കെല്‍സയുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും: ജസ്റ്റിസ് അബ്ദുല്‍ റഹിം
കൊച്ചി: കേരള ലീഗല്‍ സര്‍വിസ് അതോറിറ്റി (കെല്‍സ)യുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുമെന്ന് പുതിയ ചെയര്‍മാനായി ചുമതലയേറ്റ ജസ്റ്റിസ് സി.കെ അബ്ദുല്‍ റഹിം.
സമാന്തര നിയമസഹായ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിലെ താഴേക്കിടയിലുള്ളവര്‍ക്കു കെല്‍സയുടെ സേവനം വളരെ ഫലപ്രദമായി ലഭിക്കുന്നുണ്ട്. ജില്ലാ,താലൂക്ക് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വിസ് അതോറിറ്റികളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും.
സാധാരണക്കാര്‍ക്കു നിയമസഹായം ലഭ്യമാക്കുക, ബോധവല്‍ക്കരണം നടത്തുക, അദാലത്ത് സംഘടിപ്പിക്കുക തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ അതോറിറ്റി നടത്തുന്നുണ്ട്. ഇനിയും വ്യത്യസ്തമായ പദ്ധതികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കാന്‍ ശ്രമിക്കും.
ഭരണഘടന വിഭാവനം ചെയ്യുന്ന മനുഷ്യാവകാശമെന്നത് മതം, വര്‍ഗം, വര്‍ണം, ജാതി, രാഷ്ട്രീയ പശ്ചാത്തലം, സാമൂഹിക പശ്ചാത്തലം തുടങ്ങിയ രംഗങ്ങളില്‍ വിവേചനങ്ങളില്ലാതെ ജീവിക്കാനുള്ള അവകാശമാണ്. അത്തരം പൗരാവകാശങ്ങള്‍ ലംഘിക്കപ്പെടുന്ന ഏതൊരു പൗരനും കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്.
കോടതിയും നിയമങ്ങളും ജനങ്ങളെ സംരക്ഷിക്കാനുള്ളതാണ്. ലോകത്തിലെ ഏറ്റവും മാതൃകാപരമായ ജനാധിപത്യസംവിധാനമാണ് ഇന്ത്യയിലുള്ളത്. എല്ലാ പൗരന്മാര്‍ക്കും ഒരേ വിധത്തില്‍ നിയമസഹായം ലഭിക്കണം. പരമ്പരാഗതമായ രീതിയില്‍ കോടതിയെ സമീപിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ നീതിന്യായസംവിധാനം സഹായഹസ്തവുമായി ജനങ്ങളിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. അതാണ് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ ലക്ഷ്യമെന്നും ജസ്റ്റിസ് റഹിം വ്യക്തമാക്കി.
ജസ്റ്റിസ് പി.ആര്‍ രാമചന്ദ്രമേനോന്‍ ചീഫ് ജസ്റ്റിസായി സ്ഥലം മാറിപ്പോയതിനെ തുടര്‍ന്നാണു മെയ് 6 ന് ജസ്റ്റിസ് റഹിം കെല്‍സ ചെയര്‍മാനായി നിയമിതനായത്. 2009 ജനുവരിയില്‍ ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ജസ്റ്റിസ് റഹിം ഹൈക്കോടതിയിലെ ഏറ്റവും സീനിയര്‍ ന്യായാധിപനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."