ബി.ജെ.പിയും കോണ്‍ഗ്രസും
ന്യൂഡല്‍ഹി: പ്രലോഭനത്തിനും ഭീഷണിക്കും മമതാ ബാനര്‍ജി വഴങ്ങാതായതോടെ അക്രമത്തില്‍ അഭയം തേടിയിരിക്കുകയാണ് പശ്ചിമബംഗാളില്‍ ബി.ജെ.പി. കഴിഞ്ഞ ആറുഘട്ട വോട്ടെടുപ്പില്‍ ആറിലും അക്രമം നടന്ന ബംഗാള്‍ ഈ തെരഞ്ഞെടുപ്പില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധാകേന്ദ്രമാവുന്നത് സംസ്ഥാനം ഭരിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസും കേന്ദ്രംഭരിക്കുന്ന ബി.ജെ.പിയും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടല്‍ കൊണ്ടാണ്.
ബി.ജെ.പിയെ ഏറ്റവുമധികം ശക്തിയായി പ്രതിരോധിക്കേണ്ട ഇടതുപക്ഷത്തെ മൂകസാക്ഷയാക്കി നിര്‍ത്തിയാണ് ദേശീയ രാഷ്ട്രീയത്തിലെ കരുത്തുറ്റ വനിതയായ മമതാ ബാനര്‍ജി, മോദിയും അമിത്ഷായും ഉള്‍പ്പെട്ട വമ്പന്‍മാരെ ഒറ്റയ്ക്കു നേരിടുന്നത്.
ബി.ജെ.പിക്കും തൃണമൂലിനും ഒരുപോലെ അന്തിമപോരാട്ടമാണ് ബംഗാളില്‍. ഏതു വിധേനയും ബംഗാളില്‍ സീറ്റുകള്‍ പിടിക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിനായി പണമൊഴുക്കിയും പുറത്തുനിന്ന് ആളുകളെ ഇറക്കി അക്രമം നടത്തിയും രംഗം തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് ശ്രമമെന്ന് റിപ്പോര്‍ട്ടുണ്ട്. യു.പി.എ ഭരണകാലത്ത് ഡല്‍ഹിയില്‍ നിരന്തരം അക്രമം നടത്തിയിരുന്ന ഭഗത് സിങ് ക്രാന്തി സേനാ നേതാവ് തേജീന്ദര്‍ സിങ് ബാഗയെപ്പോലുള്ള നേതാക്കളുമായാണ് അമിത്ഷാ ബംഗാളിലെത്തുന്നത്.
കഴിഞ്ഞ തവണ ബി.ജെ.പിയെ പിന്തുണച്ച ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തിസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ബി.ജെ.പിക്ക് ഇത്തവണ ലഭിക്കുന്ന സീറ്റുനിലയില്‍ കാര്യമായ കുറവുണ്ടാവുമെന്ന് പാര്‍ട്ടിക്ക് തന്നെ ബോധ്യമുണ്ട്. ഈ കുറവ് മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് നികത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. ഉത്തരേന്ത്യയിലെ നഷ്ടം കേരളമുള്‍പ്പെടുന്ന ദക്ഷിണേന്ത്യയില്‍ നിന്ന് നികത്താനാവില്ല. പിന്നെയുള്ളത് 42 സീറ്റുള്ള പശ്ചിമബംഗാളാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 34 സീറ്റുകളും തൃണമൂല്‍ കോണ്‍ഗ്രസാണ് നേടിയത്. 35 കൊല്ലം ഭരിച്ച ഇടതുപക്ഷത്തിനും ഭരിക്കാത്ത ബി.ജെ.പിക്കും രണ്ടുസീറ്റുകള്‍ വീതവും കോണ്‍ഗ്രസിന് നാലും ലഭിച്ചു. ഇത്തവണ പക്ഷേ, ബംഗാളില്‍ നിന്ന് 20ല്‍ കൂടുതല്‍ സീറ്റുകളെങ്കിലും ലഭിച്ചേ തീരൂവെന്നാണ് ബി.ജെ.പിയുടെ പദ്ധതി. 30 ശതമാനം മുസ്‌ലിംകളാണ് ബംഗാളിലുള്ളത്. ഈ വോട്ട്ബാങ്ക് നിലവില്‍ തൃണമൂലിനൊപ്പമാണ്. ഇതു ഏറെക്കുറേ ഭദ്രവുമാണ്. ഒരു വശത്ത് വര്‍ഗീയ രാഷ്ട്രീയം കളിക്കുന്നുണ്ടെങ്കിലും മുസ്‌ലിം വോട്ടുകളില്‍ ബി.ജെ.പിയ്ക്കും കണ്ണുണ്ട്.
2014നു ശേഷം നില മെച്ചപ്പെടുത്താന്‍ വര്‍ഗീയവത്കരണവും കലാപങ്ങളുമായാണ് ബി.ജെ.പി സംസ്ഥാനം പിടിക്കാന്‍ നോക്കിയത്. 2017ല്‍ ഹൂഗ്‌ളി, 2018ല്‍ റാണി ഗഞ്ച്, അസാന്‍സോള്‍, പുരുലിയ എന്നിവിടങ്ങളില്‍ ബി.ജെ.പി വര്‍ഗീയകലാപമുണ്ടാക്കി. 2017 ഏപ്രിലില്‍ ആര്‍.എസ്.എസുമായി ചേര്‍ന്ന് 175 രാംനവമി ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. ആയുധം പ്രദര്‍ശിപ്പിച്ചുള്ള ആഘോഷങ്ങളായിരുന്നു തുടര്‍ച്ചയായി രണ്ടു വര്‍ഷം സംഘടിപ്പിച്ചത്.
എന്നാല്‍ പൊതുതെരഞ്ഞെടുപ്പ് കാലമായതോടെ രാഷ്ട്രീയ അക്രമങ്ങളിലേക്കും തിരിഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിന് ശക്തിയുള്ള ദക്ഷിണ ബംഗാള്‍, കൊല്‍ക്കത്ത മേഖലകളിലാണ് ഇനി തെരഞ്ഞെടുപ്പ് ബാക്കിയുള്ളത്. ഡയമണ്ട് ഹാര്‍ബര്‍, കൊല്‍ക്കത്ത സൗത്ത്, കൊല്‍ക്കത്ത നോര്‍ത്ത്, ജാദവ് പൂര്‍, ബസിര്‍ഹട്ട്, ഡംഡം എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ട മണ്ഡലങ്ങള്‍. ഇവിടെയാണ് ബി.ജെ.പി അക്രമങ്ങളിലൂടെ പിടിച്ചെടുക്കാന്‍ നോക്കുന്നത്.
കൊല്‍ക്കത്ത മേഖലയിലെ നഗര ദരിദ്രരുടെ പിന്തുണയും കാലങ്ങളായി തൃണമൂലിനുള്ളതാണ്. നഗരങ്ങളിലെ സമ്പന്നരുടെയും മധ്യവര്‍ഗത്തിന്റെയും വോട്ടുകളും തൃണമൂലിനാണ് ലഭിക്കാറ്. ഇതു രണ്ടും ലക്ഷ്യമിട്ട് ബി.ജെ.പി കാര്യമായ പ്രചാരണം നടത്തിയിരുന്നു. അതോടൊപ്പം സി.പി.എം മേഖലകള്‍ കാര്യമായി ബി.ജെ.പിയ്ക്ക് അനുകൂലമാകുകയും ചെയ്തിട്ടുണ്ട്. മറുവശത്ത് തൃണമൂലാകട്ടെ ഒട്ടും വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ്. മമതയെ ഒപ്പം നിര്‍ത്താനുള്ള ബി.ജെ.പിയുടെ ശ്രമങ്ങള്‍ക്കും സി.ബി.ഐയെ ഉപയോഗിച്ചുള്ള ഭീഷണിയ്ക്കും അവര്‍ ലഴങ്ങിയിട്ടില്ല. ബി.ജെ.പിക്കു കട്ടക്കു നിന്നില്ലെങ്കില്‍ അധികാരം നഷ്ടമാവുമെന്നും അങ്ങിനെ സംഭവിച്ചാല്‍ സി.പി.എമ്മിന്റെ ഇന്നത്ത അവസ്ഥയാവുമെന്നും മമതക്കറിയാം. അതിനാല്‍ ഒരുനിലയ്ക്കും വിട്ടുകൊടുക്കാന്‍ മമത ഒരുക്കമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."