സാക്ഷി
വിരസമായിരുന്നു ആ ട്രെയിന്‍ യാത്ര.
യാത്രക്കാരില്‍ മിക്കവരും അവരവരുടെതായ ലോകത്ത് സഞ്ചരിക്കുന്നു. ചുറ്റുപാടുകളിലെ കാഴ്ചകളെല്ലാം തൊട്ടടുത്തുള്ളതിന് സമാനം.
പണ്ടത്തെപ്പോലെ അടുത്തിരിക്കുന്ന അപരിചിതനോട് സംസാരിക്കുന്നവര്‍ ഇന്ന് അപൂര്‍വമായിരിക്കയാണല്ലോ. ഐ.സി.യുവില്‍നിന്നു ഇറങ്ങിവരുന്നവരെ ഓര്‍മിപ്പിക്കുന്ന രൂപമാണ് പലര്‍ക്കും. ചെവിയിലും മാറിലും കേബിളുകള്‍ വച്ച് മൊബൈലില്‍ പാട്ടുകേള്‍ക്കുന്നവര്‍. മൊബൈലില്‍ സിനിമ കാണുന്ന മറ്റു ചിലര്‍.
കുട്ടികളാവട്ടെ മുതിര്‍ന്നവരെക്കാള്‍ തിരക്കിലാണ്. മൊബൈലിലാണ് അവരുടെ മനസും ശരീരവുമെല്ലാം. കളിച്ചുകൊണ്ടിരിക്കുന്ന ഗെയിമിലെ കഥാപാത്രങ്ങള്‍ക്കും സന്ദര്‍ഭങ്ങള്‍ക്കും അടുത്ത നിമിഷം എന്തു സംഭവിക്കുമെന്ന ആധി അവരുടെ മുഖങ്ങളില്‍ തിണര്‍ത്തുകിടപ്പുണ്ട്. അപൂര്‍വം ചിലരുടെ കൈകളില്‍ പുസ്തകങ്ങള്‍ കണ്ടു.
കാലത്തിന് നിരക്കാത്തതെന്ന് കുട്ടികള്‍ പറഞ്ഞേക്കാം.
ഡയറി പോലുള്ള ഒന്നില്‍ ഏതാണ്ടെന്തെല്ലാമോ കുത്തിക്കുറിക്കുന്ന യുവാവിലേക്ക് പിന്നീടാണ് നോട്ടംപതിഞ്ഞത്. തെറ്റാണെന്നറിഞ്ഞിട്ടും ആകാംക്ഷയാല്‍ ഒളികണ്ണിട്ട് അയാളെഴുതുന്നതിലേക്ക് നോക്കി. വായിക്കാനായില്ലെങ്കിലും ഒരു നീണ്ടകുറിപ്പാണതെന്ന് മനസിലായി.
സമയമെടുത്താണ് ഓരോ വരിയും അയാള്‍ എഴുതിപ്പിടിപ്പിക്കുന്നത്. യാത്രയില്‍ ഇതിനോടകം ഒരഞ്ചാറു പേജെങ്കിലും അയാള്‍ പൂര്‍ത്തീകരിച്ചിരിക്കണം.
മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ അയാളറിയാതെ കൗതുകത്തോടെ ശ്രദ്ധിച്ചു. ജുബ്ബയും മുണ്ടുമാണ് വേഷം. കണ്ണടയുണ്ട്. ഒറ്റനോട്ടത്തില്‍ ഒരു ബുദ്ധിജീവിച്ചൂര്. അയാളുടെ ശ്രദ്ധ എഴുതുന്നതില്‍ മാത്രമാണ്.
ഒരു വലിയ സ്റ്റേഷനില്‍ അല്‍പനേരം വണ്ടി നിന്നു.
മടിയിലിരുന്ന തോള്‍സഞ്ചി ഇരിപ്പിടത്തില്‍വച്ച് അയാളെഴുന്നേറ്റു. തോള്‍സഞ്ചിയുടെ മുകളില്‍ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം, അയാളുടെ കൈച്ചൂട് അപ്പോഴും അതിലുണ്ടാവണം.
എഴുതിത്തീര്‍ന്നിട്ടില്ലെന്ന മട്ടില്‍ പേജില്‍ പേനവച്ചാണ് ആള്‍ എഴുന്നേറ്റുപോയത്.
കണ്ണടയും ബുക്കിന് മീതെവച്ചിരുന്നു. ഡോറിന് സമീപത്തേക്ക് നടന്നുപോകുമ്പോള്‍ എന്നെ നോക്കി അയാളൊന്നു പുഞ്ചിരിച്ചു.
വലിയൊരു പുഴക്ക് മീതെ പണിത പാലത്തിലേക്ക് അപ്പോഴേക്കും ട്രെയിന്‍ കയറിയിരുന്നു.ഇരുമ്പ് പാളങ്ങളില്‍ ചക്രങ്ങളുരയുന്ന ശബ്ദം, ഭീതിനിറച്ചു. തെല്ലിട അയാളില്‍നിന്നു കണ്ണെടുത്ത് പുഴയിലേക്ക് നോക്കി.
കുറേ താഴ്ചയിലാണ് ഇരുണ്ടുകിടക്കുന്ന പുഴയുടെ ഒഴുക്ക്.
തൊട്ടനിമിഷം ഡോറിനരികില്‍ അയാളില്ല. ഒരു നിഴല്‍പ്പോലെ ആ മനുഷ്യന്‍ പുഴയിലേക്ക് വീഴുകയാണ്. അയ്യോ എന്നറിയാതെ വിളിച്ചുപോയി.
അയാള്‍ വീണതാണോ...?
അതോ...?
യാത്രക്കാരിലാരോ അപായച്ചങ്ങല പിടിച്ചുവലിച്ചു.
ട്രെയിന്‍ കുറേദൂരം നീങ്ങിയാണ്‌നിന്നത്. അപ്പോഴേക്കും പാലം കടന്നിരുന്നു.
ഉദ്വോഗത്തോടെ അവസാന പേജില്‍ അയാളെഴുതിയത് വായിച്ചു.
ഞാന്‍ പോകുന്നു...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."