ഭൂമി ഏറ്റെടുക്കല്‍ സ്ഥലം നഷ്ടപ്പെടുന്നവരെ നേരില്‍ കണ്ട് മാത്രം: ജില്ലാ കലക്ടര്‍
മലപ്പുറം: ദേശീയപാത വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നത് നിര്‍ദിഷ്ട പാതക്കായി കണ്ടെത്തിയ സ്ഥലത്തെ വ്യക്തികളെയും സ്ഥാപന ഉടമകളെയും നേരില്‍ കണ്ട് ആശങ്ക തീര്‍ത്തതിനു ശേഷമായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അമീത് മീണ പറഞ്ഞു. ദേശീയ പാത വികസനം നിലവിലുള്ള സഹചര്യത്തില്‍ ഒഴിവാക്കാന്‍ പറ്റാത്തതാണ്. അതിനാല്‍ ഭൂമി ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ജനപ്രതിനിധികളുടെ പൂര്‍ണമായ സഹകരണം വേണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.
ദേശീയപാത വിഭാഗം നിയോഗിക്കുന്ന സാമൂഹ്യാഘാത പഠന വിഭാഗം പാത കടന്നുപോകുന്ന സ്ഥലത്തെ ഓരോ സ്ഥാപനങ്ങളിലും വീടുകളിലും കയറി ഇറങ്ങും. എല്ലാവരുമായി സംസാരിച്ച് സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കും ഉണ്ടാവുന്ന കഷ്ട നഷ്ടങ്ങളുടെ വിശദാംശങ്ങള്‍ തയാറാക്കും. പരമാവധി ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കിയുള്ള പാതായാണ് തയാറാക്കിയിരിക്കുന്നത്.
പാത കടന്നുപോകുന്ന മേഖലയിലെ ജനപ്രതിനിധികള്‍ പങ്കടുത്ത യോഗത്തില്‍ വിശദാംശങ്ങള്‍ ഉള്‍പ്പെട്ട പാതയുടെ ത്രിമാന ചിത്രം പദ്ധതിയുടെ നോഡല്‍ ഓഫിസര്‍ ഡോ. ജെ.യു അരുണ്‍ അവതരിപ്പിച്ചു. ജനവാസ കേന്ദ്രങ്ങള്‍ ഒഴിവാക്കി അമ്പലങ്ങള്‍ക്കും പള്ളികള്‍ക്കും ബുദ്ധിമുട്ടില്ലാത്ത രീതിയില്‍ അനുയോജ്യമായ രൂപരേഖയാണ് തയാറാക്കിയിരിക്കുന്നതെന്ന് ജില്ലാ കലക്ടര്‍ യോഗത്തെ അറിയിച്ചു. പൊതു സ്ഥാപനങ്ങള്‍ നഷ്ട പെടുകയാണങ്കില്‍ സ്ഥലം നല്‍കിയാല്‍ അത് ദേശീയപാതാ വിഭാഗം നിര്‍മിച്ചുനല്‍കും.സ്ഥാപനങ്ങള്‍ എത്ര പഴകിയതാണെങ്കിലും അത് പുതിയ നിലയില്‍ നിര്‍മിച്ചു നല്‍കുന്നതിനാവിശ്യമായ തുക നല്‍കും. രൂപ രേഖ അംഗീകരിച്ച ജനപ്രതിനിധികള്‍ ചിലയിടങ്ങളില്‍ മാറ്റങ്ങള്‍ ആവിശ്യപ്പെട്ടു. എന്നാല്‍ ആശങ്കയുള്ള സ്ഥലങ്ങളില്‍ നാളെ എട്ടിന് ഡെപ്യൂട്ടി കലക്ടര്‍ അരുണിന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘം എത്തി വിശദീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
ഇതേതുടര്‍ന്ന് തയാറാക്കുന്ന പാതയുടെ രൂപ രേഖ അംഗീകാരത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സര്‍ക്കാര്‍ ഇത് വിശദമായി പരിശോധിച്ച് ദേശീയ പാതാ വിഭാഗത്തിന് കൈമാറും.ഇതെ തുടര്‍ന്നു മാത്രമെ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ തുടങ്ങു.
കമ്പോള വിലയുടെ നാലിരട്ടി തുക ഭൂമി വിട്ടു നല്‍കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കും. ഇതിനു പുറമെ നല്‍കുന്ന തുക സംബന്ധിച്ച് നൊഗോസിയേഷന്‍ നടത്തുന്നതിന് ഭൂവുടമകള്‍ക്ക് അവസരം നല്‍കും. പള്ളി,ക്ഷേത്രങ്ങള്‍ എന്നിവ നഷ്ടപ്പെടുന്നതിന് പുതിയ സ്ഥലം അനുവദിച്ച് നല്‍കണമെന്ന് ജനപ്രതിനിധികള്‍ യോഗത്തില്‍ അറിയിച്ചു. ഇത് സംബന്ധിച്ച കാര്യങ്ങള്‍ സര്‍ക്കാരിനെ അറിയിക്കമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. കൊളപ്പുറം ജങ്ഷനില്‍ നിലവിലുള്ള ദേശീയപാതയുടെ 45 മീറ്റര്‍ സ്ഥലം മാത്രം ഉപയോഗിച്ചാല്‍ മതിയെന്ന തീരുമാനം പരിശോധിക്കും.
കലക്‌ട്രേറ്റില്‍ നടന്ന യോഗത്തില്‍ എം.എല്‍.എ പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണിക്യഷ്ണന്‍, ദേശീയ പാത വിഭാഗം (കേരളം) പ്രൊജക്ട് ഡയറക്ടര്‍ ലോകേഷ് രാജ് പുരോഹിത്, എ.ഡി.എം വി.രാമചന്ദ്രന്‍, പഞ്ചായത്ത്പ്രസിഡന്റുമാരായ സി.രാജേഷ്, സഫിയ റഫീഖ്, എം.പി കുഞ്ഞിമുഹമ്മദ്, മുഹമ്മദ് കുഞ്ഞി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."