ഫലസ്തീന്‍ ഗ്രാമം തകര്‍ക്കാന്‍ ഇസ്‌റാഈല്‍ കോടതി അനുമതി
വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ ഫലസ്തീന്‍ ഗ്രാമമായ ഖാന്‍ അല്‍ അഹ്മര്‍ തകര്‍ക്കാന്‍ ഇസ്‌റാഈല്‍ കോടതിയുടെ അനുമതി. ഗ്രാമം തകര്‍ക്കാനുള്ള സൈനിക അപേക്ഷ തള്ളിയ ഹൈക്കോടതി വിധിയാണ് ഇസ്‌റാഈല്‍ സുപ്രിംകോടതി റദ്ദാക്കിയത്. ഇതോടെ ഇവിടെയുള്ള 180 തദ്ദേശവാസികളെ ഒഴിപ്പിക്കും.
ഇസ്‌റാഈല്‍ അനധികൃത കുടിയേറ്റം നടത്തിയ ജറൂസലമിലെ മാലെ അദൂമിമ്, കഫര്‍ അദൂമിമ് എന്നീ പ്രദേശങ്ങള്‍ക്കിടയിലാണ് ഖാന്‍ അല്‍ അഹ്മര്‍. തങ്ങളുടെ അധിനിവേഷം വ്യാപിപ്പിക്കാനാണ് പ്രദേശവാസികളെ ഒഴിപ്പിക്കുന്നതിലൂടെ ഇസ്‌റാഈല്‍ ലക്ഷ്യമാക്കുന്നത്. ഇതോടെ വെസ്റ്റ് ബാങ്ക് രണ്ട് ഭാഗമായി മാറും.
സുപ്രിംകോടതി വിധി ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അവിദ്‌ഗോര്‍ ലൈബര്‍മാന്‍ ട്വിറ്ററിലൂടെ സ്വാഗതം ചെയ്തു. ഖാന്‍ അല്‍ അഹമറില്‍ നിന്ന് ആളുകളെ കുടിയൊഴിപ്പിക്കും. ധീരമായ തീരുമാനമെടുത്ത സുപ്രിംകോടതി ജഡ്ജിമാരെ അഭിനന്ദിക്കുന്നുവെന്ന് അവിദ്‌ഗോര്‍ ലൈബര്‍മാന്‍ ട്വീറ്റ് ചെയ്തു.
എന്നാല്‍ കോടതി വിധിക്കെതിരേ ഫലസ്തീന്‍ അധികൃതര്‍ രംഗത്തെത്തി. അനധികൃത കുടിയേറ്റം വ്യാപിപ്പിക്കലാണ് കോടതി വധിയിലൂടെ സംഭവിക്കുകയെന്നും ഇത് വെസ്റ്റ് ബാങ്കിനെ കിഴക്കന്‍ ജറൂസലമില്‍ നിന്ന് വേര്‍തിരിക്കുമെന്നും ഫലസ്തീന്‍ പറഞ്ഞു.
പുതിയ തീരുമാനം ഫലസ്തീന്‍ ഭൂമി പിടിച്ചെടുക്കാനുള്ള ഇസ്‌റാഈലിന്റെ കൊളോണിയല്‍ പദ്ധതിയുടെ ഭാഗമാണെന്ന് അവര്‍ പറഞ്ഞു. ഭീരുത്വവും അധാര്‍മികവുമായ തീരുമാനമാണ് കോടതി സ്വീകരിച്ചിരിക്കുന്നതെന്ന് ഇസ്‌റാഈലിലെ മനുഷ്യാവകാശ സംഘടനയായ ബിതസ്‌ലീം ഡയറക്ടര്‍ ഹെല്‍ ഇല്‍-അദ് പറഞ്ഞു.
കോടതികള്‍ നീതിക്ക് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്നും കുടിയേറ്റത്തിന് സഹായകരമാവുന്ന വിധിയാണ് പുറപ്പെടുവിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉത്തരവിനെതിരേ ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പി.എല്‍.ഒ) നേതൃത്വത്തില്‍ ഖാന്‍ അല്‍ അഹമറില്‍ പ്രതിഷേധ പ്രകടനം നടത്തി. ഖാന്‍ അല്‍ അഹ്മറിലെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണെന്നും തീരുമാനത്തില്‍ നിന്ന് പിന്തിരിയാന്‍ ഇസ്‌റാഈലില്‍ സമ്മര്‍ദം ചെലുത്തുമെന്നും പി.എല്‍.ഒ നേതാവ് വാലിദ് അസഫ് പറഞ്ഞു.
ഗോത്ര വിഭാഗങ്ങള്‍ താമസിക്കുന്ന ഖാന്‍ അല്‍ അഹമറില്‍ നിന്ന് തദ്ദേശവാസികളെ 1950ല്‍ ഇസ്‌റാഈല്‍ സൈന്യം കുടിയൊഴിപ്പിച്ചിരുന്നു.
എന്നാല്‍ ഒസ്‌ലോ കരാറിന്റെ അടിസ്ഥാനത്തില്‍ 1993ല്‍ 40 കുടുംബങ്ങള്‍ക്ക് ഇവിടെ താമസിക്കാന്‍ അനുമതി ലഭിക്കുകയായിരുന്നു. നിലവില്‍ ഇസ്‌റാഈല്‍ സര്‍ക്കാരിന്റെ കീഴിലുള്ള പ്രദേശമാണിത്. ജൂലൈയില്‍ ഇവിടെയുള്ള നിരവധി ടെന്റുകള്‍ ഇസ്‌റാഈല്‍ സൈന്യം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു. ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."