തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. 28 വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. എത്രപേര്‍ കുറ്റം ചെയ്തു, ഗൂഢാലോചനയില്‍ പങ്കെടുത്ത് തുടങ്ങിയ കാര്യങ്ങളായിരിക്കും ഇന്ന് പ്രസ്താവിക്കുക.
കോടതി പരിസരത്ത് കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിട്ടുള്ളത്. പ്രധാന കവാടത്തിന് പരിസരത്തെ റോഡുകള്‍ അടച്ചു. 32 പ്രതികളില്‍ 26 പ്രതികള്‍ കോടതിയില്‍ ഹാജരായി. 6 പേര്‍ എത്തിയില്ല. സാധ്വി ഋദംബര ഉള്‍പെടെയുള്ളവര്‍ എത്തിയിട്ടുണ്ട്. അദ്വാനിയും ജോഷിയും വീഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരായേക്കും. ഉമാഭാരതി കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
ലക്നൗവിലെ പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി എസ്.കെ യാദവാണ് വിധി പറയുക. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളായ എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, കല്യാണ്‍സിങ് എന്നിവരടക്കം മുപ്പതിലേറെ പേരാണ് കേസിലെ പ്രതികള്‍. ഇവരോട് വിധി പറയുന്ന നേരത്ത് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, അദ്വാനിയും ജോഷിയും കല്യാണ്‍ സിങ്ങും ഉമാഭാരതിയും കോടതിയില്‍ നേരിട്ട് ഹാജരാട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളും പ്രായവും ചൂണ്ടിക്കാട്ടിയാണ് ഇത്.
സെപ്തംബര്‍ ഒന്നിനാണ് കേസില്‍ കോടതിയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്. സെപ്തംബര്‍ 30നകം വിധി പ്രഖ്യാപിക്കണമെന്നു സുപ്രിംകോടതി ലക്നൗവിലെ കോടതിക്കു നിര്‍ദേശം നല്‍കിയിരുന്നു. നേരത്തെ പലതവണ സമയം നീട്ടിനല്‍കിയ ശേഷമായിരുന്നു ഇത്. കേസില്‍ നേരത്തെ അദ്വാനിയടക്കമുള്ളവരെ അലഹാബാദ് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. എന്നാല്‍, ഈ വിധി പിന്നീട് പ്രത്യേക കോടതി റദ്ദാക്കുകയും പള്ളി പൊളിച്ചത് ഇന്ത്യന്‍ ഭരണഘടനയുടെ മതനിരപേക്ഷ ഘടനയ്ക്കു ഭീഷണിയായെന്നു വ്യക്തമാക്കുകയും ചെയ്തിരുന്നു.
ബാബരി മസ്ജിദ് നിലനിന്നിരുന്ന പ്രദേശത്തെ ഭൂമിതര്‍ക്കവുമായി ബന്ധപ്പെട്ട് സുപ്രിംകോടതി നേരത്തെ അന്തിമ വിധി പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് ബാബരി ഭൂമിയില്‍ രാമക്ഷേത്രത്തിന്റെ നിര്‍മാണം തുടങ്ങിയിട്ടുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."