ഇടുക്കി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷവും പ്രവേശനം നടക്കില്ല
തിരുവനന്തപുരം: മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് ഇത്തവണയും ഇടുക്കി മെഡിക്കല്‍ കോളജില്‍ ഒന്നാംവര്‍ഷ മെഡിക്കല്‍ പ്രവേശനം നടക്കില്ല. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടി ഇവിടെ പ്രവേശനം തടയുന്നത്.
ഇടുക്കി മെഡിക്കല്‍ കോളജില്‍ ഈവര്‍ഷം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ അനുമതി തേടി സര്‍ക്കാര്‍ മെഡിക്കല്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു.
തുടര്‍ന്ന് മെഡിക്കല്‍ കൗണ്‍സില്‍ പരിശോധന നടത്തി. പരിശോധനക്ക് മുന്‍പ് മറ്റ് മെഡിക്കല്‍ കോളജുകളില്‍നിന്ന് അധ്യാപകരെ ഇടുക്കിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും പരിശോധനയില്‍ അധ്യാപകരുടെ കുറവടക്കം പല പ്രശ്‌നങ്ങളും കണ്ടെത്തിയാണ് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നിഷേധിച്ചത്.
റസിഡന്റ് ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും കുറവ്, വാര്‍ഡുകളിലെ അപര്യാപ്തതകള്‍, കംപ്യൂട്ടര്‍, ഇന്റര്‍നെറ്റ് സൗകര്യമില്ലായ്മ, അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കുമായുള്ള ക്വാര്‍ട്ടേഴ്‌സിന്റെ അഭാവം, ആശുപത്രിയില്‍ കിടക്കകളുടെ എണ്ണം കുറവ്, ആവശ്യത്തിന് തീവ്രപരിചരണ വിഭാഗങ്ങളില്ല തുടങ്ങിയ പ്രശ്‌നങ്ങള്‍ പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. അനുമതി നിഷേധിച്ച വിവരം സര്‍ക്കാരിനെ മെഡിക്കല്‍ കൗണ്‍സില്‍ അറിയിക്കുകയും ചെയ്തു.
കൂടുതല്‍ വിശദീകരണം നല്‍കാന്‍ ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പ്രതിനിധിയോട് ഇന്ന് നേരില്‍ ഹാജരാകാനും നിര്‍ദേശിച്ചിട്ടുണ്ട്.
എന്നാല്‍, ഇന്ന് സര്‍ക്കാര്‍ പ്രതിനിധി ഹാജരാകുമ്പോള്‍ ആശുപത്രിയില്‍ നടപ്പാക്കിയ കാര്യങ്ങള്‍ കൗണ്‍സിലിനെ ബോധ്യപ്പെടുത്തി അനുമതി വാങ്ങുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."