കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ മുടങ്ങില്ല; സഹകരണ ബാങ്കുകളില്‍നിന്ന് 58 കോടി വാങ്ങും
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനായി പ്രാഥമിക സഹകരണ ബാങ്കുകളില്‍നിന്നും 58 കോടി രൂപകൂടി സര്‍ക്കാര്‍ കടമെടുക്കുന്നു. കോഴിക്കോട് ജില്ലയിലെ ഒന്‍പത് സഹകരണ ബാങ്കുകളില്‍നിന്നാണ് ഈ തുക ശേഖരിക്കുക. കഴിഞ്ഞ മാസത്തെ പെന്‍ഷന്‍ വിതരണം ചെയ്യാന്‍ വേണ്ടിയാണിത്.
പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യം രൂപീകരിച്ച് അതില്‍നിന്ന് വായ്പയെടുത്ത് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ നേരത്തെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് ഓരോ തവണ പെന്‍ഷന്‍ നല്‍കാനും സഹകരണ സംഘങ്ങളുടെ കണ്‍സോര്‍ഷ്യം വിപുലപ്പെടുത്തുകയാണ് ചെയ്യുന്നത്. പത്ത് ശതമാനം പലിശ നല്‍കിയുള്ള വായ്പയാണ് സംഘങ്ങളില്‍നിന്ന് ശേഖരിക്കുന്നത്.
രാമനാട്ടുകര സര്‍വിസ് സഹകരണ ബാങ്ക്, ഫറോക്ക് സര്‍വിസ് സഹകരണ ബാങ്ക്, കാലിക്കറ്റ് നോര്‍ത്ത് സര്‍വിസ് സഹകരണ ബാങ്ക്, വേങ്ങേരി സര്‍വിസ് സഹകരണ ബാങ്ക്, കുന്ദമംഗലം കോഓപ്പറേറ്റീവ് റൂറല്‍ ബാങ്ക്, ബേപ്പൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, ചേവായൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, കൊടിയത്തൂര്‍ സര്‍വിസ് സഹകരണ ബാങ്ക്, മാവൂര്‍ സര്‍വിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളില്‍നിന്നാണ് 58 കോടിരൂപ കടമെടുക്കുന്നത്. ഇതില്‍ ചേവായൂര്‍ ബാങ്ക് മാത്രം 15 കോടി നല്‍കുന്നുണ്ട്.
ഓരോ പ്രാഥമിക സഹകരണ ബാങ്കുകള്‍വഴിയും നല്‍കേണ്ട പെന്‍ഷന്‍ തുക സംസ്ഥാന സഹകരണ ബാങ്ക് ജില്ലാബാങ്കുകള്‍ മുഖേന ഇവര്‍ക്ക് നല്‍കും. പ്രാഥമിക സഹകരണ ബാങ്കുകളാണ് തുക പെന്‍ഷന്‍കാര്‍ക്ക് നല്‍കേണ്ടത്.
ഇത് കൃത്യമായി നല്‍കുന്നുണ്ടെന്ന് സംസ്ഥാന സഹകരണ ബാങ്ക് ഉറപ്പാക്കും. കെ.എസ്.ആര്‍.ടി.സി. പെന്‍ഷന്‍ വിതരണം നേരത്തെ സഹകരണ ബാങ്കുകളിലൂടെയാക്കിയതിനാല്‍ പെന്‍ഷന്‍കാരെല്ലാം ബാങ്ക് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."