ബേക്കറികളില്‍ പരിശോധന; 26 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി
മലപ്പുറം: ജില്ലയിലെ ബേക്കറി, ജ്യൂസ് സ്റ്റാളുകള്‍, ഐസ്‌ക്രീം പാര്‍ലറുകള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകള്‍. രണ്ടു ദിവസത്തിനിടെ നടത്തിയ പരിശോധനയില്‍ 26 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 38,000 രൂപ പിഴ ഈടാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക ഉത്തരവ് പ്രകാരമാണ് സ്‌പെഷല്‍ സ്‌ക്വാഡുകള്‍ രൂപികരിച്ച് ശീതള പാനീയ വില്‍പനശാലകളില്‍ പരിശോധന നടത്തിയത്. വിവിധ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വെള്ളത്തിന്റെ സാമ്പിളുകള്‍ കൂടുതല്‍ പരിശോധനക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്.
ജലജന്യ രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തിലാണ് പൊതുജനാരോഗ്യം മുന്‍നിര്‍ത്തി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. നിയോജക മണ്ഡലം അടിസ്ഥാനത്തില്‍ സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. കുടിവെള്ളക്ഷാമം രൂക്ഷമായതിനാല്‍ ഹോട്ടലുകളും ബേക്കറികളും ഉള്‍പ്പടെയുള്ള ഭക്ഷ്യവില്‍പ്പന കേന്ദ്രങ്ങളിലെല്ലാം വെള്ളം വിലയ്ക്ക് വാങ്ങുകയാണ് ചെയ്യുന്നത്. ഈ വെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ യാതൊരു സംവിധാനമില്ല. വഴിയോരങ്ങളിലും കച്ചവടകേന്ദ്രങ്ങളിലും വില്‍ക്കപ്പെടുന്ന കുപ്പിവെള്ളത്തിലും ശീതളപാനീയങ്ങളിലും വ്യാജന്‍മാര്‍ സുലഭമാണ്. ബേക്കറികളിലും പെട്ടിക്കടകളിലുമെല്ലാം ഐസ് നിര്‍മാണത്തിന് ഗുണനിലവാരം ഇല്ലാത്ത വെള്ളം ഉപയോഗിച്ചുവരുന്നുണ്ട്. പാനീയങ്ങളില്‍ ഇത് ചേര്‍ത്ത് കഴിക്കുന്നവര്‍ക്ക് രോഗസംക്രമണസാധ്യത കൂടുതലാണ്. ഇത്തരം ഐസ് ഉപയോഗിക്കുന്നവരിലാണ് മഞ്ഞപ്പിത്തം വ്യാപകമാകുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഗുണനിലവാരമില്ലാത്ത വെള്ളത്തിന്റെ ഉപയോഗം തടയാന്‍ വരും ദിവസങ്ങളില്‍ പരിശോധന ശക്തമാക്കാനാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."