പ്രാഥമിക വിദ്യാലയങ്ങളില്‍ തലമറക്കുന്നത് നിരോധനം; നിയമത്തിന് ഓസ്ട്രിയന്‍ എം.പിമാരുടെ അംഗീകാരം
വിയന്ന: പ്രാഥമിക വിദ്യാലയങ്ങളില്‍ തലമറക്കുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമത്തിന് ഓസ്ട്രിയന്‍ പാര്‍ലമെന്റ് ഭൂരിപക്ഷം അംഗങ്ങളുടെയും അംഗീകാരം. പ്രതിപക്ഷത്തിലെ ഭൂരിപക്ഷം എം.പിമാരും പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്ലിനെതിരേ രംഗത്തു വന്നു. മറ്റു മതങ്ങളില്‍ വിശ്വസിക്കുന്നവര്‍ക്ക് ഇഷ്ടമുള്ള വേഷങ്ങള്‍ ധരിക്കാനുള്ള അനുമതി നല്‍കുന്നതോടൊപ്പമാണ് മുസ്‌ലിംകളോട് മാത്രം വിവേചനമുള്ള നിയമം കഴിഞ്ഞ ദിവസം പാസാക്കിയത്.
നിയമനിര്‍മാണത്തിന് ഓസ്ട്രിയന്‍ സര്‍ക്കാര്‍ കക്ഷികളായ തീവ്രവലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി, മധ്യ-വലതുപക്ഷ പാര്‍ട്ടിയായ പീപ്പിള്‍സ് പാര്‍ട്ടി എന്നിവരാണ് നേതൃത്വം നല്‍കിയത്. വിദ്യാലയങ്ങളില്‍ ആശയപരമായും മതപരമായും വിവേചനങ്ങളുണ്ടാവരുതെന്നും അതിനാലാണ് തലമറക്കുന്നത് നിരോധിക്കാനൊരുങ്ങുന്നതെന്നും നിയമത്തില്‍ പറയുന്നു.
പൊളിറ്റിക്കല്‍ ഇസ്‌ലാമിനെതിരേയുള്ള സൂചനയാണ് പുതിയ നിയമമെന്ന് ഫ്രീഡം പാര്‍ട്ടി വിദ്യാഭ്യാസ വക്താവ് വെന്‍ഡിലി മോള്‍സര്‍ പറഞ്ഞു. പെണ്‍കുട്ടികളുടെ സ്വാതന്ത്രത്തിനായുള്ള ഈ നിയമം അനിവാര്യമാണെന്ന് പീപ്പിള്‍സ് പാര്‍ട്ടി നേതാവ് റൂഡോള്‍ഫ് ശിനര്‍ പറഞ്ഞു. സിഖുകാരുടെ തലപ്പാവും ജൂതന്മാരുടെ കിപ്പക്കും വിദ്യാലയങ്ങളില്‍ നിരോധനമുണ്ടാവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു.
പ്രാഥമിക വിദ്യാലയങ്ങളില്‍ തലമറക്കല്‍ നിരോധിച്ചുള്ള ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തിനെതിരേ മുസ്‌ലിം സംഘടനകള്‍ നേരത്തെ രംഗത്തെത്തിയിരുന്നു. ലജ്ജാകരവും പരസ്പരം ഭിന്നിപ്പിക്കുന്നതുമായ നീക്കമാണിതെന്ന് ഓസ്ട്രിയയിലെ മുസ്‌ലിം സംഘടനയായ ഐ.ജി.ജി.ഒ പറഞ്ഞു.
ശക്തമായ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ പുലര്‍ത്തുന്ന പീപ്പിള്‍സ് പാര്‍ട്ടിയുടെയും ഫ്രീഡം പാര്‍ട്ടിയുടെയും നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ 2017ല്‍ ആണ് ഓസ്ട്രയയില്‍ രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."