ലാസിയോ ഇറ്റാലിയന്‍ കപ്പ് ചാംപ്യന്മാര്‍
റോം: അറ്റ്‌ലാന്റയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി ലാസിയോ ഇറ്റാലിയന്‍ കപ്പില്‍ മുത്തമിട്ടു. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 82ാം മിനുട്ടില്‍ സെര്‍ഗജ് മിലിങ്കോവിച്ചും 90ാം മിനുട്ടില്‍ ജൊവാക്വിന്‍ കൊറേയയുമാണ് ലാസിയോക്ക് വേണ്ടി വല ചലിപ്പിച്ചത്. ഇത് ഏഴാം തവണയാണ് ലാസിയോ ഇറ്റാലിയന്‍ കപ്പ് ജേതാക്കളാകുന്നത്. 2013ലാണ് അവര്‍ അവസാനമായി ഇറ്റാലിയന്‍ കപ്പ് നേടിയത്. 10 തവണ ഇറ്റാലിയന്‍ കപ്പ് ഫൈനലിലെത്തിയ ലാസിയോ ഏഴ് തവണയും കിരീടം നേടിയിട്ടുണ്ട്. 2013ന് ശേഷം 2015, 2017 വര്‍ഷങ്ങളിലും ഇറ്റാലിയന്‍ കപ്പ് ഫൈനലിലെത്താന്‍ ലാസിയോക്ക് കഴിഞ്ഞിരുന്നു. പക്ഷേ യുവന്റസിന് മുന്‍പില്‍ തോല്‍വിയായിരുന്നു ഫലം.
ക്വാര്‍ട്ടറില്‍ ശക്തരായ യുവന്റസിനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലായിരുന്നു അറ്റ്‌ലാന്റ ഫൈനലിനെത്തിയത്. സെമിയില്‍ ഫിയോറന്റീനയെ മറികടന്ന അറ്റ്‌ലാന്റ ഫൈനലില്‍ ലാസിയോക്ക് കടുത്ത ഭീഷണി ഉയര്‍ത്തിയെങ്കിലും അവസാന മിനുട്ടുകളിലെ പ്രതിരോധ പിഴവുകള്‍ അവര്‍ക്ക് തിരിച്ചടിയായി. 1963ല്‍ ഇറ്റാലിയന്‍ കപ്പ് നേടിയ അറ്റ്‌ലാന്റയ്ക്ക് പിന്നീട് നേട്ടം ആവര്‍ത്തിക്കാനായിട്ടില്ല. 1987, 1996 എന്നീ വര്‍ഷങ്ങളില്‍ അവര്‍ ഫൈനലിലെത്തിയെങ്കിലും തോല്‍വി കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. സീരി എ യില്‍ മികച്ച പ്രകടനം നടത്തുന്ന അറ്റ്‌ലാന്റ ഇത്തവണ ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടാമെന്ന പ്രതീക്ഷയിലാണ്.
ആദ്യ പകുതിയില്‍ ഇരു ടീമുകളും ആക്രമിച്ചാണ് കളിച്ചത്. പന്ത് കൈവശംവച്ച് കളിക്കുന്നതില്‍ അറ്റ്‌ലാന്റ മുന്നിട്ടു നിന്നപ്പോള്‍ മികച്ച മുന്നേറ്റങ്ങള്‍ നടത്തിയത് ലാസിയോ ആയിരുന്നു. 82ാം മിനുട്ടില്‍ ലഭിച്ച കോര്‍ണറില്‍ നിന്നാണ് ലാസിയോ ആദ്യ ഗോള്‍ നേടിയത്. ലൂക്കാസ് എടുത്ത കോര്‍ണര്‍ കിക്ക് ഹെഡ്ഡറിലൂടെ കൃത്യമായി വലയിലെത്തിച്ച് മിലിങ്കോവിച്ച് ലാസിയോയെ മുന്‍പിലെത്തിച്ചു. 79ാം മിനുട്ടില്‍ പകരക്കാരനായെത്തിയ മിലിങ്കോവിച്ച് കളത്തിലെത്തി മൂന്ന് മിനുട്ടിനുള്ളില്‍ തന്നെ ഗോള്‍ കണ്ടെത്തി. ഗോള്‍ നേടിയിട്ടും അറ്റ്‌ലാന്റ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ച് ലാസിയോ മുന്നേറ്റങ്ങള്‍ തുടര്‍ന്നു. 90ാം മിനുട്ടില്‍ കയ്‌സീഡോയില്‍നിന്ന് പന്ത് സ്വീകരിച്ച കൊറേയ പ്രതിരോധ താരങ്ങളെയും ഗോള്‍കീപ്പറേയും കബളിപ്പിച്ചാണ് പന്ത് വലയിലാക്കിയത്. ജയത്തോടെ ലാസിയോ അടുത്ത യൂറോപ്പ കപ്പിനുള്ള ടിക്കറ്റ് നേരത്തെ ഉറപ്പിച്ചു. ഇറ്റാലിയന്‍ കപ്പ് നേട്ടത്തില്‍ യുവന്റസിനും (13), റോമക്കും (9) പിന്നിലായി ഇന്റര്‍ മിലാനൊപ്പം മൂന്നാം സ്ഥാനത്താണ് ലാസിയോ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."