ആഢ്യന്‍പാറയില്‍ നിന്നു കൊണ്ടുപോയ ബഗ്ഗിക്ക് കക്കയത്ത് സുഖസവാരി
അറ്റകുറ്റപ്പണിക്കെന്ന പേരിലാണ് ആഢ്യന്‍പാറക്ക് അനുവദിച്ച ബഗ്ഗി മൂന്നുമാസം മുന്‍പ് കക്കയത്തേക്ക് കൊണ്ട@ുപോയത്
നിലമ്പൂര്‍: ജില്ലയിലെ ആദ്യത്തെ ചെറുകിട വൈദ്യുതി പദ്ധതിയോട് ചേര്‍ന്ന് ടുറിസ്റ്റുകളെ ലക്ഷ്യമിട്ട് നടപ്പാക്കിയ ഹൈഡല്‍ ടൂറിസം പദ്ധതിക്കായി കൊണ്ടുവന്ന ബഗ്ഗി വാഹനം വൈദ്യുതി വകുപ്പിന്റെ കക്കയം ഹൈഡല്‍ പദ്ധതി പ്രദേശത്ത് വിനോദ സഞ്ചാരികള്‍ക്കായി ഉപയോഗിക്കുന്നു. ആഢ്യന്‍പാറക്ക് അനുവദിച്ച ബഗ്ഗി മൂന്നുമാസം മുന്‍പാണ് അറ്റകുറ്റപ്പണിയുടെ പേരില്‍ കക്കയത്തേക്ക് കൊണ്ടുപോയത്. വിനോദസഞ്ചാരികളെ കൊണ്ടുപോകാനായി ആഢ്യന്‍പാറക്ക് മാത്രം കൊണ്ടുവന്ന ബഗ്ഗി വാഹനം സ്ഥലം എം.എല്‍.എയെ പോലുമറിയിക്കാതെയാണ് കക്കയത്തേക്ക് നാടുകടത്തിയത്.
എം.എല്‍.എയുടെ നേതൃത്വത്തില്‍ ബഗ്ഗി വാഹനം കക്കയത്തേക്ക് കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിച്ചിരുന്നെങ്കിലും എതിര്‍പ്പിനെ മറികടന്ന് ബഗ്ഗിയെ കക്കയത്തേക്ക് നാടുകടത്തി. അറ്റകുറ്റപ്പണിക്കാണ് കൊണ്ടുപോകുന്നതെന്നും ഒരു മാസത്തിനകം തിരികെ എത്തിക്കുമെന്നായിരുന്നു എം.എല്‍.എക്ക് വൈദ്യുതി വകുപ്പ് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഉറപ്പ് കൊടുത്തിരുന്നത്. എന്നാല്‍ കക്കയത്തെ ഹൈഡല്‍ പദ്ധതിക്കുവേണ്ടിയാണ് ഒരു തകരാറുമില്ലാത്ത വാഹനം കൊണ്ടുപോയത്. ഇപ്പോള്‍ കക്കയത്ത് ദിവസേന 40ല്‍ കുറയാത്ത ട്രിപ്പാണ് ബഗ്ഗി സര്‍വിസ് നടത്തികൊണ്ടിരിക്കുന്നത്. അതേസമയം എം.എല്‍.എ ഇടപ്പെട്ടിട്ടു കൂടി ആഢ്യന്‍പാറ ഹൈഡല്‍ ടൂറിസം പദ്ധതിയോട് അധികൃതര്‍ മുഖം തിരിച്ചിരിക്കുകയാണ്.
വിവിധ ജില്ലകളിലെ ടൂറിസം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ വളരെ കാര്യക്ഷമതയോടെ ഇടപെടുന്ന ടൂറിസം വകുപ്പ് ആഢ്യന്‍പാറ ഹൈഡല്‍ ടൂറിസം പദ്ധതിയോട് മാത്രം അവഗണന തുടരുന്നത്. മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദിന്റെയും എ.പി അനില്‍കുമാറിന്റെയും സ്ഥലം എം.എല്‍.എ പി.കെ ബഷീറിന്റെയും ശ്രമഫലമായാണ് ജില്ലയിലെ ആദ്യത്തെ ഹൈഡല്‍ ടൂറിസം പദ്ധതി യാഥാര്‍ഥ്യമായത്.
തുടര്‍ന്ന് മുംബൈയില്‍ നിന്നും ബഗ്ഗി വാഹനവും സ്ഥലത്തെത്തിച്ചു. 2016 മാര്‍ച്ച് ഒന്‍പതിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് മലപ്പുറത്തിന്റെ ടൂറിസം മേഖലക്ക് ഏറെ കുതിപ്പേകുന്ന ഹൈഡല്‍ ടൂറിസം പദ്ധതിയുടെ ഉദ്ഘാടനം ആഢ്യന്‍പാറയില്‍ നിര്‍വഹിച്ചത്. ബഗ്ഗി വാഹനം കക്കയത്തേക്ക് കൊണ്ടുപോയതോടെ വിനോദസഞ്ചാരികള്‍ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ ഭാഗത്തേക്ക് എത്താതെ ആഢ്യന്‍പാറയുടെ കാഞ്ഞിരപ്പുഴ കടവ് സന്ദര്‍ശിച്ച് മടങ്ങുന്ന സ്ഥിതിയാണിപ്പോഴുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."