അഴീക്കലില്‍ നിന്നു ലക്ഷദ്വീപിലേക്കു യാത്രാസൗകര്യം ഒരുക്കും: കടന്നപ്പള്ളി
കണ്ണൂര്‍: അഴീക്കല്‍ തുറമുഖത്തു നിന്നു ലക്ഷദ്വീപിലേക്ക് അനുബന്ധ യാത്രാസൗകര്യം ഒരുക്കുമെന്നു തുറമുഖമന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി. ചേംബര്‍ ഓഫ് കോമേഴ്സ് ഇന്‍ഡസ്ട്രി സംഘടിപ്പിച്ച കണ്ണൂര്‍ വികസന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപാര ടൂറിസ്റ്റ് കേന്ദ്രമാക്കി അഴീക്കല്‍ തുറമുഖത്തെ ഉയര്‍ത്തും. ബജറ്റില്‍ നീക്കിവച്ച 500 കോടി രൂപ വിനിയോഗിക്കുന്നതു സംബന്ധിച്ച അടിയന്തര യോഗം അടുത്തദിവസം ചേരും. ഡ്രഡ്ജിങ് ഉടന്‍ ആരംഭിക്കും. അഴീക്കലിലേക്കുള്ള റോഡുകളുടെ വികസനവും സമയബന്ധിതമായി പൂര്‍ത്തിയാക്കും. വളപട്ടണം റെയില്‍വേ സ്റ്റേഷന് നവീകരിക്കാനുള്ള നടപടി സ്വീകരിക്കും. തോട്ടടയിലെ ഇ.എസ്.ഐ ആശുപത്രിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നടപടി കൈക്കൊള്ളും. കണ്ണൂരില്‍ രണ്ടു ഫ്ളൈഓവറുകളുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. ജില്ലാ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി മെഡിക്കല്‍കോളജിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്നും കടന്നപ്പള്ളി പറഞ്ഞു. കണ്‍വീനര്‍ കെ.വി ദിവാകരന് അധ്യക്ഷനായി. റിട്ട. റിയര്‍ അഡ്മിറല്‍ മോഹനന്, സി ജയചന്ദ്രന്, ഖാദര്‍, സി.കെ ഉണ്ണികൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."