ജലസംഭരണികള്‍ കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി
സുല്‍ത്താന്‍ ബത്തേരി: ആദിവാസി കോളനികളിലെ ജലക്ഷാമത്തിന് പരിഹാരം കാണുന്നതിനായി ഗിരിധാര പദ്ധതി പ്രകാരം നിര്‍മിച്ച ടാങ്കുകള്‍ കൊതുവളര്‍ത്തു കേന്ദ്രങ്ങളായി. നൂല്‍പ്പുഴ പഞ്ചായത്തിലെ പള്ളിവയല്‍ വെള്ളക്കെട്ട് പണിയ കോളനിയിലെ വര്‍ഷങ്ങള്‍ക്ക് മുമ്പ് നിര്‍മിച്ച് നോക്കുകുത്തിയായി മാറിയ പദ്ധതി ടാങ്കുകളാണ് കോളനിക്കാരുടെ ജീവന് തന്നെ ഭീഷണിയായി മാറിയിരിക്കുന്നത്. പദ്ധതി പ്രകാരം ആറോളം ജല സംഭരണികളാണ് ഈ കോളനിയില്‍ സ്ഥാപിച്ചത്. വര്‍ഷക്കാലത്ത് മഴവെള്ളക്കൊയ്ത്ത് നടത്തുന്നതിനായി വീടുകളുടെ മേല്‍ക്കൂരയില്‍ നിന്നും സംഭരണികളിലേക്ക് പൈപ്പുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ആരംഭഘട്ടത്തില്‍ മാത്രമാണ് കോളനിക്കാര്‍ക്ക് പദ്ധതിയുടെ ഗുണം ലഭിച്ചിരുന്നുള്ളൂ. വീട്ടുമുറ്റത്ത് തീര്‍ത്ത് സംഭരണികളും വീടുകളില്‍ സ്ഥാപിച്ച പൈപ്പുകളും പലതും യഥാസമയത്തുള്ള അറ്റകുറ്റ പണികള്‍ നടത്താത്തതിനാല്‍ നശിച്ചു. പിന്നീടവ ഉപയോഗ ശൂന്യമാകുകയും കോളനിയിലെ പ്രധാന കൊതുകു വളര്‍ത്തല്‍ കേന്ദ്രമാകുകയായിരുന്നു. ഇതോടെ പകര്‍ച്ച വ്യാധി ഭീഷണിയിലാണ് കോളനിക്കാര്‍.
ആറു സംഭരണികളില്‍ രണ്ടെണ്ണം മണ്ണിട്ട് നികത്തിയിട്ടുണ്ട്. പാതി മൂടിയ അവസ്ഥയിലുള്ള ഒരു സംഭരണിയില്‍ മലിന ജലം കെട്ടിക്കിടന്ന് കൊതുകുകളുടെ പ്രജനന കേന്ദ്രമായിരിക്കുകയാണ്. പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലുള്‍പെടുത്തി രണ്ടു സംഭരണികള്‍ വൃത്തിയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോളനിക്കാര്‍ക്ക് ഉപകാരമില്ലാത്ത ജലസംഭരണികള്‍ അറ്റകുറ്റപ്പണി നടത്തി ഉപയോഗപ്രദമാക്കണമെന്നും അല്ലാത്തപക്ഷം ഇവ നീക്കം ചെയ്യാന്‍ അടിയന്തര നടപടിയുണ്ടാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."