കപ്പടിക്കാന്‍ വിന്‍ഡീസ് പട
വെസ്റ്റ് ഇന്‍ഡീസ്, ഈ പേരു കേള്‍ക്കുമ്പോള്‍ തന്നെ എതിരാളികളുടെ മുട്ടുവിറക്കും.
ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഏതൊരു ടീമിനേയും വിറപ്പിക്കാന്‍ കെല്‍പ്പുള്ളവര്‍. ലോകകപ്പില്‍ ഏറ്റവും കരുത്തുറ്റ ടീമെന്ന വിലയിരുത്തല്‍. പക്ഷേ വിന്‍ഡീസ് ടീമിനും ഭാഗ്യം എന്നും തിരിച്ചടിയാണ്. 1975, 1979 ലോകകപ്പില്‍ ചാംപ്യന്മാരായ വെസ്റ്റ് ഇന്‍ഡീസിന് പിന്നീട് ലോകകപ്പ് കിരീടത്തില്‍ മുത്തം വയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. 1983ലാണ് വിന്‍ഡീസ് അവസാനമായി ഫൈനലിലെത്തിയത്. കരുത്തുറ്റ ടീമാണെങ്കിലും ആരും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവയ്ക്കുന്നില്ലെന്നതാണ് വിന്‍ഡീസ് ടീമിലെ വെല്ലുവിളി. വിന്‍ഡീസ് ക്രിക്കറ്റ് കൗണ്‍സിലിലെ ചില പ്രശ്‌നങ്ങളും ടീമിനെ കാര്യമായി ബാധിച്ചതോടെ ടീം വെറും കടലാസില്‍ മാത്രമൊതുങ്ങി. പക്ഷേ ഇക്കുറി കപ്പ് മാത്രം ലക്ഷ്യംവച്ചാണ് വിന്‍ഡീസ് ടീം ഇംഗ്ലണ്ടിലേക്ക് വണ്ടികയറുന്നത്. ഏകദിന റാങ്കിങില്‍ എട്ടാമതാണെങ്കിലും ഇക്കുറി ചരിത്രം തിരുത്തിയെഴുതാനൊരുങ്ങിയാണ് വിന്‍ഡീസിന്റെ വരവ്. കഴിഞ്ഞ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസിലന്‍ഡിന് മുന്‍പില്‍ തകര്‍ന്നടിഞ്ഞ വിന്‍ഡീസ് ഇക്കുറി രണ്ടും കല്‍പ്പിച്ചാണ് ലോകകപ്പിനെത്തുന്നത്.
ബാറ്റിങ് കരുത്ത്
മികച്ച ബാറ്റിങ് നിരയാണ് വിന്‍ഡീസിനെ കൂടുതല്‍ അപകടകാരികളാക്കുന്നത്. ഓപ്പണിങ് മുതല്‍ ബൗളിങ് താരങ്ങള്‍ വരെ ബാറ്റിങില്‍ മികവ് കാണിക്കുന്നത് വിന്‍ഡീസിന് മുന്‍തൂക്കം നല്‍കുന്നു. ക്രിസ് ഗെയ്ല്‍, ഷായ് ഹോപ്, നിക്കോളാസ് പൂരന്‍, ഷിംറോണ്‍ ഹെറ്റ്മയര്‍, എവിന്‍ ലെവിസ് എന്നിവരോടൊപ്പം ഓള്‍റൗണ്ടര്‍മാരായ ആന്ദ്രേ റസ്സലും, കാര്‍ലോസ് ബ്രാത്‌വെയ്റ്റും, ജാസണ്‍ ഹോള്‍ഡറും കൂടി ചേരുന്നതോടെ വിന്‍ഡീസ് ടീം അപകടകാരികളാവും. നിക്കോളാസ് പൂരനും ഷിംറോണ്‍ ഹെറ്റ്മയറും ഐ.പി.എല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളാണ്.
ബൗളിങ് കരുത്ത്
ബൗളിങ്ങില്‍ ഷെല്‍ഡണ്‍ കോട്ട്രെല്‍, ഷാനോണ്‍ ഗബ്രിയേല്‍, കെമര്‍ റോച്ച് എന്നിവരടങ്ങുന്ന പേസ് പട തന്നെയാണ് വിന്‍ഡീസ് കരുത്ത്. ഇടംകൈയന്‍ ഫാസ്റ്റ് ബൗളറായ ഷെല്‍ഡണ്‍ 13 ഏകദിന മത്സരങ്ങളില്‍ നിന്ന് 17 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. 46 റണ്‍സിന് അഞ്ച് വിക്കറ്റ് നേടിയതാണ് താരത്തിന്റെ മികച്ച ബൗളിങ്.
ഇവരോടൊപ്പം സ്പിന്‍ ബൗളര്‍മാരായി ഫാബിയന്‍ അലനും ആഷ്‌ലി നഴ്‌സും ചേരുന്നതോടെ ബൗളിങ് നിരയും ശക്തരാവും.
ക്യാപ്റ്റന്‍ കൂള്‍
ക്യാപ്റ്റന്‍ ജാസണ്‍ ഹോള്‍ഡറാണ് വിന്‍ഡീസിന്റെ നട്ടെല്ല്. 2014ലാണ് ഹോള്‍ഡര്‍ വിന്‍ഡീസ് ടീമിന്റെ നായകസ്ഥാനം ഏറ്റെടുക്കുന്നത്. തുടര്‍ തോല്‍വികളില്‍ പെട്ട് പ്രതിസന്ധിയിലായ വിന്‍ഡീസ് ടീമിനെ ഹോള്‍ഡര്‍ ഉയിര്‍ത്തെഴുന്നേല്‍പിച്ചു.
ക്രിസ് ഗെയ്ല്‍, ആന്ദ്രെ റസ്സല്‍, കിറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരെയ്ന്‍ എന്നീ സീനിയര്‍ താരങ്ങള്‍ ടീമില്‍ ഇല്ലാതിരുന്നിട്ടും ഹോള്‍ഡറിന് തോല്‍ക്കാന്‍ മനസില്ലായിരുന്നു. യുവതാരങ്ങളെ പരീക്ഷിക്കാന്‍ ധൈര്യം കാണിച്ച അദ്ദേഹം വിന്‍ഡീസിന് നഷ്ടമായ ആത്മവിശ്വാസം തിരികെ നേടിക്കൊടുത്തു. മികച്ച ഓള്‍റൗണ്ടറായ ഹോള്‍ഡര്‍ ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ടീമിനായി നിര്‍ണായക സംഭാവനകളാണ് നല്‍കുന്നത്.
ആന്ദ്രെ റസ്സല്‍
വെസ്റ്റ് ഇന്‍ഡീസ് നിരയില്‍ അപകടം വിതയ്ക്കാന്‍ കെല്‍പ്പുള്ള ബാറ്റ്‌സ്മാന്‍. ഐ.പി.എല്ലില്‍ 14 മത്സരത്തില്‍ നിന്ന് 204 സ്‌ട്രൈക്ക് റേറ്റില്‍ 510 റണ്‍സെടുത്ത മികവ് ലോകകപ്പിലും ആവര്‍ത്തിക്കപ്പെടുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പന്തുകൊണ്ടും തിളങ്ങുന്ന താരം കരീബിയന്‍ നിരയുടെ വജ്രായുധമാണ്. വെസ്റ്റ് ഇന്‍ഡീസിനുവേണ്ടി 52 ഏകദിനത്തില്‍നിന്ന് 998 റണ്‍സും 65 വിക്കറ്റുമാണ് അദ്ദേഹം നേടിയത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നെടുംതൂണായ റസ്സല്‍ ലോകകപ്പിലും മിന്നും പ്രകടനം കാഴ്ചവച്ചാല്‍ വിന്‍ഡീസിനെ പിടിച്ചുകെട്ടാന്‍ മറ്റു ടീമുകള്‍ പാടുപെടും.
ക്രിസ് ഗെയ്ല്‍
വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ ഫോമും വെസ്റ്റ് ഇന്‍ഡീസ് പ്രതീക്ഷ നല്‍കുന്നു. ലോകകപ്പില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് ഗെയ്ല്‍.
ഇംഗ്ലണ്ടിനെതിരേ നടന്ന അവസാന പരമ്പരയില്‍ ബാറ്റിങ് വിസ്‌ഫോടനം കാഴ്ചവച്ച ഗെയ്ല്‍ ലോകകപ്പിലും തകര്‍പ്പന്‍ പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധക പ്രതീക്ഷ. ഐ.പി.എല്ലില്‍ 13 മത്സരങ്ങളില്‍നിന്ന് 490 റണ്‍സുമായി ഗെയ്ല്‍ തിളങ്ങിയിരുന്നു. 288 ഏകദിനം കളിച്ചിട്ടുള്ള ഗെയ്ല്‍ 38.02 ശരാശരിയില്‍ 10,151 റണ്‍സും 165 വിക്കറ്റും നേടിയിട്ടുണ്ട്.
ടീം: ജാസണ്‍ ഹോള്‍ഡര്‍ (ക്യാപ്റ്റന്‍), ആന്ദ്രേ റസ്സല്‍, ആഷ്‌ലി നഴ്‌സ്, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ക്രിസ് ഗെയ്ല്‍, ഡാരന്‍ ബ്രാവോ, എവിന്‍ ലെവിസ്, ഫാബിയന്‍ അലെന്‍, കെമര്‍ റോച്ച്, നിക്കോളാസ് പൂരന്‍ , ഒഷാനെ തോമസ്, ഷായ് ഹോപ്, ഷാനോണ്‍ ഗബ്രിയേല്‍, ഷെല്‍ഡണ്‍ കോട്ട്രെല്‍, ഷിംറോണ്‍ ഹെറ്റ്മയര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."